Photo: twitter.com|NewsBFM
ബ്യൂണസ് ഐറിസ്: കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ സ്ഥാപനത്തിലെ ജീവനക്കാരനെതിരേ നടപടി. മാറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോയെടുത്ത ഇയാളെ പിരിച്ചുവിട്ടതായി സ്ഥാപനം അറിയിച്ചു.
ഈ ചിത്രം പുറത്തുവന്നതിനു പിന്നാലെ ജീവനക്കാരനെതിരേ രാജ്യമെമ്പാടും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പിരിച്ചുവിട്ടതായി സ്ഥാപനം വ്യക്തമാക്കിയത്.
ബ്യൂണസ് ഐറിസിലെ സെപെലിയോസ് പിനിയര്‍ എന്ന ഫ്യൂണറല്‍ പാര്‍ലറാണ് ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തത്. പൊതുദര്‍ശനത്തിനും മറ്റുമായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് ശവപ്പെട്ടി തുറന്ന് ഇയാള്‍ മാറഡോണയുടെ മൃതദേഹത്തിനൊപ്പം ചിത്രമെടുത്തത്.
ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് ഇയാള്‍ക്കെതിരേ ഉയര്‍ന്നത്. ഇതോടെയാണ് സ്ഥാപനം ഇയാള്‍ക്കെതിരേ നടപടിയെടുത്തത്. ജീവനക്കാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും സ്ഥാപനം പുറത്തുവിട്ടിട്ടില്ല. മാറഡോണയുടെ മൃതദേഹത്തിനൊപ്പമുള്ള മറ്റൊരു ജീവനക്കാരന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.
വ്യാഴാഴ്ച ബ്യൂണസ് ഐറിസിലെ ബെല്ല വിസ്റ്റ സെമിത്തേരിയിലാണ് ഫുട്ബോള്‍ ഇതിഹാസതാരം ഡീഗോ മാറഡോണയുടെ മൃതദേഹം സംസ്‌കരിച്ചത്. ആകെ 24 പേര്‍ മാത്രമാണ് താരത്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. ബുധനാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
Content Highlights: Funeral worker sacked for taking photo with Diego Maradona in coffin