കോഴിക്കോട്: ഏറെ പ്രതീക്ഷയോടെ ഐ ലീഗ് സീസണിന് ഇറങ്ങിയ ഗോകുലം കേരള എഫ്.സിക്ക് ഒടുവില്‍ നിരാശയായിരുന്നു ഫലം. ലീഗിലെ 20 മത്സരങ്ങളില്‍ വെറും മൂന്നു ജയങ്ങള്‍ മാത്രമാണ് കേരളത്തിന് സ്വന്തമാക്കാനായത്. എട്ടു സമനിലകളും ഒമ്പത് തോല്‍വികളുമടക്കം 17 പോയന്റോടെ ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
എ.എഫ്.സി കപ്പ് യോഗ്യത ലക്ഷ്യമിട്ടാണ് ടീം പുതിയ സീസണ് ഇറങ്ങിയത്. എന്നാല്‍ അതും സാധിക്കാതെ പോയി. കഴിഞ്ഞ സൂപ്പര്‍ കപ്പില്‍ ബെംഗളൂരു എഫ്.സിയെ വിറപ്പിച്ച ടീമിനാണ് ഈ ഗതി വന്നത്. കഴിഞ്ഞ സീസണില്‍ ലീഗിലെ വമ്പന്മാരെ വിറപ്പിച്ച് 'ജയന്റ് കില്ലേഴ്‌സ്' എന്ന പേരു സമ്പാദിച്ച ടീമില്‍ നിന്ന് ഇത്തവണ ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ചും ആദ്യ മത്സരങ്ങളില്‍ മലയാളി താരങ്ങളെ ഉപയോഗിച്ച രീതികൂടിയായപ്പോള്‍.
എന്നാല്‍, മലയാളി താരങ്ങളായ ഗനി അഹമ്മദ് നിഗം, എസ്. രാജേഷ്, അര്‍ജുന്‍ ജയരാജ്, സുഹൈര്‍ വി.പി എന്നിവരെ ടൂര്‍ണമെന്റിനിടെ പരിക്ക് വലച്ചതോടെ ഗോകുലത്തിന്റെ തിരിച്ചടി തുടങ്ങി. സീസണ്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് സ്പാനിഷ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റിയാഗോയെ മാറ്റി ബിനോ ജോര്‍ജിനെ പരിശീലക സ്ഥാനത്ത് നിയമിക്കുന്നത്. എന്നാല്‍ തുടക്കത്തിലെ മികച്ച പ്രകടനങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന് ടീമിന്റെ പ്രകടനത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. ഇതോടെ മാനേജ്‌മെന്റ് ടെക്‌നിക്കല്‍ ഡയറക്ടറായി ഗിഫ്റ്റ് റയ്ഖാനെ കൊണ്ടുവന്നെങ്കിലും അതും ഫലം കണ്ടില്ല.
ലീഡെടുത്ത ശേഷം തോല്‍ക്കുന്നതും സമനിലകള്‍ വഴങ്ങുന്നതും ഗോകുലത്തിന്റെ പതിവായിരുന്നു. ജയിക്കാമായിരുന്ന, അല്ലെങ്കില്‍ സമനിലയെങ്കിലും നേടാമായിരുന്ന ഏതാനും മത്സരങ്ങളാണ് ഇത്തരത്തില്‍ ടീം കളഞ്ഞുകുളിച്ചത്. അന്റോണിയോ ജെര്‍മനെ മുന്നില്‍ നിര്‍ത്തിയുള്ള ആക്രമണങ്ങളും ഫലം കണ്ടില്ല. താരത്തിന്റെ മോശം ഫോമും പലപ്പോഴും ടീമിന്റെ പ്രകടത്തെ ബാധിച്ചു. ഇതിനിടെ ടീമുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞ് ജെര്‍മന്‍ ടീം വിടുകയും ചെയ്തു.
മലയാളി താരങ്ങളെയടക്കം പരിക്ക് വലച്ചതോടെ ടീം കോമ്പിനേഷന്‍ ശരിയാക്കാനായി 14 വിദേശ താരങ്ങളെയാണ് ഗോകുലം ഈ സീസണില്‍ പരീക്ഷിച്ചത്. മറ്റൊരു ടീമും ഇത്രയും വിദേശ താരങ്ങളെ സീസണില്‍ പരീക്ഷിച്ചിട്ടില്ല. ടീമിന്റെ ഗെയിംപ്ലാനിന് അനുയോജ്യരായവരെ കിട്ടാതിരുന്നതോടെ സീസണ്‍ അവസാനം വരെ മാനേജ്‌മെന്റ് വിദേശ താരങ്ങളെ പരീക്ഷിച്ചു. അവസാനം നെരോക്കയ്‌ക്കെതിരേ കളത്തിലിറങ്ങിയ മുന്നേറ്റനിരതാരം ഇമ്മാനുവല്‍ വരെ ആ പട്ടിക നീളുന്നു.
ക്യാപ്റ്റനായിരുന്ന ഉഗാണ്ടക്കാരന്‍ മുദ്ദ മൂസയും കാസ്‌ട്രോയും തുടക്കത്തിലേ ടീമിനൊപ്പം ഉണ്ടായിരുന്നവരാണ്. പരിക്കേറ്റ് മൂസ മടങ്ങിയതോടെ ഹെയ്ത്തിയില്‍ നിന്ന് ഫാബിയന്‍ വോര്‍ബെ ടീമിലെത്തി. അതിനിടെ ഐവറി കോസ്റ്റുകാരന്‍ അര്‍തര്‍ കൊയാസിയെ പരീക്ഷിച്ചെങ്കിലും വിജയം കണ്ടില്ല.
ആന്ദ്രെ എന്റീനെ, നൈജീരിയക്കാരന്‍ ഇമ്മാനുവല്‍, ഘാന താരങ്ങളായ ഡാനിയേല്‍ അഡു, റസ്സല്‍ ആല്‍ഫ്രഡ്, ബ്രസീല്‍ താരം കാസ്‌ട്രോ എന്നിവരും ടീമിനായി കളിച്ചു. ഇതില്‍ അഡുവും കാസ്‌ട്രോയും ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കാസ്‌ട്രോയ്ക്ക് നിലവില്‍ ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്.
റിസര്‍വ് ടീമില്‍ നിന്ന് ക്രിസ്റ്റ്യന്‍ സാബ, ചാള്‍സ് ഫോളി (ഘാന), നൈജീരിയക്കാരന്‍ ജോയല്‍ സണ്‍ഡേ, റസ്സല്‍ ആല്‍ഫ്രഡ് (ഘാന), മര്‍ക്കസ് ജോസഫ് (ട്രിനിഡാഡ്) ഇമ്മാനുവല്‍ (നൈജീരിയ)എന്നിവരും ടീമിലെത്തി. ഇതില്‍ മര്‍ക്കസ് ജോസഫ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
പോയ വര്‍ഷം ഒക്ടോബര്‍ 27-ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത മോഹന്‍ ബഗാനോട് 1-1 ന് നേടിയ സമനിലയോടെയാണ് ഗോകുലം ഐ ലീഗ് സീസണ് തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തില്‍ നെരോക്കയ്‌ക്കെതിരേയും സമനിലയായിരുന്നു ഫലം. പിന്നാലെ ചെന്നൈക്കെതിരേ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോറ്റു. എങ്കിലും അന്ന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ കാണികളെ ആവേശത്തിലാക്കിയ പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്. ഫിനിഷിങ്ങിലെ പിഴവുകളില്ലാതിരുന്നെങ്കില്‍ ജയിക്കേണ്ട മത്സരമായിരുന്നു അത്.
പിന്നാലെ ഹോം മാച്ചില്‍ ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗോകുലം ആദ്യ ജയം സ്വന്തമാക്കി. മലയാള താരങ്ങളായ ഗനി അഹമ്മദ് നിഗം, രാജേഷ്, അര്‍ജുന്‍ ജയരാജ്, സുഹൈര്‍ വി.പി എന്നിവരുടെ പ്രകടനങ്ങള്‍ തന്നെയായിരുന്നു ടീമിന്റെ മുതല്‍ക്കൂട്ട്. അടുത്ത മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ മിനര്‍വ പഞ്ചാബിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന ഗോകുലം തുടര്‍ച്ചയായ രണ്ടാം ജയവും ആഘോഷിച്ചു. പിന്നാലെ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരേ വീണ്ടും സമനില വഴങ്ങി.
ഇതിനു പിന്നാലെയാണ് ടീമിലെ അസ്വാരസ്യങ്ങള്‍ തലപൊക്കിത്തുടങ്ങുന്നത്. ക്ലബ്ബിന്റെ സൂപ്പര്‍താരം അന്റോണിയോ ജെര്‍മന്‍ ടീം വിട്ടതായിരുന്നു അതിന്റെ ഫലം.
പിന്നീട് തുടര്‍ തോല്‍വികള്‍ ടീമിനെ വലച്ചു. ഇതോടെ ഹോം മാച്ചിനെത്തുന്ന കാണികളുടെ എണ്ണത്തിലും കുറവു വന്നു. അതിനിടയില്‍ റിയല്‍ കശ്മീരിനോട് സമനില. ജെര്‍മന്‍ പോയതോടെ മുന്നേറ്റനിരയിലേക്ക് ഒരു താരത്തെ തേടിയലഞ്ഞ ഗോകുലം ട്രിനിഡാഡ് ആന്റ് ടുബാഗോ താരം മാര്‍ക്കസ് ജോസഫിനെ ടീമിലെത്തിച്ചു. എങ്കിലും തോല്‍വികള്‍ക്കും സമനിലകള്‍ക്കും അറുതിയുണ്ടായില്ല. ഒടുവില്‍ 13 മത്സരങ്ങള്‍ക്കു ശേഷമാണ് ഗോകുലത്തെ തേടി ഒരു ജയമെത്തുന്നത്. നാട്ടില്‍ നടന്ന മത്സരത്തില്‍ നെരോക്കയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഗോകുലം മറികടന്നു.
കൃത്യമായ ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതാണ് പലപ്പോഴും ഗോകുലത്തിന് തിരിച്ചടിയായത്. വരുന്ന സീസണില്‍ ആരാധകരെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട് ഗോകുലത്തിന്. കോഴിക്കോട്ടെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നല്ല ഫുട്‌ബോളിനെ സ്‌നേഹിക്കാതിരിക്കാനാകില്ല.
Content Highlights: I League Gokulam Kerala FC season review