1992-ലാണ് ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത്. ക്രിക്കറ്റ് ലോകകപ്പുകളുടെ ചരിത്രമെടുക്കുകയാണെങ്കില്‍ നിര്‍ഭാഗ്യം ഇത്രയധികം പിന്തുടര്‍ന്ന മറ്റൊരു ടീമില്ല എന്നു തന്നെ പറയാം. എക്കാലത്തും ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തിയിരുന്നത് മികച്ച നിരയുമായിട്ടാണ്. കിരീടസാധ്യതയിലും അവര്‍ മുന്‍പന്തിയിലുണ്ടാകും. അവസാനും നിര്‍ഭാഗ്യം കൊണ്ട് പുറത്താകുകയും ചെയ്യും. 1992-ലെ ലോകകപ്പില്‍ മഴയാണ് അവര്‍ക്ക് വില്ലനായത്. 1996-ല്‍ ബ്രയന്‍ ലാറയിലൂടെ വിന്‍ഡീസ് അവര്‍ക്ക് വിലങ്ങിട്ടു.
എന്നാല്‍ ഇക്കൂട്ടത്തില്‍ ഏറെ പ്രസിദ്ധമായത് 1999 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ പുറത്താകലായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ ജയിക്കാമായിരുന്ന മത്സരം നിര്‍ഭാഗ്യം കൊണ്ട് കൈവിട്ടുപോകുന്നത് കണ്ടുനില്‍ക്കാനേ പ്രോട്ടീസിനായുള്ളൂ. 1999 ലോകകപ്പ് സെമിയില്‍ അവസാന വിക്കറ്റ് കൈയില്‍ നില്‍ക്കെ വിജയത്തിലേക്ക് ലാന്‍സ് ക്ലൂസ്‌നര്‍ അടിച്ച പന്ത് കാണാതിരുന്ന അലന്‍ ഡൊണാള്‍ഡ്, ഒരു പക്ഷേ അന്ന് നഷ്ടപ്പെടുത്തിയത് ലോകകപ്പ് തന്നെയായിരുന്നിരിക്കണം. ഡൊണാള്‍ഡ് റണ്ണൗട്ടാകുന്നത് ഒന്ന് നോക്കാന്‍പോലും നില്‍ക്കാതെ പവലിയനിലേക്ക് നടന്ന ക്ലൂസ്‌നര്‍ എന്ന ഒറ്റയാള്‍ പോരാളി അന്ന് ക്രിക്കറ്റ് ലോകത്തെ ഒന്നാകെയാണ് കണ്ണീരിലാഴ്ത്തിയത്.
എന്നാല്‍ സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ ഓസീസിനോടേറ്റ തോല്‍വിയാണ് ദക്ഷിണാഫ്രിക്കയുടെ വിധി നിര്‍ണയിച്ചത്. അന്ന് ഹീറോ പരിവേഷവും വില്ലന്‍ പരിവേഷവും ഒരേ താരത്തിനായിരുന്നു. ഹെര്‍ഷല്‍ ഗിബ്‌സെന്ന 25-കാരന്.
സെമിയിലെത്താന്‍ ആ മത്സരത്തില്‍ ഓസീസിന് വിജയം അനിവാര്യമായിരുന്നു. ടോസ് നേടിയ ഹാന്‍സി ക്രോണ്യ ബാറ്റിങ് തിരഞ്ഞെടുത്തു. മഗ്രാത്തിനും ഫ്‌ളെമിങ്ങിനും വോണിനും മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്‌നിര പതറിയപ്പോള്‍ പിടിച്ചു നിന്നത് ഗിബ്‌സായിരുന്നു. 134 പന്തുകളില്‍ നിന്ന് 101 റണ്‍സെടുത്ത ഗിബ്‌സിന്റെ മികവില്‍ അവര്‍ 271 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തി. പക്ഷേ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ അവരുടെ ഹീറോയായിരുന്ന ഗിബ്‌സിന് വില്ലന്‍ പരിവേഷം ചാര്‍ത്തിക്കിട്ടാന്‍ അധിക സമയം വേണ്ടിവന്നില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് മൂന്നു വിക്കറ്റിന് 48 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലായിരുന്നു. പക്ഷേ റിക്കി പോണ്ടിങ്ങിനെ കൂട്ടുപിടിച്ച ക്യാപ്റ്റന്‍ സ്റ്റീവ് വോ ഓസീസിനെ മുന്നോട്ടു നയിച്ചു. ബൗണ്ടറികളിലൂടെ വോ ആവശ്യമായ റണ്‍റേറ്റ് കുറച്ചുകൊണ്ടിരുന്നു. തങ്ങള്‍ക്കും വിജയത്തിനുമിടയ്ക്ക് വിലങ്ങുതടിയായിരിക്കുന്നത് വോ ആണെന്ന് മനസിലാക്കിയ പ്രോട്ടീസ് എങ്ങനെയും അദ്ദേഹത്തെ പുറത്താക്കാനുള്ള ശ്രമത്തിലായിരുന്നു.
