ബ്രിസ്റ്റള്‍: സന്നാഹ മത്സരം ട്വന്റി-20 പോലെ കളിച്ച് വെസ്റ്റിന്‍ഡീസ് ബാറ്റ്സ്മാന്‍മാര്‍. ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ 49.2 ഓവറില്‍ വിന്‍ഡീസ് അടിച്ചുകൂട്ടിയത് 421 റണ്‍സാണ്. ഷായ് ഹോപ്പ് 86 പന്തില്‍ 101 റണ്‍സ് അടിച്ചപ്പോള്‍ ആന്ദ്രെ റസ്സലും എവിന്‍ ലൂയിസും അര്‍ദ്ധ സെഞ്ചുറി നേടി.
ഒമ്പത് ഫോറും നാല് സിക്‌സും സഹിതമായിരുന്നു ഹോപ്പിന്റെ സെഞ്ചുറി. 25 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സും സഹിതമാണ് ആന്ദ്ര റസല്‍ 54 റണ്‍സ് അടിച്ചെടുത്തത്. 54 പന്തില്‍ നിന്നായിരുന്നു എവിന്‍ ലൂയിസിന്റെ അര്‍ദ്ധ സെഞ്ചുറി.
തുടക്കത്തില്‍ തന്നെ ക്രിസ് ഗെയ്‌ലിന്റെ ഊഴമായിരുന്നു. നാല് ഫോറും മൂന്നു സിക്‌സുമടക്കം ഗെയ്ല്‍ 22 പന്തില്‍ 36 റണ്‍സ് നേടി. ബ്രാവോ 22 പന്തില്‍ 25 റണ്‍സ് അടിച്ചപ്പോള്‍ ഹെറ്റ്‌മെയര്‍ 24 പന്തില്‍ നിന്ന് 27 റണ്‍സാണ് നേടിയത്. നിക്കോളാസ് പൂറാന്‍ ഒമ്പത് റണ്‍സെടുത്ത് റണ്‍ഔട്ടായി. എന്നാല്‍ 40-ാം ഓവറിന് ശേഷം ഹോള്‍ഡറും റസലും കത്തിക്കയറുകയായിരുന്നു. ഹോള്‍ഡര്‍ 32 പന്തില്‍ 47 റണ്‍സ് കണ്ടെത്തിയപ്പോള്‍ റസല്‍ 25 പന്തില്‍ നിന്നാണ് 54 റണ്‍സ് അടിച്ചെടുത്തത്. പിന്നീട് ബ്രാത് വെയ്റ്റും ആഷ്‌ലി നേഴ്‌സും സ്‌കോറിങ് വേഗത കൂട്ടി. ബ്രാത്‌വെയ്റ്റ് 16 പന്തില്‍ നിന്ന് 24 റണ്‍സ് നേടി പുറത്തായി. ഒമ്പത് പന്തില്‍ 21 റണ്‍സോടെ നേഴ്‌സ് പുറത്താകാതെ നിന്നു.
ന്യൂസീലന്‍ഡ് ബൗളര്‍ മാറ്റ് ഹെന്‍ട്രിക്ക് ഒമ്പത് ഓവറില്‍ 107 റണ്‍സാണ് കുടുങ്ങിയത്. ഫെര്‍ഗൂസണ്‍ 10 ഓവറില്‍ 86 റണ്‍സ് വഴങ്ങി. 9.2 ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടിന്റെ പ്രകടനം മാത്രമാണ് കിവീസിന് ആശ്വസിക്കാനുണ്ടായിരുന്നത്.
Content Highlights: West Indies vs New Zealand warm up match