വിന്‍ഡീസിനെ ഒഴിച്ചുനിര്‍ത്തി ക്രിക്കറ്റിന് ഒരു ചരിത്രമില്ല. ആദ്യത്തെ രണ്ട് ഏകദിന ലോകകപ്പുകളില്‍ ചാമ്പ്യന്മാര്. മൂന്നാം ലോകകപ്പില്‍ റണ്ണേഴ്സപ്പ്. എന്നാല്‍, ആ പ്രതാപത്തിന്റെ നിഴലില്‍മാത്രമാണ് ഇപ്പോഴത്തെ വിന്‍ഡീസ് ടീം. പ്രതിഭകള്‍ ഒരുപാട് വളരുന്നുണ്ടെങ്കിലും ആഭ്യന്തരപ്രശ്നങ്ങളും മറ്റും ടീമിനെ തകര്‍ത്തു. എല്ലാ ലോകകപ്പുകളിലും കളിച്ചിട്ടുണ്ടെങ്കിലും ഇത്തവണ യോഗ്യതാ റൗണ്ട് വഴിയാണ് വിന്‍ഡീസ് ടൂര്‍ണമെന്റിനെത്തുന്നത്.
ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു വിന്‍ഡീസിന്റെ തകര്‍ച്ചയുടെ പ്രധാന കാരണം. ഈ പ്രശ്നങ്ങളൊക്കെ ഒരുപരിധിവരെ പരിഹാരം കണ്ടു. ജേസണ്‍ ഹോള്‍ഡറെന്ന നായകനുകീഴില്‍ പുതിയ ടീം ഉയര്‍ന്നുവന്നു. ലോകകപ്പിന് മുമ്പ് ക്രിസ് ഗെയ്ൽ അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ടീമിലെത്തിയത് വിന്‍ഡീസിന് ആശ്വാസം പകരുന്നു. ഈയിടെ സമാപിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിന്‍ഡീസ് താരങ്ങള്‍ മികച്ച ഫോമിലായിരുന്നു. ലോകകപ്പില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഏറെ പിറകിലാണെങ്കിലും ടൂര്‍ണമെന്റില്‍ വിന്‍ഡീസ് താരങ്ങള്‍ വെടിക്കെട്ടിന്റെ വിരുന്നൊരുക്കുമെന്ന് ഉറപ്പ്.
ടീം: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രിസ് ഗെയ്ല്, ആന്ദ്രേ റസല്‍, ഷെല്‍ഡന്‍ കോട്രല്സ, ഷാനോന്‍ ഗബ്രിയല്, കെമാര്‍ റോച്ച്, നിക്കോളാസ് പൂരാന്, ആഷ്ലി നഴ്സ്, ഫാബിയന്‍ അലന്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ഷായി ഹോപ്പ്, ഒഷാനെ തോമസ്, കാര്‍ലോസ് ബ്രാത്വെയ്റ്റ്, ഡാരെന്‍ ബ്രാവോ, എവിന്‍ ലൂയിസ്.
ബാറ്റിങ്
ക്രിസ് ഗെയ്ലും എവിന്‍ ലൂയിസുമായിരിക്കും ടീമിന്റെ ഓപ്പണര്‍മാര്‍. 39-കാരനായ ഗെയ്ല് കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് മുന്നേറുന്നത്. ഇംഗ്ലണ്ടിനെതിരേ നടന്ന പരമ്പരയില്‍ ഫോം കണ്ടെത്തിയ വെറ്ററന്‍ താരം ഐ.പി.എല്ലിലും അതേ ഫോം തുടര്‍ന്നു. ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരവും ഗെയ്ലാണ്. സ്ഥിരതയോടെയുള്ള പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനാണ് ലൂയിസ്. ഇവര്‍ക്കൊപ്പം ഷായി ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡാരെന്‍ ബ്രാവോ, നിക്കോളസ് പൂരാന് എന്നിവരും നങ്കൂരമിടാന്‍ മികവുള്ളവരാണ്.
ബൗളിങ്
കെമാര്‍ റോച്ച്, ഷാനോന്‍ ഗബ്രിയല് എന്നിവരാണ് വിന്‍ഡീസ് ബൗളിങ് നിരയുടെ കരുത്ത്. കൂടുതല്‍ പേസില്‍ പന്തെറിയാനുള്ള ഇരുവരുടെയും കഴിവ് ഇംഗ്ലണ്ടില്‍ ഗുണകരമാവും. ഇവരുടെ പരിചയസമ്പത്തിനൊപ്പം ഒഷാനെ തോമസിന്റെയും ഷെല്‍ഡന്‍ കോട്രലിന്റെയും യുവത്വവും ടീമിന് ഗുണകരമാവും. 145 കിലോമീറ്റര്‍ വേഗത്തില്‍ സ്ഥിരതയോടെ പന്തെറിയുന്ന ബൗളറാണ് തോമസ്.
ആഷ്ലി നഴ്സും ഫാബിയന്‍ അലനുമാണ് ടീമിലെ സ്പിന്നര്‍മാര്‍. നഴ്സിന് 45 മത്സരങ്ങളുടെ അനുഭവസമ്പത്തുണ്ട്. അതേസമയം നാലു ഏകദിനങ്ങളില്‍ മാത്രമാണ് അലന് കളിച്ചത്. വിക്കറ്റൊന്നും കിട്ടിയതുമില്ല.
കരുത്ത്
വെടിക്കെട്ട് ബാറ്റിങ്ങിന് കെല്‍പ്പുള്ള അര ഡസനോളം ബാറ്റ്സ്മാന്മാരുടെ സാന്നിധ്യമാണ് വീന്‍ഡീസ് ടീമിന്റെ കരുത്ത്. തുടക്കത്തില്‍ ഗെയ്ല് ആണെങ്കില്‍ അവസാനം റസലായിരിക്കും ബാറ്റിങ് വിരുന്നൊരുക്കുക. ഇതിനുപുറമേ ബ്രാത്വെയ്റ്റ്, ഹോള്‍ഡര്‍, പൂരാന് എന്നിവരും വെടിക്കെട്ട് ബാറ്റിങ്ങിന് ശേഷിയുള്ളവരാണ്.
Content Highlights: west indies for icc world cup with power hiters