ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ക്രിക്കറ്റിൽ ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുടെ വീഡിയോ ചര്‍ച്ചയാകുന്നു. വാര്‍ണര്‍ ദേഷ്യത്തോടെ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.
സ്മിത്തിനോടാണ് വാര്‍ണര്‍ സംസാരിക്കുന്നത്. ഇതിനിടയില്‍ റിക്കി പോണ്ടിങ് ഇരുവര്‍ക്കുമിടയിലൂടെ നടന്നുപോകുന്നതു കാണാം. പിന്നീട് ഗ്രൗണ്ടിലേക്ക് ചൂണ്ടിയാണ് ഓസീസ് ഓപ്പണര്‍ പരാതി പറയുന്നത്. അവസാനം ഇരുവരോടും താരം ചിരിക്കുന്നുമുണ്ട്.
ഓസീസ് ഇന്നിങ്‌സിന്റെ 33-ാം ഓവറിന് മുമ്പാണ് ഈ സംഭവം നടക്കുന്നത്. ആ സമയത്ത് ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എന്ന നിലയിലായിരുന്നു. അടുത്ത ഓവറിലെ രണ്ടാം പന്തില്‍ ഉസ്മാന്‍ ഖവാജ പുറത്താകുകയും ചെയ്തു.
ഇംഗ്ലണ്ടിനെതിരേ 61 പന്തില്‍ 53 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ഇതോടെ ഈ ലോകകപ്പില്‍ വാര്‍ണറുടെ അക്കൗണ്ടില്‍ 500 റണ്‍സായി. നിലവില്‍ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വാര്‍ണര്‍. ഇംഗ്ലണ്ടിനെതിരായ അര്‍ധ സെഞ്ചുറിയിലൂടെ വാര്‍ണര്‍ ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസ്സനെ മറികടന്നു.
Content Highlights: Did David Warner Have a Heated Argument With Teammate From Lord’s Balcony