കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ കിരീടമോഹവുമായി ചെന്നൈ സിറ്റിയും കൊല്‍ക്കത്താ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളും ശനിയാഴ്ച കലാശപ്പോരിനിറങ്ങുന്നു. ചെന്നൈ സിറ്റി സ്വന്തം തട്ടകത്തില്‍ മിനര്‍വാ പഞ്ചാബിനെ നേരിടുമ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍, ഗോകുലം കേരളയുമായി ഏറ്റുമുട്ടും. വൈകീട്ട് അഞ്ചിനാണ് രണ്ടു മത്സരങ്ങളും.
ഇത്തവണയും ഐ ലീഗില്‍ പുതുയ കിരീടാവകാശി പിറക്കും. തുടക്കക്കാരായ ചെന്നൈ സിറ്റി ചാമ്പ്യന്‍പട്ടത്തോടെ ഇന്ത്യന്‍ ഫുട്‌ബോളില്‍ മേല്‍വിലാസം ഉറപ്പിക്കാനുള്ള പുറപ്പാടിലാണ്. പട്ടികയില്‍ 40 പോയന്റുമായി മുന്നിലുള്ള ചെന്നൈക്ക് മിനര്‍വയെ കീഴടക്കിയാല്‍ കിരീടം ഉറപ്പിക്കാം. 39 പോയന്റുമായി തൊട്ടുപിന്നിലുള്ള ഈസ്റ്റ് ബംഗാളിന് ചാമ്പ്യന്മാരാവാന്‍ ഗോകുലത്തെ തോല്‍പ്പിക്കുകയും ചെന്നൈ, മിനര്‍വയോട് തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്യണം.
കന്നിക്കിരീടം
ഈസ്റ്റ് ബംഗാളിന് ഐ ലീഗ് കിട്ടാക്കനിയാണ്. മിനര്‍വയെ കഴിഞ്ഞമത്സരത്തില്‍ തോല്‍പ്പിച്ചാണ് (10) ഈസ്റ്റ് ബംഗാള്‍ കിരീടപ്രതീക്ഷ നിലനിര്‍ത്തിയത്. അതിനുമുമ്പ് നടന്ന കളികളില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനോടും ഐസോളിനോടും സമനില വഴങ്ങിയത് കൊല്‍ക്കത്താ ടീമിന് തിരിച്ചടിയായി.
ലീഗില്‍ ഒമ്പത് ഗോള്‍ നേടിയ വിദേശതാരം എന്റിക് എസ്‌ക്യുഡയുടെ ഫോമിലാണ് ഈസ്റ്റ് ബംഗാള്‍ മുന്നേറ്റനിരയുടെ പ്രതീക്ഷകള്‍. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും എന്റിക് ഗോള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, മലയാളി സ്ട്രൈക്കര്‍ ജോബി ജസ്റ്റിന് സസ്‌പെന്‍ഷന്‍കാരണം മത്സരം നഷ്ടമാവും.
ലക്ഷ്യം സൂപ്പര്‍ കപ്പ്
മികച്ച തുടക്കത്തിനുശേഷം മങ്ങിപ്പോയ ഗോകുലം കഴിഞ്ഞ മത്സരത്തില്‍ നെറോക്കയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് തരംതാഴ്ത്തല്‍ ഭീഷണി മറികടന്നിരുന്നു. ഈസ്റ്റ് ബംഗാളിനെ കീഴടക്കി സൂപ്പര്‍ കപ്പിന് ആത്മവിശ്വാസം നേടുകയാണ് ഗോകുലത്തിനുമുന്നിലുള്ള ലക്ഷ്യം. ട്രിനിഡാഡ് സ്ട്രൈക്കര്‍ മാര്‍ക്കസ് ജോസഫിന്റെ ഗോളടിമികവിലാണ് ആതിഥേയരുടെ പ്രതീക്ഷകള്‍. എട്ടുകളികളില്‍നിന്ന് ആറുഗോളുകളാണ് മാര്‍ക്കസ് സ്വന്തമാക്കിയത്.
മിനര്‍വ കാക്കണം
ഇത്തവണത്തെ കറുത്തകുതിരകളായ ചെന്നൈ സിറ്റി പട്ടികയില്‍ പത്താമതുള്ള മിനര്‍വ പഞ്ചാബിനെതിരേ വിജയംനേടി കിരീടം ചൂടുമെന്നുന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചര്‍ച്ചില്‍ ബ്രദേഴ്സിനോട് കഴിഞ്ഞ കളിയിലേറ്റ അപ്രതീക്ഷിത തോല്‍വിയാണ് (32) ചെന്നൈ ടീമിന്റെ കിരീടപ്പോരാട്ടം അവസാന കളിയിലേക്ക് നീട്ടിയത്.
Content Highlights: Chennai City, East Bengal Eye Title Win on Final Day of I-League