Gokulam FC Photo: Facebook
കോഴിക്കോട്: ഐ ലീഗ് മത്സരത്തില്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കിയ ഗോകുലം കേരള എഫ്.സി. തോല്‍വി ഏറ്റുവാങ്ങി. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി റിയല്‍ കശ്മീര്‍ എഫ്.സി.യോട് ഒരു ഗോളിനാണ് ഗോകുലം തോറ്റത് (1-0). റോബെര്‍ട്‌സണ്‍ (49) കശ്മീരിന്റെ വിജയഗോള്‍ നേടി.
വിരസമായ ആദ്യപകുതിക്കുശേഷം അത്യന്തം ആവേശകരമായ രണ്ടാംപകുതിയില്‍ കശ്മീര്‍ ഗോള്‍കീപ്പര്‍ ടെംപ ലാച്ചെന്‍പയുടെ ഉജ്ജ്വലപ്രകടനമാണ് മലബാറിയന്‍സിന് പ്രതികൂലമായത്. ടെംപ കളിയിലെ താരമായി. മത്സരത്തില്‍ 67 ശതമാനം ബോള്‍പൊസഷനും ഗോകുലത്തിനായിരുന്നു. 49-ാം മിനിറ്റില്‍ കശ്മീര്‍ ക്യാപ്റ്റന്‍ നൈജീരിയന്‍താരം ലോവഡൈ നല്‍കിയ ക്രോസ് സ്വീകരിച്ച റോബെര്‍ട്‌സണ്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി.
51, 53 മിനിറ്റുകളില്‍ ഗോകുലത്തിന് രണ്ട് നല്ല അവസരങ്ങള്‍ കിട്ടിയെങ്കിലും ബാറില്‍ തട്ടിയും ഗോളിയുടെ കൈയില്‍ തട്ടിയും ബോള്‍ പുറത്തേക്ക് പോയി. ബോക്‌സിന് പുറത്തുനിന്ന് നിരന്തരം ലോങ് ഷോട്ടുകള്‍ ഉതിര്‍ത്ത് കശ്മീര്‍ ഗോളിയെ പ്രതിരോധത്തിലാക്കാന്‍ ഗോകുലം ശ്രമിച്ചു. കളിയില്‍ എട്ട് തവണ ഗോകുലം ലക്ഷ്യത്തിലേക്ക് ഷോട്ട് പായിച്ചു. 81-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍വെച്ച് ലഭിച്ച സുവര്‍ണാവസരം സ്ട്രൈക്കര്‍ മാര്‍ക്കസ് ജോസഫ് നഷ്ടപ്പെടുത്തിയതും ദൗര്‍ഭാഗ്യകരമായി.
തോല്‍വിയോടെ, 10 കളിയില്‍ 14 പോയന്റുമായി ഗോകുലം അഞ്ചാം സ്ഥാനത്തേക്കിറങ്ങി. ആറാം സ്ഥാനത്തായിരുന്ന റിയല്‍ കശ്മീര്‍, ഒമ്പത് കളിയില്‍ 15 പോയന്റുമായി മൂന്നാം സ്ഥാനത്തെത്തി.
Content Highlights: I League Football Gokulam FC vs Real Kashmir FC