ലണ്ടന്‍: അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ടീം ഇന്ത്യയുടെ എവേ ജേഴ്‌സി നിര്‍മാതാക്കളായ നൈക്കി ഔദ്യോഗികമായി പുറത്തുവിട്ടത്.
ഓറഞ്ചും കടുംനീല നിറവും കലര്‍ന്നതാണ് ജേഴ്‌സി. പിന്നില്‍ മുഴുവനായും ഓറഞ്ച് നിറവും മുന്‍പില്‍ കടുംനീലയുമാണ്.
എന്നാല്‍ ഇതിനിടെ ജേഴ്‌സിയുടെ ഓറഞ്ച് നിറം രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചു. ഓറഞ്ച് ജേഴ്‌സി വഴി ഇന്ത്യന്‍ കായിക മേഖലയെ കാവിവത്കരിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
സമാജ് വാദി പാര്‍ട്ടി എം.എല്‍.എ അബു അസ്മി, ജേഴ്‌സിയുടെ ഓറഞ്ച് നിറത്തിനു പിന്നില്‍ ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്ന് ആരോപിച്ചിരുന്നു.
ഇപ്പോഴിതാ ഇന്ത്യ എന്തുകൊണ്ട് ഓറഞ്ച് നിറം തിരഞ്ഞെടുത്തുവെന്ന് ഐ.സി.സി വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. വിവിധ നിറങ്ങളില്‍ നിന്ന് ഒരു നിറം തിരഞ്ഞെടുക്കാന്‍ ബി.സി.സി.ഐയോട് ഐ.സി.സി നിര്‍ദേശിച്ചിരുന്നു. ഇന്ത്യയുടെ ട്വന്റി 20 ജേഴ്‌സിയില്‍ നേരത്തെ തന്നെ ഓറഞ്ച് നിറം ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ബി.സി.സി.ഐ അത് തിരഞ്ഞെടുക്കുകയായിരുന്നു. ട്വന്റി 20 കിറ്റില്‍ ഓറഞ്ച് നിറം ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ടീം ജേഴ്‌സ് പൂര്‍ണമായും പുതിയൊരു നിറത്തിലായെന്ന തോന്നല്‍ ആരാധകര്‍ക്ക് ഉണ്ടാകുകയുമില്ല.
ഐ.സി.സി നിര്‍ദേശമനുസരിച്ചാണ് ടീമുകള്‍ ഹോം - എവേ ജേഴ്‌സികള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ട്, ഇന്ത്യ, അഫ്ഗാനിസ്താന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ നീല നിറത്തിലുള്ള ജേഴ്‌സിയാണ് ഉപയോഗിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ നീല നിറത്തിലുള്ള ജേഴ്സികളില്‍ കളിക്കുന്ന രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്ന സമയത്ത് സന്ദര്‍ശന ടീം ജേഴ്സി മാറ്റണമെന്നാണ് നിയമം. എല്ലാ ടീമുകള്‍ക്കും രണ്ട് വ്യത്യസ്ത നിറത്തിലുള്ള ജഴ്സി ഉണ്ടാവണമെന്നായിരുന്നു ഐ.സി.സി നിര്‍ദേശം.
Content Highlights: icc world cup why did bcci select orange colour for india's away jersey