കിവീസിനെ പേടിപ്പിക്കുന്ന കണക്ക്; കളിച്ച ഏഴ് ലോകകപ്പ് സെമിയിൽ ആറിലും തോല്‍വി


2 min read
Read later
Print
Share

ഏഴു സെമിഫൈനലുകള്‍ പൂര്‍ത്തിയായതില്‍ ഓസ്‌ട്രേലിയ ഒന്നില്‍ പോലും തോറ്റിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കിവീസിന് അത്ര നല്ല ഓര്‍മകളല്ല

ലണ്ടന്‍: ലോകകപ്പ് സെമിയില്‍ ചൊവ്വാഴ്ച ന്യൂസീലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് അനുകൂലമായി കിവീസിന്റെ ചരിത്രം.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ - ന്യൂസീലന്‍ഡ് മത്സരം മഴ കാരണം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ചരിത്രം കിവീസിനുണ്ട്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴു ജയവും ഒരു തോല്‍വിയുമടക്കമാണ് ഇന്ത്യ സെമിയിലെത്തിയത്. ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെമിഫൈനലുകള്‍ കളിച്ച ടീമുകളാണ് ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും. ഇരുവരുടെയും എട്ടാമത്തെ ലോകകപ്പ് സെമിയാണ് ഇത്തവണത്തേത്.

ഏഴു സെമിഫൈനലുകള്‍ പൂര്‍ത്തിയായതില്‍ ഓസ്‌ട്രേലിയ ഒന്നില്‍ പോലും തോറ്റിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കിവീസിന് അത്ര നല്ല ഓര്‍മകളല്ല. ഏഴു സെമി കളിച്ചതില്‍ ഒന്നില്‍ മാത്രമാണ് കിവീസിന് വിജയിക്കാനായത്. 2015 ലോകകപ്പില്‍ മാത്രമാണ് കിവീസിന് ഫൈനലിലേക്ക് മുന്നേറാനായത്. കലാശപ്പോരാട്ടത്തില്‍ ഓസീസിനോട് തോല്‍ക്കുകയും ചെയ്തു.

ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യയും ന്യൂസീലന്‍ഡും സെമിയില്‍ ഏറ്റുമുട്ടുന്നത്.

1975 ലോകകപ്പ് സെമിയില്‍ വെസ്റ്റിന്‍ഡീസിനോട് അഞ്ചു വിക്കറ്റിനായിരുന്നു കിവീസിന്റെ തോല്‍വി.

1979-ല്‍ ഇംഗ്ലണ്ടാണ് കിവീസിന്റെ വഴിയടച്ചത്. ഒമ്പത് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

1992 ലോകകപ്പ് സെമിയില്‍ കിവീസിനെ നാലു വിക്കറ്റിന് തോല്‍പ്പിച്ച് ഫൈനലിലെത്തിയ പാകിസ്താന്‍ കിരീടവുമായാണ് മടങ്ങിയത്.

1999-ല്‍ വീണ്ടും പാകിസ്താന്‍ തന്നെ കിവീസിന്റെ വഴിയടച്ചു. ഇത്തവണ ഒമ്പതു വിക്കറ്റിനായിരുന്നു തോല്‍വി.

2007 ലോകകപ്പ് സെമിയില്‍ കിവീസിനെ തോല്‍പ്പിച്ചത് ശ്രീലങ്കയായിരുന്നു. 81 റണ്‍സിനായിരുന്നു തോല്‍വി.

2011-ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ വീണ്ടും ശ്രീലങ്ക തന്നെ കിവീസിന് പുറത്തേക്കുള്ള വഴി കാണിച്ചു. അഞ്ചു വിക്കറ്റിനായിരുന്നു ലങ്കയുടെ വിജയം.

നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് 2015-ല്‍ ഒടുവില്‍ ആദ്യമായി കിവീസ് ലോകകപ്പ് ഫൈനലില്‍ കടന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മഴ കളിച്ച മത്സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാലു വിക്കറ്റിനായിരുന്നു കിവീസിന്റെ വിജയം. ബ്രണ്ടന്‍ മക്കല്ലത്തിന്റെ വെടിക്കെട്ടും ഗ്രാന്റ് ഏലിയറ്റിന്റെ ബാറ്റിങ് മികവുമാണ് കിവീസിനെ തുണച്ചത്.

Content Highlights: New Zealand have won just 1 out of 7 World Cup semi-finals

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram