കാണികളെ ഹരംകൊള്ളിച്ച നിരവധി ഇന്നിങ്‌സുകളുണ്ട് ക്രിക്കറ്റ് ലോകകപ്പുകളുടെ ചരിത്രത്തില്‍. 1983-ല്‍ സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് പുറത്തെടുത്ത പ്രകടനവും 2015-ല്‍ ഇരട്ട സെഞ്ചുറികള്‍ നേടിയ ക്രിസ് ഗെയിലിന്റെയും മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെയും ഇന്നിങ്‌സുകളും ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിറഞ്ഞുകിടപ്പുണ്ട്.
ഇത്തരത്തില്‍ സെഞ്ചുറികളും ഇരട്ട സെഞ്ചുറികളും ലോകകപ്പ് ഓര്‍മകളായി ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ തിങ്ങിനിറയുമ്പോഴും സെഞ്ചുറി നേട്ടം പോലും അവകാശപ്പെടാനില്ലാത്ത എന്നാല്‍ സെഞ്ചുറിയേക്കാള്‍ വിലമതിക്കുന്ന ഒരു ഇന്നിങ്‌സ് ഒരിക്കലും മറക്കാനാകാത്ത വിധം ലോകകപ്പ് ഓര്‍മ്മകളില്‍ നിറഞ്ഞുകിടപ്പുണ്ട്. 2003 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ പാകിസ്താനെതിരേ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കാഴ്ചവെച്ച ആ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സ്.
സെഞ്ചുറിക്കൊപ്പമോ അതിനുമുകളിലോ ആണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആ ഇന്നിങ്‌സിനെ ഇന്ത്യന്‍ ആരാധകര്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. വഖാന്‍ യൂനിസും വസീം അക്രമും ഷുഐബ് അക്തറും അബ്ദുള്‍ റസാഖും ഒന്നിച്ച ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് നിരയെ നിലംപരിശാക്കിയാണ് സച്ചിന്‍ അന്ന് 75 പന്തില്‍ നിന്ന് 98 റണ്‍സ് അടിച്ചുകൂട്ടിയത്.
ലോകകപ്പുകളിലെ തന്നെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നില്‍ ടോസ് നേടിയ പാക് ക്യാപ്റ്റന്‍ വഖാര്‍, ഇന്ത്യയ്‌ക്കെതിരേ ആദ്യ ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നും ഇന്ത്യയ്ക്കതിരേ മികച്ച കളി പുറത്തെടുക്കാറുള്ള സയീദ് അന്‍വറിന്റെ സെഞ്ചുറി (101) മികവില്‍ നിശ്ചിത 50 ഓവറില്‍ ഏഴിന് 273 എന്ന മികച്ച സ്‌കോര്‍ തന്നെ പാകിസ്താന്‍ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ ആ അഞ്ചടി അഞ്ചിഞ്ചുകാരനിലായിരുന്നു. ആദ്യ ഓവറില്‍ വസീം അക്രത്തെ ഉഗ്രന്‍ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറിയടിച്ചാണ് സച്ചിന്‍ തുടങ്ങിയത്. അപ്പോഴൊന്നും അതില്‍ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനകളൊന്നും തന്നെയില്ലായിരുന്നു.
സച്ചിനെ താന്‍ പേടിക്കുന്നില്ലെന്നും ലോകകപ്പില്‍ അദ്ദേഹത്തെ വീഴ്ത്തുമെന്നും വീമ്പടിച്ച, വേഗം കൊണ്ട് റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന പേരുലഭിച്ച ഷുഐബ് അക്തറാണ് രണ്ടാം ഓവര്‍ എറിയാനെത്തിയത്. ഒരു പക്ഷേ സിംബാബ് വെക്കാരന്‍ ഹെന്റ്രി ഒലോങ്കയുടെ അനുഭവമൊന്നും അക്തര്‍ ശ്രദ്ധിച്ചു കാണില്ല. എന്നാല്‍ ഓവറിന്റെ നാലാം പന്തുമുതല്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. 150 കിലോമീറ്ററിലേറെ വേഗതയിലെത്തിയ അക്തറിന്റെ ബൗണ്‍സര്‍ ഉഗ്രനൊരു അപ്പര്‍കട്ടിലൂടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സിക്‌സറിന് പറത്തി. അതൊരു തുടക്കം മാത്രമായിരുന്നു. വീമ്പിളക്കിയ അക്തറിന്റെ അടുത്ത പന്ത് സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറിയിലേക്ക്. അവിടംകൊണ്ടും തീര്‍ന്നില്ല, അവസാന പന്ത് തന്റെ ട്രേഡ്മാര്‍ക്കായ ജെന്റില്‍ പുഷിലൂടെയും സച്ചിന്‍ ബൗണ്ടറിയിലെത്തിച്ചു. 18 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. അതോടെ ക്യാപ്റ്റന്‍ വഖാര്‍, അക്തറെ സച്ചിന്റെ ആക്രമണത്തില്‍ നിന്ന് മാറ്റിനിര്‍ത്തി. ആ സ്‌പെല്ലില്‍ വെറും ഒരോവര്‍ മാത്രമാണ് അക്തര്‍ എറിഞ്ഞത്. റാവല്‍പിണ്ടി എക്സ്പ്രസ് പാളം തെറ്റിയെന്ന് തലക്കെട്ടോടെ അടുത്ത ദിവസം പത്രങ്ങളിറങ്ങി.
അതോടെ ഗിയര്‍ മാറ്റിയ ഇന്ത്യ, സച്ചിന്റെ തേരിലേറി കുതിച്ചുതുടങ്ങി. അടുത്തതായി പന്തെറിയാനെത്തിയ വഖാറിനും കണക്കിനു കിട്ടി. പന്ത് യഥേഷ്ടം ബൗണ്ടറി ലൈനിനെ ചുംബിച്ചു തുടങ്ങി. ഇതിനിടെ തുടര്‍ച്ചയായി പന്തുകളില്‍ വഖാര്‍ സെവാഗിനെയും ഗാംഗുലിയെയും മടക്കിയെങ്കിലും അതൊന്നും സച്ചിന്റെ താളം തെറ്റിച്ചില്ല.
മുഹമ്മദ് കൈഫിനെ കൂട്ടുപിടിച്ച് സച്ചിന്‍ ആക്രമണം തുടര്‍ന്നു. ഇതിനിടെ അക്രം എറിഞ്ഞ ഏഴാം ഓവറിലെ നാലാം പന്ത് മിഡ് വിക്കറ്റിനു മുകളിലൂടെ ബൗണ്ടറിയിലെത്തിക്കാനുള്ള സച്ചിന്റെ ശ്രമം ഒന്ന് പാളി. പന്ത് അബ്ദുള്‍ റസാഖിന്റെ ഒരു കൈ അകലത്തില്‍, പക്ഷേ ആ ചാന്‍സ് മുതലാക്കാന്‍ റസാഖിനായില്ല. വിജയമാണ് താന്‍ കൈവിട്ടതെന്ന് മത്സരം അവസാനിച്ചപ്പോഴാണ് റസാഖിന് മനസിലായത്.
അതിനിടെ 20-ാം ഓവറില്‍ ഷാഹിദ് അഫ്രിദിയെ ബൗണ്ടറിയടിച്ച് ഏകദിനത്തില്‍ 12000 റണ്‍സെന്ന നാഴികക്കല്ലും സച്ചിന്‍ പിന്നിട്ടു.
വെറും 37 പന്തില്‍ നിന്നാണ് അന്ന് സച്ചിന്‍ അര്‍ധ സെഞ്ചുറിയിലെത്തിയത്. പക്ഷേ ആ മികച്ച ഇന്നിങ്‌സിനിടെ മറ്റൊരു പ്രതിരോധത്തെ കൂടി സച്ചിന് നേരിടേണ്ടതായിട്ടുണ്ടായിരുന്നു. 16-ാം ഓവര്‍ മുതല്‍ അലട്ടിയ പേശീവലിവിനെ. മൈതാനത്ത് ഫിസിയോയുടെ സഹായം തേടിയെങ്കിലും തുടര്‍ന്ന് പലപ്പോഴും അത് സച്ചിനെ അലട്ടിക്കൊണ്ടിരുന്നു. ഓരോ ഷോട്ടുകള്‍ ഉതിര്‍ക്കുമ്പോഴും വേദനകൊണ്ട് പുളയുന്ന സച്ചിനെയാണ് പിന്നീട് കാണികള്‍ കണ്ടത്.
ഒടുവില്‍ ഇന്ത്യ നാലിന് 177-ല്‍ നില്‍ക്കെ സച്ചിന്‍ റണ്ണറെ ആവശ്യപ്പെട്ടു. സെവാഗ് ക്രീസിലേക്ക്. സെഞ്ചുറിയിലേക്ക് വെറും രണ്ടു റണ്‍സ് മാത്രം അകലെയായിരുന്നു സച്ചിന്‍ അപ്പോള്‍. എന്നാല്‍ അക്തറിന്റെ ഷോര്‍ട്ട് ബോള്‍ പ്രതിരോധിക്കുന്നതില്‍ സച്ചിന് പിഴച്ചു. ഗ്ലൗവില്‍ തട്ടി ഉയര്‍ന്ന പന്ത് പോയന്റില്‍ ഒരു ഡൈവിലൂടെ യൂനിസ് ഖാന്‍ കൈക്കലാക്കി. 75 പന്തുകളില്‍ നിന്ന് ഒരു സിക്‌സും 12 ബൗണ്ടറികളുമടക്കം 98 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം. ഏകദിന ചരിത്രത്തിലെ തന്നെ ഒരു ക്ലാസിക് ഇന്നിങ്‌സിന്റെ അവസാനമായിരുന്നു അത്.
തന്റെ കരിയറിലെ സെഞ്ചുറികള്‍ക്കു മുകളിലാണ് ആ 98 റണ്‍സിന്റെ സ്ഥാനമെന്ന് സച്ചിന്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച ഇന്നിങ്‌സുകളില്‍ മുകളില്‍ തന്നെയാണ് അതിന്റെ സ്ഥാനവും. പാകിസ്താനെതിരായ ആ മത്സരത്തിനു മുന്‍പ് സച്ചിന്‍ അനുഭവിച്ച സമ്മര്‍ദം എത്രത്തോളമായിരുന്നുവെന്ന് പിന്നീട് അദ്ദേഹം നടത്തിയ ഒരു വെളിപ്പെടുത്തലിലൂടെയാണ് വ്യക്തമായത്. ആ മത്സരത്തിനു മുന്‍പുള്ള 12 രാത്രികളില്‍ സച്ചിന് ഉറങ്ങാനായിരുന്നില്ല.
സച്ചിന്‍ തെളിച്ച വഴിയിലൂടെ പിന്നീട് ദ്രാവിഡും (44*), യുവ് രാജ് സിങ്ങും (50*) ചേര്‍ന്ന് 45.4 ഓവറില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
Content Highlights: 2003 World Cup When Tendulkar's brilliance floored Pakistan in Centurion