സ്വന്തം മൈതാനത്ത് നടന്ന ആദ്യ മത്സരത്തില്‍ റിയല്‍ കശ്മീരിന് സമനില


1 min read
Read later
Print
Share

കന്നി ഐ ലീഗ് സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം കുറിക്കാനുള്ള അവസരമാണ് സ്‌കോട്ടിഷ് കോച്ച് ഡേവിഡ് റോബേര്‍ട്ട്‌സന്റെ ടീമിന് നഷ്ടമായത്.

ശ്രീനഗര്‍: സ്വന്തം തട്ടകത്തിലെ ആദ്യ ഐ ലീഗ് മത്സരം വിജയത്തോടെ അവിസ്മരണീയമാക്കാന്‍ റിയല്‍ കശ്മീരിനായില്ല. പത്തുപേരായി ചുരുങ്ങിയിട്ടും ഗോവന്‍ ക്ലബ്ബ് ചര്‍ച്ചില്‍ ബ്രദേഴ്സ്, റിയല്‍ കശ്മീരിനെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു.

കശ്മീരില്‍ ആദ്യമായി നടന്ന മത്സരത്തില്‍ ആതിഥേയര്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും നിര്‍ഭാഗ്യം അവരെ വിജയത്തില്‍ നിന്ന് അകറ്റി.

രണ്ടുതവണയാണ് കശ്മീര്‍ ടീമിന്റെ ഷോട്ട് എതിര്‍ പോസ്റ്റിലിടിച്ച് മടങ്ങിയത്. 45-ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് പന്ത് കൈകൊണ്ട് തൊട്ടതിന് ചര്‍ച്ചില്‍ ഗോള്‍ കീപ്പര്‍ ജെയിംസ് കിത്താനെ റഫറി ചുവപ്പുകാര്‍ഡ് നല്‍കി പുറത്താക്കുകയായിരുന്നു. എന്നാല്‍, ഈ ആനുകൂല്യം രണ്ടാം പകുതിയില്‍ മുതലാക്കാന്‍ കശ്മീര്‍ ക്ലബ്ബിനായില്ല.

ജമ്മു കശ്മീരില്‍ നിന്ന് ഐലീഗിന് യോഗ്യത നേടുന്ന ആദ്യ ക്ലബായ റിയല്‍ കശ്മീര്‍ ലീഗില്‍ രണ്ടു കളികളില്‍ നിന്ന് നാലുപോയന്റുമായി മൂന്നാം സ്ഥാനത്താണ്. മൂന്നു പോയന്റുള്ള ചര്‍ച്ചില്‍ അഞ്ചാമതും. ഏഴു പോയന്റുമായി ചെന്നൈ സിറ്റിയാണ് ഒന്നാമത്.

കന്നി ഐ ലീഗ് സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം കുറിക്കാനുള്ള അവസരമാണ് സ്‌കോട്ടിഷ് കോച്ച് ഡേവിഡ് റോബേര്‍ട്ട്‌സന്റെ ടീമിന് നഷ്ടമായത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ അട്ടിമറിച്ച് റിയല്‍ കശ്മീര്‍ ഐലീഗില്‍ സ്വപ്നതുല്യമായ അരങ്ങേറ്റം നടത്തിയിരുന്നു. മിനര്‍വക്കെതിരേ വിജയം നേടിയ അതേ ടീമിനെ തന്നെയാണ് റോബേര്‍ട്ട്‌സന്‍ ചര്‍ച്ചിലിനെതിരേ ഇറക്കിയത്.

Content Highlights: i league real kashmir held to draw in first home game against churchill brothers

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram