ദൈവത്തിന്റെ 'കൈ' സഹായത്തില്‍ പിറന്ന ഗോള്‍, ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഗോള്‍


അഭിനാഥ് തിരുവലത്ത്

3 min read
Read later
Print
Share

1986 മേയ് 31 മുതല്‍ ജൂണ്‍ 29 വരെ മെക്‌സിക്കോയില്‍ നടന്ന പതിമൂന്നാമത് ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലാണ് വിഖ്യാതമായ ആ ഗോളിന്റെ പിറവി

1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ ഡീഗോ മാറഡോണ കൈകൊണ്ട് നേടിയ ഗോൾ | Photo: Bob Thomas| Getty Images

ഫുട്ബോള്‍ മൈതാനത്ത് കാലുകളാണ് താരം. 90 മിനിറ്റ് നീളുന്ന മത്സരത്തില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമുള്ളത് ഗോള്‍ കീപ്പര്‍മാരുടെ നാലേ നാലു കൈകള്‍ക്ക് മാത്രമാണ്. 34 വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1986 ജൂണ്‍ 22-ന് മെക്‌സിക്കോ സിറ്റിയിലെ ആസ്റ്റക്ക് സ്റ്റേഡിയത്തില്‍ ഒരു 'കൈ' പ്രയോഗം അരങ്ങേറി. ലോകത്തെ ഒരു ചെറിയ ഗോളത്തിലേക്ക് ആവാഹിക്കുന്ന ഫുട്ബോള്‍ എന്ന കളിക്ക് ജീവനുള്ള കാലത്തോളം ആരും മറക്കാത്ത ഒരു കൈ പ്രയോഗം. ആ കൈ പ്രയോഗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതോ ഫുട്ബോള്‍ ഇതിഹാസം സാക്ഷാല്‍ ഡീഗോ അര്‍മാന്‍ഡോ മാറഡോണയും.

ചരിത്രമായി മാറിയ 'ദൈവത്തിന്റെ കൈ' പതിഞ്ഞ ഗോള്‍ പിറന്നിട്ട് 34 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. അതിന്റെ കാരണക്കാരന്‍ പിറന്നിട്ട് 60 വര്‍ഷവും. മാറഡോണയെന്ന അതിമാനുഷനെ കുറിച്ച് പറയുമ്പോഴെല്ലാം ആളുകള്‍ ഓര്‍ക്കുക 1986 ലോകകപ്പിലെ ആ ഗോളിനെ കുറിച്ചാണ്.

1986 മേയ് 31 മുതല്‍ ജൂണ്‍ 29 വരെ മെക്‌സിക്കോയില്‍ നടന്ന പതിമൂന്നാമത് ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലാണ് വിഖ്യാതമായ ആ ഗോളിന്റെ പിറവി. ആസ്റ്റക്ക് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലേറെ കാണികള്‍ സാക്ഷിയായ മത്സരം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 51-ാം മിനിറ്റിലാണ് ടീമിനായി ക്യാപ്റ്റന്‍ കൂടിയായ മാറഡോണ ആ കടും 'കൈ' ചെയ്തത്. മാറഡോണയും സഹതാരം ജോര്‍ജ് വാല്‍ഡാനോയും ചേര്‍ന്ന ഒരു മുന്നേറ്റം. ക്യാപ്റ്റനില്‍ നിന്ന് പാസ് സ്വീകരിച്ച വാല്‍ഡാനോ ഇംഗ്ലീഷ് പ്രതിരോധനിരക്കാരെ വെട്ടിയൊഴിയാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് താരം സ്റ്റീവ് ഹോഡ്ജിന്റെ കൃത്യസമയത്തെ ഇടപെടല്‍ മൂലം ആ ശ്രമം വിഫലമാക്കപ്പെടുന്നു. പക്ഷേ അ ശ്രമത്തില്‍ ഹോഡ്ജിന് ഒരു പിഴവ് സംഭവിച്ചു. അദ്ദേഹം ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന് മറിച്ച് നല്‍കാന്‍ ശ്രമിച്ച പന്ത് നേരെ പോയത് മാറഡോണയുടെ മുന്നിലേക്ക്. പന്ത് പിടിക്കാന്‍ ഷില്‍ട്ടനും ഗോളടിക്കാന്‍ മാറഡോണയ്ക്കും ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സ്.

