Image Courtesy: Twitter
കൊല്‍ക്കത്ത: രാജ്യമൊട്ടാകെ അലയടിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഇന്ത്യന്‍ ഫുട്‌ബോളിലേക്കും. ഐ-ലീഗില്‍ ഞായറാഴ്ച മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും തമ്മില്‍ നടന്ന മത്സരത്തിനിടെ ഗാലറിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു.
ബംഗാളി ഭാഷയിലെഴുതിയ കൂറ്റന്‍ ബാനറുകളാണ് സ്റ്റേഡിയത്തില്‍ ഉയര്‍ന്നത്. 'രക്തം കൊടുത്ത് വാങ്ങിയ മണ്ണാണിത്, അല്ലാതെ രേഖകള്‍ നല്‍കിയിട്ടല്ല', എന്നതായിരുന്നു ഒരു ബാനറിലെ വാക്കുകള്‍. മറ്റൊന്നില്‍ ഇങ്ങനെ കുറിച്ചിരുന്നു; 'ബംഗാള്‍ എവിടെ നിന്റെ എന്‍.ആര്‍.സി'? ഈ ചോദ്യത്തിന് 'ഗോ എവേ' എന്ന് മറുപടിയും.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമാണ് ഈ സംഭവവും. നേരത്തെ ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കിടയിലും ഗാലറിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും നിറഞ്ഞിരുന്നു.
ഇന്ത്യ - ശ്രീലങ്ക പരമ്പരയ്ക്കിടെ സ്റ്റേഡിയങ്ങളിലേക്ക് ബാനറുകളും മറ്റും കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlights: anti CAA banners spotted during Mohun Bagan vs East Bengal Kolkata Derby