1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ ഡീഗോ മാറഡോണ കൈകൊണ്ട് നേടിയ ഗോൾ | Photo: Bob Thomas| Getty Images
ലണ്ടന്‍: 34 വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1986 ജൂണ്‍ 22-ന് മെക്സിക്കോ സിറ്റിയിലെ ആസ്റ്റക്ക് സ്റ്റേഡിയത്തില്‍ ഒരു 'കൈ' പ്രയോഗം അരങ്ങേറിയിരുന്നു. ചരിത്രമായി മാറിയ 'ദൈവത്തിന്റെ കൈ' എന്ന പേരില്‍ പ്രശസ്തമായ ഗോളിന്റെ സ്രഷ്ടാവ് കഴിഞ്ഞ ദിവസം ദൈവത്തിലേക്ക് മടങ്ങി. ആ കൈ പ്രയോഗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാറ്റാരുമായിരുന്നില്ല ഫുട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ ഡീഗോ അര്‍മാന്‍ഡോ മാറഡോണയും.
34 വര്‍ഷം മുമ്പ് മാറഡോണ ചെയ്ത ആ വലിയ തെറ്റിന് ഇന്നും മാപ്പ് നല്‍കാന്‍ സാധിക്കാത്ത ഒരാള്‍ അങ്ങ് ഇംഗ്ലണ്ടിലുണ്ട്. 1986 ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഗോള്‍കീപ്പറായിരുന്ന പീറ്റര്‍ ഷില്‍ട്ടന്‍.
മെക്സിക്കോ സിറ്റിയിലെ ആസ്റ്റക്ക് സ്റ്റേഡിയത്തിലെ അന്നത്തെ ആ സംഭവത്തിന് ശേഷം പിന്നീട് ഒരിക്കലും മാറഡോണയെ കാണാന്‍ ഷില്‍ട്ടണ്‍ ശ്രമിച്ചിട്ടില്ല. പക്ഷേ ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ വിയോഗം തന്നെ ദുഃഖത്തിലാഴ്ത്തിയെന്ന് ഷില്‍ട്ടന്‍ തുറന്നുപറഞ്ഞു. എങ്കിലും അന്നത്തെ ആ ചതിക്ക് ഇന്നും മാപ്പുനല്‍കാന്‍ ഒരുക്കമല്ല ഷില്‍ട്ടന്‍.
''അന്നത്തെ ആ സംഭവം വര്‍ഷങ്ങളോളം എന്നെ അലട്ടിയിരുന്നു. ഇപ്പോഴും അതിനെ കുറിച്ച് എനിക്ക് കള്ളം പറയാന്‍ സാധിക്കുകയില്ല. ഒരിക്കല്‍ പോലും അതിന്റെ പേരില്‍ മാറഡോണ ഖേദം പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹം വലിയവനായിരിക്കാം പക്ഷേ സ്‌പോര്‍ട്മാന്‍ സ്പിരിറ്റ് ഇല്ലാത്തയാളാണ്.'' - ഷില്‍ട്ടന്‍ പറഞ്ഞു.
1986 മേയ് 31 മുതല്‍ ജൂണ്‍ 29 വരെ മെക്സിക്കോയില്‍ നടന്ന പതിമൂന്നാമത് ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലാണ് വിഖ്യാതമായ ആ ഗോളിന്റെ പിറവി. മത്സരത്തിന്റെ 51-ാം മിനിറ്റില്‍ മാറഡോണയും സഹതാരം ജോര്‍ജ് വാല്‍ഡാനോയും ചേര്‍ന്ന ഒരു മുന്നേറ്റം. ക്യാപ്റ്റനില്‍ നിന്ന് പാസ് സ്വീകരിച്ച വാല്‍ഡാനോ ഇംഗ്ലീഷ് പ്രതിരോധനിരക്കാരെ വെട്ടിയൊഴിയാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് താരം സ്റ്റീവ് ഹോഡ്ജിന്റെ കൃത്യസമയത്തെ ഇടപെടല്‍ മൂലം ആ ശ്രമം വിഫലമാക്കപ്പെടുന്നു. പക്ഷേ ആ ശ്രമത്തില്‍ ഹോഡ്ജിന് ഒരു പിഴവ് സംഭവിച്ചു. അദ്ദേഹം ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന് മറിച്ച് നല്‍കാന്‍ ശ്രമിച്ച പന്ത് നേരെ പോയത് മാറഡോണയുടെ മുന്നിലേക്ക്.
തന്നേക്കാള്‍ 20 സെന്റീമീറ്ററോളം ഉയരമുള്ള ഷില്‍ട്ടനെ മറികടക്കാന്‍ സാധിക്കില്ലെന്ന് ഞൊടിയിടയില്‍ തിരിച്ചറിഞ്ഞ മാറഡോണ, ബോക്‌സിലേക്കെത്തിയ പന്ത് വലതുകൈ കൊണ്ട് തട്ടിയകറ്റാന്‍ എത്തിയ ഷില്‍ട്ടനു മുന്നില്‍ ചാടി ഉയര്‍ന്ന തന്റെ ഇടംകൈ കൊണ്ട് പന്ത് ഷില്‍ട്ടന്റെ തലയ്ക്ക് മുകളിലൂടെ തട്ടി വലയിലാക്കുകയായിരുന്നു.
Content Highlights: England legend Peter Shilton can t forgive Hand of God by Diego Maradona