ലോകകപ്പ് ക്രിക്കറ്റില്‍ കളിച്ച അഞ്ചു മത്സരങ്ങളില്‍ ഇന്ത്യ ആകെ സ്‌കോര്‍ ചെയ്തത് 1410 റണ്‍സ്. ഇതില്‍ 914 റണ്‍സ് ഓപ്പണര്‍മാരും വണ്‍ഡൗണ്‍ ബാറ്റ്സ്മാനും (ലോകേഷ് രാഹുല്‍ അടക്കം) ചേര്‍ന്നാണ് അടിച്ചത്. മൂന്നില്‍ രണ്ട് റണ്‍സോളം ആദ്യ മൂന്നു ബാറ്റ്സ്മാന്‍മാര്‍ ചേര്‍ന്ന് സ്‌കോര്‍ ചെയ്തു എന്നര്‍ഥം.
ആദ്യ മൂന്നു ബാറ്റ്സ്മാന്‍മാര്‍ മൂന്നു സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറിയും നേടിയപ്പോള്‍ കോലിക്കുശേഷം ഇറങ്ങിയ ബാറ്റ്സ്മാന്‍മാര്‍ നേടിയത് രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രം. ടോപ് ഓര്‍ഡറിനെ ഇത്രയധികം ആശ്രയിക്കുന്ന ടീം ഇന്ത്യയുടെ മുന്‍നിരയില്‍നിന്ന് ശിഖര്‍ ധവാന്‍ പോയപ്പോള്‍ അത് ഇന്ത്യയുടെ ബാറ്റിങ് സന്തുലനത്തെ ബാധിച്ചതില്‍ അദ്ഭുതമില്ല. നേരത്തേ നാലാം നമ്പറില്‍ ഇറങ്ങിയിരുന്ന ലോകേഷ് ഓപ്പണറായി എത്തിയതോടെ മധ്യനിരയുടെയും വാലറ്റത്തിന്റെയും കളിരീതി മാറേണ്ടിവന്നു.
ശങ്കരന്‍ തെങ്ങില്‍ത്തന്നെ
ലോകേഷിനു പകരം നാലാമനായിറങ്ങിയ വിജയ് ശങ്കറിന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍ ഇങ്ങനെ: 15 നോട്ടൗട്ട് (ആറാമനായി), 29, 14. മൂന്നുതവണയും വിജയ് ശരാശരിക്ക് മുകളിലെത്തിയില്ല. ഔള്‍റൗണ്ടറും മികച്ച ഫീല്‍ഡറും എന്ന അര്‍ഥത്തില്‍ 'ത്രീ ഡയമന്‍ഷണല്‍ പ്ലെയര്‍' എന്ന വിശേഷണത്തോടെയാണ് വിജയിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയിനെ ബൗള്‍ ചെയ്യിച്ചില്ല. വെസ്റ്റിന്‍ഡീസിനെതിരേ പാര്‍ട് ടൈം ബൗളറായി കേദാര്‍ ജാദവിനെ ഉപയോഗിച്ചിരുന്നു എന്നോര്‍ക്കണം.
ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍/മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മികച്ച ഫോമിലുള്ളതിനാല്‍ വിജയിന്റെ സേവനം വേണ്ടിവരുന്നില്ല. ഈ സാഹചര്യത്തില്‍ വിജയിന്റെ സ്ഥാനം ചോദ്യംചെയ്യപ്പെടും.
പന്തെത്തുമോ?
വിജയ് ശങ്കറിനു പകരം ഒരു സാധ്യത പരീക്ഷിക്കുന്നുണ്ടെങ്കില്‍ ഡല്‍ഹിക്കാരനായ യുവ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനാകും മുന്‍തൂക്കം. ദിനേഷ് കാര്‍ത്തിക്കും പരിഗണനയിലുണ്ടാകും. സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പട്ടികയിലുണ്ടെങ്കിലും ഇലവനിലുള്ള രണ്ടു സ്പിന്നര്‍മാരുടെ (കുല്‍ദീപ്, ചാഹല്‍) ഉജ്ജ്വലഫോമും പാര്‍ട് ടൈം സ്പിന്നറായ കേദാറിന്റെ സാന്നിധ്യവും ജഡേജയുടെ സാധ്യതകളെ ബാധിക്കും. ഭുവനേശ്വര്‍ കുമാര്‍ സുഖം പ്രാപിച്ച് തിരിച്ചെത്തിയാല്‍ ഇനിയെന്ത് എന്ന ചോദ്യവുമുണ്ട്.
കേദാറിന്റെ കയറ്റം
വ്യാഴാഴ്ച വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ധോനിക്ക് പകരം കേദാറിനെ അഞ്ചാമനായി ഇറക്കിയിരുന്നു. ഈ ലോകകപ്പില്‍ ആദ്യമായി ആറാമനായ എം.എസ്. ധോനി മികച്ച ഇന്നിങ്സോടെ തന്റെ റോള്‍ ഭംഗിയാക്കി. അതേസമയം, അഞ്ചാം നമ്പറില്‍ കേദാര്‍ മങ്ങി (7 റണ്‍സ്).
കോലിയുടെ ഇഷ്ടം
കോലി കൂടുതല്‍ ഉപയോഗിക്കുന്ന വാക്കുകളിലൊന്ന് 'പോസിറ്റീവ്' ആണ്. ഞങ്ങള്‍ മികച്ച ടീമാണെന്നും ഈ ഫോമില്‍ ആരെയും തോല്‍പ്പിക്കാനാകുമെന്നും കോലി ആവര്‍ത്തിച്ച് പറയാറുണ്ട്. കോലിയുടെ കളിയും നയവുമെല്ലാം പോസിറ്റീവാണ്. അതുകൊണ്ടുതന്നെ തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരിക്കുന്ന ടീമിനെ നിലനിര്‍ത്താനാകും കോലിയുടെ താത്പര്യം. പരീക്ഷണാടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്താം. പക്ഷേ, ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരം ജയിച്ച് സെമിഫൈനലിലെത്തിയശേഷം മതി മാറ്റങ്ങള്‍ എന്ന് തീരുമാനിക്കാനും സാധ്യതയുണ്ട്.
ബൗളര്‍മാരുടെ കളി
അഞ്ചു കളിയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 45 വിക്കറ്റുകള്‍ വീഴ്ത്തി. ഓസ്ട്രേലിയ, അഫ്ഗാനിസ്താന്‍, വെസ്റ്റിന്‍ഡീസ് ടീമുകളെ ഓളൗട്ട് ആക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ 9 വിക്കറ്റെടുത്തു. മഴമൂലം 40 ഓവര്‍ മാത്രം കളിച്ച പാകിസ്താനെതിരേ മാത്രമാണ് ആറുവിക്കറ്റെടുത്തത്. ഓസ്ട്രേലിയയ്ക്കും പാകിസ്താനുമെതിരേ ഇന്ത്യ 300 റണ്‍സ് കടന്നെങ്കിലും മറ്റ് മൂന്ന് കളികളില്‍ (ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താന്‍, വെസ്റ്റിന്‍ഡീസ്) ജയം ഉറപ്പാക്കിയത് ബൗളര്‍മാരാണ്. പലപ്പോഴും ബാറ്റിങ്ങിലെ വിള്ളലുകളെ ബൗളര്‍മാര്‍ മനോഹരമായി വലിച്ചടയ്ക്കുന്നു.
Content Highlights: team india performance ICC World Cup 2019