കോഴിക്കോട്: നാളെ ഐ ലീഗ് മത്സരം നടക്കാനിരിക്കുന്ന കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ചു കടന്ന റിയല്‍ കശ്മീര്‍ ടീം, ഗോകുലം കേരള എഫ്.സി അധികൃതരെ കയ്യേറ്റം ചെയ്തതായി പരാതി.
അനുവാദമില്ലാതെ മൈതാനത്ത് പ്രവേശിച്ചത് ചോദ്യം ചെയ്തപ്പോള്‍ റിയല്‍ കശ്മീര്‍ ടീം അധികൃതര്‍ മോശമായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് ഗോകുലം കേരള അധികൃതര്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. ഇതുസംബന്ധിച്ച് എ.ഐ.എഫ്.എഫിന് പരാതി നല്‍കിയതായും ഗോകുലം കേരള വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് മൈതാനത്താണ് റിയല്‍ കശ്മീര്‍ ടീമിന് പരിശീലനത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നത്. എന്നാല്‍ ഇന്നത്തെ ഹര്‍ത്താല്‍ കാരണം അവര്‍ക്ക് ഗ്രൗണ്ടില്‍ എത്താന്‍ ഒരുക്കിയ ബസ് കുറച്ചു സമയം വൈകി. ഇതോടെ റിയല്‍ കശ്മീര്‍ മത്സരം നടക്കുന്ന കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു.
മത്സരത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ മൈതാനത്ത് പരിശീലനം നടത്താന്‍ സാധിക്കില്ലെന്ന് അറിയിച്ച ഗോകുലം കേരളയുടെ ഗ്രൗണ്ട്‌സ്മാനെയും ലോക്കല്‍ ഗ്രൗണ്ട് കോര്‍ഡിനേറ്ററെയും ഇവര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇവരില്‍ ഒരാളുടെ ഫോണും റിയല്‍ കശ്മീര്‍ അധികൃതരിലൊരാള്‍ നശിപ്പിച്ചു. റിയല്‍ കാശ്മീരിന്റെ പരിശീലകനടക്കം തങ്ങളോട് മോശമായി പെരുമാറിയെന്ന് ഗോകുലം കേരള അധികൃതര്‍ വ്യക്തമാക്കി.
അതേസമയം മത്സരത്തിനായി കോഴിക്കോട്ടെത്തിയ തങ്ങള്‍ക്ക് ഗോകുലം കേരള ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ അപമാനിച്ചെന്ന് റിയല്‍ കശ്മീര്‍ ടീം ട്വിറ്ററില്‍ ആരോപിച്ചു. ആവശ്യമായ പരിശീലന സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും ഗോകുലം തയ്യാറാക്കിക്കൊടുത്തില്ല എന്നാണ് കശ്മീര്‍ ടീമിന്റെ ആരോപണം.
തങ്ങളുടെ പരിശീലകനോടും പരിശീലക സംഘത്തിലെ അംഗങ്ങളോടും ഗ്രൗണ്ട് വിട്ട് പോകാന്‍ ഗോകുലം അധികൃതര്‍ ആവശ്യപ്പെട്ടെന്നും കശ്മീര്‍ ടീം ട്വീറ്റ് ചെയ്തു. മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്.
Content Highlights: issue between real kashmir and gokulam kerala