പക്ഷേ തന്നേക്കാള്‍ 20 സെന്റീമീറ്ററോളം ഉയരമുള്ള ഷില്‍ട്ടനെ മറികടക്കാന്‍ സാധിക്കില്ലെന്ന് ഞൊടിയിടയില്‍ തിരിച്ചറിഞ്ഞ മാറഡോണ ആ അറ്റ'കൈ' പ്രയോഗത്തിന് മുതിര്‍ന്നു. ബോക്സിലേക്കെത്തിയ പന്ത് വലതുകൈ കൊണ്ട് തട്ടിയകറ്റാന്‍ എത്തിയ ഷില്‍ട്ടനു മുന്നില്‍ ചാടി ഉയര്‍ന്ന മാറഡോണ തന്റെ ഇടംകൈ കൊണ്ട് പന്ത് ഷില്‍ട്ടന്റെ തലയ്ക്ക് മുകളിലൂടെ തട്ടി വലയിലാക്കി. മാറഡോണ ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ മൈതാനത്തെ മറ്റുള്ളവരെല്ലാം കണ്ടിരുന്നു അയാള്‍ കൈകൊണ്ടാണ് ഗോള്‍ നേടിയതെന്ന്. ഒരാളൊഴികെ ടുണീഷ്യന്‍ റഫറി ബിന്‍ നാസര്‍.

ടീം അംഗങ്ങളെല്ലാം തന്നെ വന്ന് അഭിനന്ദിക്കുമെന്ന് മാറഡോണ കരുതി. പക്ഷേ അതുണ്ടായില്ല. റഫറിക്ക് സംശയം തോന്നാതിരിക്കാന്‍ തന്നെ വന്ന് കെട്ടിപ്പിടിക്കാന്‍ അയാള്‍ക്ക് സഹതാരങ്ങളോട് പറയേണ്ടി വന്നു. ആ ഗോളിനെ കുറിച്ച് പില്‍ക്കാലത്ത് അദ്ദേഹം തന്നെ വെളിപ്പെടുത്തിയതാണിത്.

ലൈന്‍ റഫറിയായിരുന്ന ബോഗ്ഡാന്‍ ഗണേവ് ഡോഷേവ് എന്ന ബള്‍ഗേറിയക്കാരന്‍ വെള്ളവരയ്ക്കപ്പുറത്ത് അചഞ്ചലനായി നിന്നു. ബിന്‍ നാസറിന്റെ വിധിവന്നു ഗോള്‍. ഷില്‍ട്ടന്‍ അടക്കമുള്ള ഇംഗ്ലണ്ട് താരങ്ങളെല്ലാം റഫറിക്ക് ചുറ്റും നിന്ന് ഹാന്‍ഡ് ബോളാണെന്ന് വാദിച്ചു. യാതൊരു ഫലവും ഉണ്ടായില്ല.

ആസ്റ്റക്ക് സ്റ്റേഡിയത്തിലെ ഇംഗ്ലണ്ട് കാണികള്‍ ക്ഷുഭിതരായി. ചെകുത്താന്റെ കൈ എന്ന് അട്ടഹസിച്ച കാണികള്‍ മാറഡോണയ്ക്കു നേരം കൂവി വിളിച്ചു. കമന്റേറ്റര്‍മാരടക്കം മാറഡോണയ്ക്കെതിരേ തിരിഞ്ഞു. അടുത്ത ദിവസം അയാളുടെ പേരിനൊപ്പം ഫുട്ബോളിനെ ചതിച്ചവന്‍ എന്ന് അച്ചുനിരത്താന്‍ ഇംഗ്ലണ്ടിലെ പത്രങ്ങള്‍ ഒന്നടങ്കം തയ്യാറെടുത്തു.

എന്നാല്‍ നാലു മിനിറ്റുകള്‍ക്കപ്പുറം വില്ലനില്‍ നിന്ന് നായകനായി മാറഡോണ പകര്‍ന്നാടി. നാലു മിനിറ്റുകള്‍ക്ക് മുമ്പ് 'കൈ'യില്‍ പതിഞ്ഞ പാപക്കറ കഴുകിക്കളയാന്‍ പോന്നൊരു ഗോളിലൂടെ.

പിന്നീട് മാറഡോണ തന്നെ പറഞ്ഞു ആ ഗോളില്‍ ദൈവത്തിന്റെ കൈ പതിഞ്ഞിരുന്നു. എന്നാല്‍ മെക്‌സിക്കന്‍ ഫോട്ടോഗ്രാഫര്‍ അലസാന്‍ഡ്രോ ഒയേഡ കര്‍ബാജയുടെ ചിത്രം ആ നിമിഷത്തെ ഒപ്പിയെടുത്ത് ഇന്നും നിലകൊള്ളുന്നു.

ഇംഗ്ലണ്ടിനെ 2-1ന് മറികടന്ന അര്‍ജന്റീന് സെമിയിലേക്കും പിന്നീട് കിരീടത്തിലേക്കും നടന്നുകയറി. അന്ന് തോല്‍പ്പിച്ചത് ഫുട്‌ബോള്‍ ടീമിനെയായിരുന്നില്ല ഒരു രാജ്യത്തെ തന്നെയാണെന്നുവെന്ന് പില്‍ക്കാലത്ത് ഇംഗ്ലണ്ടിനെതിരായ ആ മത്സരത്തെ കുറിച്ച് മറഡോണ കുറിച്ചു.

Content Highlights: Diego Maradona and the story behind hand of God unknown facts

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram