മാറയും ഡോണയും പിതാവ് വാൾട്ടർ റോട്ടുൺഡോയ്‌ക്കൊപ്പം | Photo:reuters.com
ബ്യൂണസ് ഐറിസ്: ഫുട്‌ബോളെന്നാല്‍ അര്‍ജന്റീന ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് ജീവശ്വാസമായിരുന്നു. അര്‍ജന്റീനക്കാര്‍ക്കാകട്ടെ മാറഡോണ ദൈവവും.
നവംബര്‍ 25-ന് ആ ഇതിഹാസം എന്നന്നേക്കുമായി വിടപറഞ്ഞപ്പോള്‍ അര്‍ജന്റീന ഒന്നാകെ തേങ്ങി. മാറഡോണ എന്ന താരം അര്‍ജന്റീനക്കാര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു എന്നതിന് കാസ റൊസാഡ കൊട്ടാരത്തില്‍ പൊതുദര്‍ശനത്തിനുവെച്ച അദ്ദേഹത്തിന്റെ മൃതദേഹം കാണാനെത്തിയ ജനസാഗരം തന്നെയാണ് തെളിവ്.
ഇത്തരത്തില്‍ മാറഡോണയുടെ ഒരു കടുത്ത ആരാധകനുണ്ട് ബ്യൂണസ് ഐറിസില്‍. പേര് വാള്‍ട്ടര്‍ റോട്ടുണ്‍ഡോ. ഇദ്ദേഹത്തിന്റെ വീട്ടില്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പേര് മുഴങ്ങിക്കേള്‍ക്കാത്ത ദിവസം പോലുമുണ്ടാകില്ല. കാരണം റോട്ടുണ്‍ഡോ തന്റെ ഒമ്പത് വയസുള്ള ഇരട്ട പെണ്‍കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത് മാറയെന്നും ഡോണയെന്നുമാണ്. ഫുട്‌ബോള്‍ ഇതിഹാസത്തിന് ഒരു ആരാധകന്റെ ജീവിക്കുന്ന ആദരം.

1990 ലോകകപ്പ് ഫൈനലില്‍ പശ്ചിമ ജര്‍മനിയോട് പരാജയപ്പെട്ട ശേഷം കരയുന്ന മാറഡോണയുടെ മുഖം കണ്ട ശേഷം തന്നെ താന്‍ ഈ തീരുമാനമെടുത്തിരുന്നുവെന്ന് റോട്ടുണ്‍ഡോ പറയുന്നു. അതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം സ്റ്റെല്ല മാരിസിനെ ജീവിതസഖിയാക്കുന്നത്. 2011-ല്‍ ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ പിറന്നു. പേരിടാന്‍ റോട്ടുണ്‍ഡോയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
Content Highlights: Mara and Dona the spirit of Diego Maradona has a living tribute