ഫുട്‌ബോൾ ഇതിഹാസ ഡീഗോ മാറഡോണയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ നേപ്പിൾസിലെ സാൻ പോളോ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ ജനം | Photo: Salvatore Laporta| AP
ബ്യൂണസ് ഐറിസ്: കഴിഞ്ഞ ദിവസം അന്തരിച്ച അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ സംസ്‌കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടരത്തില്‍ നടക്കും. അര്‍ജന്റീന പ്രസിഡന്റിന്റെ ഓഫീസും ഔദ്യോഗിക വസതിയുമാണ് കാസ റൊസാഡ.
എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി വ്യാഴാഴ്ച അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് അര്‍ജന്റീന സര്‍ക്കാര്‍ അറിയിച്ചു. മാറഡോണയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ബുധനാഴ്ച ടിഗ്രെയിലെ സ്വവസതിയില്‍ പ്രാദേശിക സമയം രാവിലെ 11.30-ഓടെയായിരുന്നു ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ ആദ്യവാരം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനു ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
സാന്‍ ഫെറാന്‍ഡോ ആശുപത്രിയില്‍ വൈകീട്ട് 7.30 മുതല്‍ 10 മണിവരെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍. തുടര്‍ന്ന് 11 മണിയോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിനായി കാസ റൊസാഡയിലേക്ക് മാറ്റി. വഴിയിലുടനീളം നിരവധിയാളുകളാണ് മാറഡോണയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന് ചുറ്റുംകൂടിയത്. ഇതിനാല്‍ തന്നെ രാത്രി 1.30-ഓടെയാണ് മാറഡോണയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി സര്‍ക്കാര്‍ വസതിയില്‍ എത്തിക്കാനായത്.
ഫുട്‌ബോള്‍ ഇതിഹാസത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ സര്‍ക്കാര്‍ വസതിയിലേക്ക് ജനപ്രവാഹമാണ്.
Content Highlights: State funeral for Diego Maradona at the presidential palace Casa Rosada