ഒടുവില്‍ ഗോകുലം വിജയിച്ചു!


1 min read
Read later
Print
Share

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഗോകുലത്തിന്റെ വിജയം.


കോഴിക്കോട്: നിര്‍ണായക പോരാട്ടത്തില്‍ പിന്നിട്ടുനിന്നശേഷം നടത്തിയ ഉജ്ജ്വല തിരിച്ചുവരവില്‍ നെരോക്ക എഫ്.സി.യെ കീഴടക്കി ഗോകുലം കേരള ഐലീഗ് ഫുട്ബോളില്‍ തരംതാഴ്ത്തല്‍ ഭീഷണി മറികടന്നു(2-1). ഫെലിക്‌സ് ചിഡിയുടെ (23) ഗോളില്‍ ആദ്യപകുതിയില്‍ ലീഡ് നേടിയ സന്ദര്‍ശകരെ ഡാനിയല്‍ അഡൊയും(46) മാര്‍കസ് ജോസഫും(82) നേടിയ ഗോളുകളിലാണ് ഗോകുലം മറികടന്നത്. പതിമൂന്ന് മത്സരങ്ങള്‍ക്കുശേഷമാണ് ടീം വിജയവഴിയില്‍ തിരിച്ചെത്തുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ഐസോളിനെതിരേ കളിച്ച ടീമില്‍ അഞ്ചുമാറ്റങ്ങളുമായാണ് ഗോകുലം ഇറങ്ങിയത്. ഘാനാ ഡിഫന്‍ഡര്‍ ഡാനിയല്‍ അഡു നായകനായി മടങ്ങിയെത്തിയത് ടീം വിജയത്തില്‍ നിര്‍ണായകമായി. തുടക്കത്തില്‍ത്തന്നെ ആക്രമിച്ച് കളിച്ച ആതിഥേയര്‍ക്കായിരുന്നു കളിയില്‍ ആധിപത്യം. മാര്‍ക്സ് ജോസഫും ചിന്തൊ ഇമ്മാനുവലും ചേര്‍ന്നുള്ള കൂട്ടുകെട്ട് നെരോക്ക ഗോള്‍മുഖത്ത് നിരന്തരം റെയ്ഡ് നടത്തി. എന്നാല്‍ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഗോകുലം ഫോര്‍വേഡുകള്‍ പരാജയമായി. മാര്‍ക്സ് ജോസഫ് ഗോള്‍ ലക്ഷ്യമാക്കി തുടരെ ഷോട്ടുകളുതിര്‍ത്തെങ്കിലും നെരോക്ക ഗോളി ലളിത് ഥാപ്പയെ കീഴടക്കുന്നതില്‍ പരാജയപ്പെട്ടു.

കളിയുടെ ഒഴുക്കിനെതിരെയാണ് 23-ാം മിനിറ്റില്‍ സന്ദര്‍ശകര്‍ മുന്നിലെത്തിയത്. വലതുവശത്തുകൂടി മുന്നേറി മീത്തെയ് ക്ഷത്രിമായു ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ ഫെലിസ്‌ക് ചിഡി, ഗോകുലം ഗോളി അര്‍ണബ് ദാസ് ശര്‍മയ്ക്ക് പഴുതനുവദിക്കാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. തുടര്‍ന്ന് ഗോള്‍മടക്കാന്‍ കിട്ടിയ ഒട്ടേറെ അവസരങ്ങള്‍ ഗോകുലം താരങ്ങള്‍ പാഴാക്കി.

ഇടവേളയ്ക്കുശേഷം ആദ്യമിനിറ്റില്‍ത്തന്നെ ഗോള്‍മടക്കി. മാര്‍ക്കസ് നല്കിയ പന്ത് വലതുബോക്‌സിന് വെളിയില്‍നിന്ന് തൊടുത്ത ഉജ്ജ്വലഷോട്ടിലൂടെ അഡു ലക്ഷ്യത്തിലെത്തിച്ചു. കളി സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച അവസരത്തിലാണ് 82-ാം മിനിറ്റില്‍ ആതിഥേയരുടെ വിജയഗോള്‍ പിറന്നത്. അഡു നല്‍കിയ പാസിലാണ് മികച്ചൊരു ഷോട്ടിലൂടെ മാര്‍ക്സ് ഗോള്‍ നേടിയത്.

ജയത്തോടെ പത്തൊമ്പത് മത്സരങ്ങളില്‍നിന്ന് 17 പോയന്റുമായി ഗോകുലം പട്ടികയില്‍ ഒരുസ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി. ഇതോടെ തരംതാഴ്ത്തപ്പെടാനുള്ള സാധ്യത ഒഴിവാക്കാന്‍ കേരളാ ക്ലബ്ബിനായി.

Content Highlights: Gokulam FC Wins vs Neroca FC I League 2019 Football

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram