ലണ്ടന്‍: ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പുതിയ റെക്കോഡിട്ട് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. ലോകകപ്പില്‍ ഒന്നിലധികം തവണ 150-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോഡാണ് ഓസീസ് ഓപ്പണര്‍ സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 147 പന്തില്‍ 166 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്.
2015 ലോകകപ്പില്‍ പെര്‍ത്തില്‍ അഫ്ഗാനിസ്താനെതിരെ ആയിരുന്നു വാര്‍ണര്‍ ഇതിന് മുമ്പ് 150-ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയത്. അന്ന് 164 പന്തില്‍ 178 റണ്‍സാണ് താരം നേടിയത്. ഇതോടെ ഏകദിന കരിയറില്‍ വാര്‍ണറുടെ അക്കൗണ്ടില്‍ 16 സെഞ്ചുറികളായി.
വാര്‍ണറും വിരാട് കോലിയും 110 ഇന്നിങ്‌സുകളില്‍ നിന്നാണ് 16 സെഞ്ചുറി നേടിയത്. ഏറ്റവും വേഗത്തില്‍ ഇത്രയും സെഞ്ചുറി പൂര്‍ത്തിയാക്കിയതില്‍ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല മാത്രമാണ് ഇരുവര്‍ക്കും മുന്നിലുള്ളത്. 94 ഇന്നിങ്‌സില്‍ നിന്നായിരുന്നു അംല 16 സെഞ്ചുറി നേടിയത്.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വാര്‍ണര്‍ക്ക് ഇരട്ട സെഞ്ചുറി നേടാനുള്ള അവസരമുണ്ടായിരുന്നു. 166 റണ്‍സിലെത്തി നില്‍ക്കെ ഓസീസ് ഇന്നിങ്‌സില്‍ അഞ്ച് ഓവര്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍ വാര്‍ണര്‍ ഔട്ടായി. ക്രിസ് ഗെയ്‌ലും മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ് ഏകദിന ലോകകപ്പില്‍ ഇരട്ട സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്‌സ്മാന്‍മാര്‍. 2015-ലെ ലോകകപ്പിലായിരുന്നു ഇത്.
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട വാര്‍ണറുടെ തിരിച്ചുവരവായിരുന്നു ഇത്. ഐ.പി.എല്ലിലൂടെ തിരിച്ചെത്തിയത താരം 12 മത്സരങ്ങളില്‍ 692 റണ്‍സ് നേടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി. പിന്നാലെ ലോകകപ്പിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
Content Highlights: David Warner creates World Cup history