ടൗണ്‍ടണ്‍: ലോകകപ്പില്‍ ശനിയാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ അഫ്ഗാനിസ്താനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ന്യൂസിലാന്‍ഡ്. അഫ്ഗാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 32.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നു. ഈ ലോകകപ്പില്‍ കിവീസിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.
അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെയും 48 റണ്‍സെടുത്ത റോസ് ടെയ്‌ലറുടെയും ഇന്നിങ്‌സുകളാണ് കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 99 പന്തില്‍ നിന്ന് 79 റണ്‍സെടുത്ത വില്യംസണ്‍ പുറത്താകാതെ നിന്നു. വില്യംസണും റോസ് ടെയ്‌ലറും മൂന്നാം വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മാര്‍ട്ടില്‍ ഗുപ്റ്റില്‍ (0), കോളിന്‍ മണ്‍റോ (22) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ടോം ലാഥം 13 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ രണ്ടുതവണ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 41.1 ഓവറില്‍ 172 റണ്‍സിന് അഫ്ഗാന്‍ ഓള്‍ഔട്ടായി. 99 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത ഹഷ്മത്തുല്ല ഷാഹിദിയുടെ ഇന്നിങ്സാണ് അഫ്ഗാന്‍ സ്‌കോര്‍ 150 കടത്തിയത്. ഷാഹിദിയുടെ എട്ടാം ഏകദിന അര്‍ധ സെഞ്ചുറിയാണിത്.
ഹസ്രത്തുള്ള സസായ് (34), നൂര്‍ അലി സദ്രാന്‍ (31) എന്നിവര്‍ ചേര്‍ന്ന ഓപ്പണിങ് വിക്കറ്റില്‍ 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം അഫ്ഗാന്‍ തകരുകയായിരുന്നു. 31 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെയിംസ് നീഷാമും 37 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനും ചേര്‍ന്നാണ് അഫ്ഗാനെ തകര്‍ത്തത്.
റഹ്മത്ത് ഷാ (0), ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നയ്ബ് (4), മുഹമ്മദ് നബി (9), നജീബുള്ള സദ്രാന്‍ (4), ഇക്രം അലിഖില്‍ (2), റഷീദ് ഖാന്‍ (0), അഫ്താബ് ആലം (14), ഹമീദ് ഹസന്‍ (7*) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
Content Highlights: NewZealand Afganistan ICC ODI cricket World Cup