മിനിമം ഗാരന്റിയുള്ള ഉപകരണം പോലെയാണ് ലോകകപ്പില്‍ ന്യൂസീലന്‍ഡ്. അട്ടിമറികളിലൊന്നും വീഴില്ല. എന്നാല്‍, വന്‍ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യില്ല. എല്ലാ ലോകകപ്പിലും കളിച്ചിട്ടും 2015-ല്‍ സ്വന്തം നാട്ടിലും ഓസ്ട്രേലിയയിലുമായി നടന്ന ലോകകപ്പില്‍ ഫൈനലിലെത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. ഇത്തവണയെങ്കിലും ഭാഗ്യം തെളിയണമെന്ന പ്രാര്‍ഥനയോടെയാണ് കിവികള്‍ ഇംഗ്ലീഷ് പരീക്ഷയ്‌ക്കെത്തുന്നത്.
കഴിഞ്ഞവര്‍ഷം ലോകകപ്പില്‍ കിരീടംനേടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടവരില്‍ മുന്‍നിരയിലായിരുന്നു കിവീസിന്റെ സ്ഥാനം. നാലുവര്‍ഷംകഴിഞ്ഞ് ലോകകപ്പ് ഇംഗ്ലണ്ടിലും വെയ്ല്‍സിലുമെത്തുമ്പോള്‍ കറുത്ത തൊപ്പിക്കാര്‍ ഇത്തവണ ഫേവറിറ്റുകളല്ല. എന്നാല്‍, ന്യൂസീലന്‍ഡിനെ എഴുതിത്തള്ളാന്‍ ആരും തയ്യാറുമല്ല.
കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീം യുവത്വവും പരിചയസമ്പത്തും അടങ്ങുന്നതാണ്. ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കേണ്ട അവസാനതീയതിയുടെ 20 ദിവസം മുമ്പേ ന്യൂസീലന്‍ഡ് ടീമിനെ തിരഞ്ഞെടുത്തിരുന്നു. ഐ.സി.സി. റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് അവരിപ്പോള്‍. എന്നാല്‍, ഈ വര്‍ഷം തുടക്കത്തില്‍ ഇന്ത്യയോട് സ്വന്തം നാട്ടില്‍ ഏകദിനപരമ്പര അടിയറവ് പറഞ്ഞു. അതിനുശേഷം ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ജയിച്ച് ഫോമിലേക്കുയര്‍ന്നു.
നേട്ടം: 2015 റണ്ണറപ്പ്. ഏഴ് ലോകകപ്പുകളില്‍ സെമിയിലെത്തി.
ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലണ്ടല്‍, കോളിന്‍ ഡി ഗ്രാന്തോം, ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്, മാര്‍ട്ടിന്‍ ഗപ്ടില്‍, മാറ്റ് ഹെന്റി, ടിം സൗത്തി, റോസ് ടെയ്ലര്‍, ടോം ലാഥം, ഹെന്റി നിക്കോള്‍സ്, ജിമ്മി നീഷാം, മിച്ചല്‍ സാന്റ്‌നര്‍, കോളിന്‍ മണ്‍റോ
ബാറ്റിങ്
ഗപ്ടിലും മണ്‍റോയുമടങ്ങുന്ന ഓപ്പണിങ്‌നിര സമീപകാലത്ത് ന്യൂസീലന്‍ഡിന്റെ രക്ഷകരാണ്. മികച്ച തുടക്കം നല്‍കാന്‍ ഇരുവര്‍ക്കും സാധിക്കുന്നുണ്ട്. മൂന്നാമനായെത്തുന്ന ക്യാപ്റ്റന്‍ വില്യംസണും നാലാമനായെത്തുന്ന ടെയ്ലറിനും ഇന്നിങ്സിന് നങ്കൂരമിടാന്‍ പ്രത്യേക കഴിവുണ്ട്. ഫോറടിക്കാന്‍ ഏറെ മികവുള്ള താരമാണ് വില്യംസണ്‍. അതേസമയം, ക്രീസില്‍ നിലയുറപ്പിക്കുന്നതോടൊപ്പം വമ്പനടിക്ക് കെല്‍പ്പുള്ളവനാണ് ടെയ്ലര്‍. കഴിഞ്ഞ ഒരു വര്‍ഷമായി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ടെയ്ലര്‍. ടോം ലാഥമിനും സ്‌കോറുയര്‍ത്താന്‍ കഴിവുണ്ട്. അവസാന ഓവറുകളില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള ഗ്രാന്തോമിന്റെയും നിഷാമിന്റെയും കെല്‍പ് ടീമിന്റെ ശക്തി വര്‍ധിപ്പിക്കുന്നു.
ബൗളിങ്
ടിം സൗത്തി-ട്രെന്റ് ബോള്‍ട്ട് കൂട്ടുകെട്ടാണ് കിവീസിന്റെ ബൗളിങ് നിരയുടെ കരുത്ത്. ഇരുവരുടെയും പരിചയസമ്പത്ത് ലോകകപ്പില്‍ ടീമിന് കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോക്കി ഫെര്‍ഗൂസണും മാറ്റ് ഹെന്റിയും മികച്ച പിന്തുണ നല്‍കുന്നു. ഇഷ് സോധിയും മിച്ചല്‍ സാന്റ്‌നറുമാണ് ടീമിലെ സ്പിന്‍ ബൗളര്‍മാര്‍.
കരുത്ത്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവുതെളിയിച്ച നാല് ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമുണ്ട് ന്യൂസീലന്‍ഡ് ടീമില്‍. ഗ്രാന്തോമും മണ്‍റോയും നീഷാമും ബാറ്റിങ് ഓള്‍റൗണ്ടര്‍മാരാണെങ്കില്‍ സാന്റ്‌നര്‍ ബൗളിങ് ഓള്‍റൗണ്ടറാണ്. ഇതില്‍ രണ്ടുപേര്‍ ഉറപ്പായും ആദ്യ ഇലവനില്‍ സ്ഥാനംപിടിക്കും അത് ടീമിന് കരുത്തേകും.
Content Highlights: icc cricket world cup 2019 new zealand starts likely semi finalists