അതിനിടയിലാണ് ക്രിക്കറ്റ് ലോകം ഇന്നും മറക്കാത്ത ആ ക്യാച്ചല്ലാത്ത ക്യാച്ചിന്റെ പിറവി. ക്ലൂസ്‌നര്‍ എറിഞ്ഞ 31-ാം ഓവറിന്റെ അവസാന പന്തില്‍ വോയുടെ ടൈമിങ് പിഴയ്ക്കുന്നു. ഫ്‌ളിക്ക് ചെയ്ത പന്ത് മിഡ് വിക്കറ്റ് ഏരിയയിലേക്ക്. ജോണ്‍ഡി റോഡ്‌സിനു ശേഷം ദക്ഷിണാഫ്രിക്ക കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ ഗിബ്‌സായിരുന്നു ആ ഭാഗത്തുണ്ടായിരുന്നത്. ഗിബ്‌സിനു നേരെ പന്ത് പോകുന്നതു കണ്ട ദക്ഷിണാഫ്രിക്കന്‍ ടീമും ആരാധകരും ആഘോഷം തുടങ്ങിയിരുന്നു. കാരണം മികച്ച ഫീല്‍ഡറായ അദ്ദേഹത്തിന്റെ കൈകളെ അവര്‍ക്ക് അത്ര വിശ്വാസമായിരുന്നു. അതേ ആവേശവും വിശ്വാസവും ഗിബ്‌സിനുമുണ്ടായിരുന്നു. എന്നാല്‍ അതല്‍പ്പം കടന്നുപോയി. പന്ത് കൈപ്പിടിയിലായ ഉടന്‍ ഗിബ്‌സ് ആ പന്ത് വായുവിലേക്ക് എറിയാന്‍ ശ്രമിച്ചു. അവിടെയായിരുന്നു സെക്കന്‍ഡില്‍ ഒരംശത്തിന്റെ വില ഗിബ്‌സും ദക്ഷിണാഫ്രിക്കന്‍ ടീമും അറിഞ്ഞത്. 1984 ലോസാഞ്ചലസ് ഒളിമ്പിക്‌സില്‍ മലയാളി താരം പി.ടി ഉഷയ്ക്ക് മെഡല്‍ നഷ്ടമായ അതേ സെക്കന്‍ഡില്‍ ഒരംശം. പന്ത് ഗിബ്‌സിന്റെ കൈയില്‍ നിന്ന് വഴുതി നിലത്തുവീണു. തിരിഞ്ഞു നടക്കാനൊരുങ്ങിയ വോ പോലും ഞെട്ടി. ക്രോണ്യെ അടക്കം ടീം അംഗങ്ങള്‍ അമ്പയറോട് വിക്കറ്റിനായി വാദിച്ചു നോക്കിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.
ആകെ പതറിപ്പോയ ആ 25-കാരന്‍ കൂളിങ് ഗ്ലാസ് കൊണ്ട് ജാള്യത മറച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 'നിങ്ങള്‍ നിലത്തിട്ടത് ലോകകപ്പാണ്', ആ ക്യാച്ച് നഷ്ടമായ ശേഷം വോ, ഗിബ്‌സിന്റെ അടുത്ത് വന്ന് പറഞ്ഞുവെന്ന് ക്രിക്കറ്റ് ലോകം പാടിനടന്ന കാര്യം. പില്‍ക്കാലത്ത് വോ തന്നെ അക്കാര്യം നിഷേധിച്ചിട്ടും ഇന്നും ആളുകള്‍ അത് വിശ്വസിക്കുന്നു.
ഗിബ്‌സ് കൈവിട്ട വോ 110 പന്തുകളില്‍ നിന്ന് 120 റണ്‍സെടുത്ത് ഓസീസിനെ വിജയത്തിലെത്തിച്ചു. ഗിബ്‌സ് ആ ക്യാച്ച് നഷ്ടമാക്കുന്ന സമയത്ത് ജയിക്കാന്‍ 114 പന്തില്‍ നിന്ന് 120 റണ്‍സ് വേണമെന്ന അവസ്ഥയിലായിരുന്നു ഓസീസ് എന്നറിയുമ്പോഴാണ് ആ ക്യാച്ച് എത്ര വിലപ്പെട്ടതായിരുന്നുവെന്ന് മനസിലാകുന്നത്.
പിന്നീട് സെമിയില്‍ ദക്ഷിണാഫ്രിക്ക - ഓസ്‌ട്രേലിയ മത്സരം ടൈ ആയതോടെ സൂപ്പര്‍ സിക്‌സില്‍ നേടിയ വിജയത്തിന്റെ ആനുകൂല്യത്തില്‍ ഓസീസ് ഫൈനലിലേക്ക് മുന്നേറി. പാകിസ്താനെ തോല്‍പ്പിച്ച് കിരീടവുമണിഞ്ഞു.
പിന്നീട് പലപ്പോഴും മികച്ച ഇന്നിങ്‌സുകളിലൂടെ ഗിബ്‌സ് ദക്ഷിണാഫ്രിക്കയെ വിജയങ്ങളിലേക്ക് നയിച്ചെങ്കിലും അദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നത് ക്യാച്ചല്ലാത്ത ക്യാച്ചിലൂടെയാണ്.
Content Highlights: world cup moments when herschelle gibbs dropped steve waugh and the trophy