ഇനിയാണ് കളി; ഒത്തുവന്നാൽ ബ്രസീൽ-അർജന്റീന സെമി


1 min read
Read later
Print
Share

ലോകകപ്പ് പ്രീക്വാർട്ടറിനു മുന്നിലെത്തിനിൽക്കുമ്പോൾ കളിയാരാധകരുടെ ആകാംക്ഷകൾക്കൊത്ത് പ്രവചനങ്ങളും ബെറ്റിങ്ങുമെല്ലാം പൊടിപൊടിക്കുകയാണ്

മോസ്‌കോ: ബ്രസീൽ, അർജന്റീന ആരാധകരുടെ ആഗ്രഹങ്ങൾ ജൂലായ് ഏഴുവരെ അതുപോലെ നടന്നാൽ ഒരുകാര്യം ഉറപ്പ് - റഷ്യൻ ലോകകപ്പിന്റെ സെമിഫൈനലിൽ ഏവരും കാത്തിരിക്കുന്ന ആ പോരാട്ടം നടക്കും. ജൂലായ് 10-ന് നടക്കുന്ന ആദ്യസെമിയിൽ ബ്രസീൽ, അർജന്റീനയുമായി കൊമ്പുകോർക്കും. പക്ഷേ, അപ്പോഴേക്കും മെസ്സിക്കും സംഘത്തിനും രണ്ടു കളികളിലായി അരിഞ്ഞുവീഴ്ത്തേണ്ടിവരുന്നത് ഫ്രാൻസും യുറഗ്വായും അടക്കമുള്ള മുൻ ലോകചാമ്പ്യന്മാരെ, അല്ലെങ്കിൽ ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിനെ.

ലോകകപ്പ് പ്രീക്വാർട്ടറിനു മുന്നിലെത്തിനിൽക്കുമ്പോൾ കളിയാരാധകരുടെ ആകാംക്ഷകൾക്കൊത്ത് പ്രവചനങ്ങളും ബെറ്റിങ്ങുമെല്ലാം പൊടിപൊടിക്കുകയാണ്.

എട്ട് പ്രീക്വാർട്ടർ മത്സരങ്ങളുടെ ആദ്യപകുതിയിലാണ് കടലാസിലെ ശക്തരായ ടീമുകളിൽ മിക്കതും. യുറഗ്വായും പോർച്ചുഗലും ഫ്രാൻസും അർജന്റീനയും സ്പെയിനുമെല്ലാം വരുന്നത് ഇവിടെത്തന്നെ. ബ്രസീലും ഇംഗ്ലണ്ടും മാത്രമാണ് രണ്ടാം പകുതിയിലെ ‘ശക്തർ’. ക്വാർട്ടർ തീരുന്നതോടെ പ്രീക്വാർട്ടറിലെ രണ്ടു പകുതികൾ എന്ന വ്യത്യാസം മാഞ്ഞുപോകും. അങ്ങനെയാണ് ജയിച്ചുകയറിയാൽ അർജന്റീന-ബ്രസീൽ എന്ന സാധ്യതയിലേക്കെത്തുന്നത്.

അർജന്റീനയ്ക്ക് പ്രീക്വാർട്ടറിൽ 1998-ലെ ചാമ്പ്യന്മാരായ ഫ്രാൻസാണ് എതിരാളികൾ. ഇതിൽ ജയിച്ചാൽ ക്വാർട്ടറിൽ യുറഗ്വായ്-പോർച്ചുഗൽ മത്സരത്തിലെ വിജയികളെ നേരിടും. പോർച്ചുഗലാണ് വരുന്നതെങ്കിൽ ബാഴ്‌സലോണ-റയൽ പോരാട്ടങ്ങളിൽ കണ്ടിട്ടുള്ളതുപോലെ മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടത്തിന് ഈ കളി വഴിയൊരുക്കും. ജയിച്ചാൽ അർജന്റീന സെമിയിലെത്തും.

ആദ്യകളിയിൽ ജർമനിയെ അട്ടിമറിച്ച മെക്സിക്കോയാണ് പ്രീക്വാർട്ടറിൽ ബ്രസീലിനെ കാത്തിരിക്കുന്നത്. ജയിച്ചാൽ ക്വാർട്ടറിൽ ഒരുപക്ഷേ, ബെൽജിയത്തെയോ ഇംഗ്ലണ്ടിനെയോ നേരിടേണ്ടിവരും. അതും കടന്നാൽ സെമിയിൽ അർജന്റീനയെ നേരിടേണ്ടിവന്നേക്കാം.

2010-ലെ ചാമ്പ്യന്മാരായ സ്പെയിനിന് കാര്യങ്ങൾ കുറേക്കൂടി എളുപ്പമാണ്. റഷ്യയാണ് പ്രീക്വാർട്ടറിൽ എതിരാളികൾ. ജയിച്ചാൽ ക്വാർട്ടറിൽ ക്രൊയേഷ്യയെയോ ഡെന്മാർക്കിനെയോ നേരിടേണ്ടിവരും. ജയിച്ചാൽ സെമിയിൽ ഇംഗ്ലണ്ടോ ബെൽജിയമോപോലുള്ള ടീമുകളെ നേരിടാം. ഈ സാധ്യതകളെല്ലാം ഒത്തുവന്നാൽ ജൂലായ് 15-ന് ബ്രസീൽ-സ്പെയിൻ ഫൈനലോ അർജന്റീന-സ്പെയിൻ ഫൈനലോ സംഭവിച്ചേക്കാം. ജർമനിയുടെ ആദ്യറൗണ്ടിലെ ദുരന്തംപോലുള്ളവ പ്രീക്വാർട്ടറിലും സംഭവിച്ചാൽ എല്ലാ കണക്കും പിഴയ്ക്കും. ഒരുപക്ഷേ, ലോകകപ്പിനുതന്നെ ഒരു പുതിയ അവകാശിവന്നേക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram