അമ്പയര്‍ വിരലുയര്‍ത്തിയില്ല, അന്ന് ഗില്‍ക്രിസ്റ്റ് തിരിച്ചു നടന്നു, കാണികളുടെ ഹൃദയങ്ങളിലേക്ക്


അഭിനാഥ് തിരുവലത്ത്‌

2 min read
Read later
Print
Share

2003 ലോകകപ്പില്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ഇടംനേടിയത് ഒരു ഓസീസ് താരമായിരുന്നു. അതും കളിക്കളത്തിലെ മാന്യതയുടെ പേരില്‍. നിഷ്‌കളങ്കമായ ചിരിയുടെ ഉടമ ആദം ഗില്‍ക്രിസ്റ്റ്.

മറക്കാനാകാത്ത ഒട്ടേറെ നിമിഷങ്ങള്‍ സമ്മാനിച്ചാണ് ക്രിക്കറ്റ് ലോകകപ്പുകളുടെ ഓരോ പതിപ്പും കടന്നുപോകാറ്. വിവാദങ്ങളുടെ കയ്പ്പുനീരും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ നല്ല മാതൃകകളും ഇതില്‍ ഉള്‍പ്പെടാറുണ്ട്. ഇതില്‍ രണ്ടാമത് സൂചിപ്പിച്ച കാര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്ന് സംഭവിച്ചത് 2003 ലോകകപ്പിലെ സെമിഫൈനലിലായിരുന്നു.

ചരിത്രത്തിലെ തന്നെ തങ്ങളുടെ എക്കാലത്തെയും മികച്ച ടീമുമായിട്ടാണ് ഓസ്‌ട്രേലിയ 2003-ലെ ലോകകപ്പിനെത്തിയിരുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും അവരെ വെല്ലാന്‍ അന്ന് മറ്റൊരു ടീമിനുമായിരുന്നില്ല. ഫെയര്‍ പ്ലേ എന്നൊന്ന് അവരുടെ നിഘണ്ടുവില്‍ പോലും ഉണ്ടായിരുന്നുമില്ല. അതുകൊണ്ടു തന്നെ 1999 മുതല്‍ അവര്‍ ലോകകപ്പില്‍ തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ല. എങ്ങനെയും ജയിക്കുക എന്നതു മാത്രമായിരുന്നു ഓസീസിന്റെ ലക്ഷ്യം. അതിനവര്‍ ക്രിക്കറ്റിന്റെ മാന്യതയൊന്നും നോക്കിയിരുന്നില്ല.

എന്നാല്‍ 2003 ലോകകപ്പില്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ഇടംനേടിയത് ഒരു ഓസീസ് താരമായിരുന്നു. അതും കളിക്കളത്തിലെ മാന്യതയുടെ പേരില്‍. നിഷ്‌കളങ്കമായ ചിരിയുടെ ഉടമ ആദം ഗില്‍ക്രിസ്റ്റ്.

ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് സെമിയിലായിരുന്നു ആ സംഭവം. ആ ലോകകപ്പിലെ ഏറ്റവും സ്‌ഫോടനാത്മക ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു മാത്യു ഹെയ്ഡന്‍ - ആദം ഗില്‍ക്രിസ്റ്റ് സഖ്യം. ഓസീസിന് മികച്ച തുടക്കം സമ്മാനിക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് വളരെ വലുതായിരുന്നു. അതുവരെയുള്ള എട്ടു മത്സരങ്ങളില്‍ നിന്ന് 329 റണ്‍സ് നേടിയ ഗില്ലി മികച്ച ഫോമിലായിരുന്നു. 1996-ന് ശേഷം ഫൈനലിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ലങ്ക. ചാമിന്ദ വാസിനെയും ഗുണരത്‌നയെയും അടിച്ചൊതുക്കി ഗില്ലി തുടങ്ങി. അഞ്ച് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 34 റണ്‍സെന്ന മികച്ച നിലയിലായിരുന്നു ഓസീസ്. ഒരു വിക്കറ്റിനായി അലഞ്ഞ ക്യാപ്റ്റന്‍ സനത് ജയസൂര്യ 1996 ലോകകപ്പ് ഫൈനലിലെ ഹീറോ അരവിന്ദ ഡിസില്‍വയെ പന്തേല്‍പ്പിച്ചു.

ഡിസില്‍വയുടെ രണ്ടാം പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച ഗില്ലിയുടെ ബാറ്റില്‍ ഉരസിയ പന്ത് പാഡില്‍ തട്ടി ഉയര്‍ന്നുപൊങ്ങി. ഉടന്‍ തന്നെ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാര അത് കൈപ്പിടിയിലാക്കി. ശ്രീലങ്കന്‍ താരങ്ങള്‍ ഒന്നാകെ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ റൂഡി കേര്‍ട്ട്‌സണ് യൊതൊരു കുലുക്കവും ഉണ്ടായിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത നിമിഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗില്ലി പവലിയനിലേക്ക് തിരികെ നടന്നു. പന്ത് ബാറ്റില്‍ ഉരസിയിരുന്നുവെന്ന് അദ്ദേഹത്തിന് നന്നായി അറിയമായിരുന്നു. ഒരിക്കലും ക്രിക്കറ്റ് ലോകം ഒരു ഓസീസ് താരത്തില്‍ നിന്ന് അത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഗില്ലി അത് മാറ്റിമറിച്ചു. അന്ന് പോര്‍ട്ട് എലിസബത്ത് മൈതാനത്തു നിന്ന് തിരികെ നടന്ന ഗില്ലി, ചെന്നുകയറിയത് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലേക്കായിരുന്നു.

ലോകകപ്പ് സെമിഫൈനല്‍ എന്ന അതിനിര്‍ണായക മത്സരത്തിലാണ് അദ്ദേഹം കളിക്കളത്തിലെ മാന്യത പാലിച്ചതെന്ന് ക്രിക്കറ്റ് ലോകം ഇന്നും ഓര്‍ക്കുന്നു. അന്ന് ഗില്ലി പുറത്തായ ശേഷം ബാറ്റിങ് തകര്‍ച്ച നേരിട്ട ഓസീസ് ആന്‍ഡ്രു സൈമണ്ട്‌സിന്റെ (91*) ഇന്നിങ്‌സിന്റെ മികവില്‍ 50 ഓവറില്‍ ഏഴു വിക്കറ്റിന് 212 റണ്‍സെടുത്തു. ഗില്ലിയുടെ ആ തീരുമാനം തിരിച്ചടിക്കാന്‍ പക്ഷേ ഓസീസ് ബൗളര്‍മാര്‍ സമ്മതിച്ചില്ല. മഗ്രാത്തിനും ബ്രെറ്റ് ലീക്കും ബ്രാഡ് ഹോഗിനും മുന്നില്‍ പതറിയ മരതക ദ്വീപുകാര്‍ 38.1 ഓവറില്‍ ഏഴിന് 123 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ കളിമുടക്കി. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 48 റണ്‍സ് പിറകിലായിരുന്നു അപ്പോള്‍ അവര്‍. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഫൈനലിലേക്ക് മുന്നേറിയ ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ച് കിരീടവുമായാണ് മടങ്ങിയത്.

Content Highlights: Adam Gilchrist's famous walk at 2003 world cup semi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram