ട്രെന്റ് ബ്രിഡ്ജ്: ട്രെന്റ് ബ്രിഡ്ജില്‍ വീശിയടിച്ച കരീബിയന്‍ കാറ്റില്‍ തകര്‍ന്നടിഞ്ഞ് പാകിസ്താന്‍. പാകിസ്താനെ ചുരുട്ടിക്കൂട്ടി വെസ്റ്റിന്‍ഡീസ് ഈ ലോകകപ്പിലെ ആദ്യ ജയം ആഘോഷിച്ചു. പാകിസ്താന്‍ ഉയര്‍ത്തിയ 105 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 218 പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. വിൻഡീസിനുവേണ്ടി ക്രിസ് ഗെയ്ല്‍ 34 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. നിക്കോളാസ് പൂരന്‍ 34 റണ്‍സ് നേടി. തകര്‍പ്പന്‍ പ്രകടനത്തോടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഒഷെയ്ൻ തോമസാണ് കളിയിലെ കേമന്‍. പാകിസ്താനായി ആറ് ഓവറില്‍ 26 റണ്‍സ് വഴങ്ങി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ ചെറുത്തുനില്‍ക്കാന്‍ പോലുമാകാതെ ബറ്റ്സ്മാന്മാര്‍ ഒന്നിന് പുറകെ ഒന്നായി കൂടാരം കയറിയപ്പോള്‍ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ ചെറിയ സ്‌കോറിന് പാകിസ്താന്‍ പുറത്തായിരുന്നു. 21.4 ഓവറില്‍ 105 റണ്‍സ് എടുക്കാനെ പാകിസ്താന് സാധിച്ചുള്ളു. 1992 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 72 റണ്‍സാണ് പാകിസ്താന്റെ ഏറ്റവും കുറഞ്ഞ ലോകകപ്പ് സ്‌കോര്‍.
വിന്‍ഡീസിന്റെ ഷോട്ട് ബോളുകളെ പ്രതിരോധിക്കാനാകാതെ പതറിയ പാകിസ്താന്‍ ബാറ്റ്സ്മാന്‍മാരെയാണ് ട്രെന്റ് ബ്രിഡ്ജില്‍ കണ്ടത്. 22 റണ്‍സ് വീതം നേടിയ ഫഖര്‍ സമാന്‍, ബാബര്‍ അസം എന്നിവരാണ് പാക് നിരയില്‍ ടോപ് സ്‌കോറര്‍മാര്‍. സമാന്‍ 16 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതവും അസം 33 പന്തില്‍ രണ്ടു ബൗണ്ടറി സഹിതവുമാണ് 22 റണ്‍സ് നേടിയത്. ഇവരടക്കം നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. മുഹമ്മദ് ഹഫീഫ് 24 പന്തില്‍ 14 രണ്‍സും വഹാബ് റിയാസ് 11 പന്തില്‍ 18 റണ്‍സും നേടി.
ഇമാം ഉള്‍ ഹഖ് (11 പന്തില്‍ രണ്ട്), ഹാരിസ് സൊഹൈല്‍ (11 പന്തില്‍ എട്ട്), സര്‍ഫറാസ് അഹമ്മദ് (12 പന്തില്‍ എട്ട്), ഇമാദ് വസിം (മൂന്നു പന്തില്‍ ഒന്ന്), ഷതാബ് ഖാന്‍ (പൂജ്യം), ഹസന്‍ അലി (ഒന്ന്) എന്നിവര്‍ തീര്‍ത്തും നിറംമങ്ങി.
വിൻഡീസിനുവേണ്ടി 5.4 അഞ്ച് ഓവറില്‍ 27 റൺസ് വഴങ്ങി ഒഷെയ്ൻ തോമസ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജേസണ്‍ ഹോല്‍ഡറും രണ്ടു വിക്കറ്റ് വീഴ്ത്തിയ ആന്ദ്രെ റസലും ഒരു വിക്കറ്റ് സ്വന്തമാക്കിയ ഷെല്‍ഡന്‍ കോട്രലും ചേര്‍ന്നതോടെ പാകിസ്താന്റെ പോരാട്ടം 105ല്‍ അവസാനിച്ചു. നേരത്തെ, ടോസ് നേടിയ വിൻഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
തത്സമയ ബ്ലോഗ് താഴെ....
Content Highlights: ICC World Cup 2019 west indies vs pakistan