ബ്യൂണസ് ഏറീസ്: ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍ മിലാന് വേണ്ടി മികച്ച ഫോമില്‍ കളിച്ചിട്ടും ഇക്കാര്‍ഡിക്ക് ലോകകപ്പിനുള്ള അര്‍ജന്റീന ടീമില്‍ സ്ഥാനം നല്‍കാത്തത് ഏറെ ചര്‍ച്ചയായിരുന്നു. അര്‍ജന്റീനയുടെ പരിശീലകന്‍ സാംപോളിക്കെതിരെ വിമര്‍ശനങ്ങളുയരുകയും ചെയ്തു. ഫോമിലല്ലാത്ത ഹിഗ്വെയ്‌നെ ടീമിലെടുത്തിട്ടും ഇക്കാര്‍ഡിക്ക് സ്ഥാനം നിഷേധിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.
എന്നാല്‍ അതിന് പിന്നാലെ അര്‍ജന്റീനക്കെതിരെ വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോയുടെ ഭാര്യ ഇല്ലിയാന ഗ്വാര്‍സിയോ. റൊമേറോയ്ക്ക് ഗുരുതരമായ പരിക്കില്ലെന്നും ലോകകപ്പിന് കളിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും ഇല്ലിയാന വ്യക്തമാക്കി. ലോസ് ഏയ്ഞ്ചല്‍സ് ഡി ലാ മനാന എന്ന ടിവി ഷോയില്‍ സംസാരിക്കുകയായിരുന്നു ഇല്ലിയാന.
'റൊമേറോയുടെ തരുണാസ്ഥിക്ക് ചെറുതായി സ്ഥാനചലനം സംഭവിട്ടേയുള്ളു. അല്ലാതെ പൊട്ടിയിട്ടൊന്നുമില്ല. ലോകകപ്പില്‍ കളിക്കുന്നതില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതാണ്. മൂന്നാഴ്ച്ചത്തെ വിശ്രമം മാത്രമാണ് വേണ്ടത്. എന്നാല്‍ അദ്ദേഹത്തെ പുറത്തിരുത്തണമെന്നാണ് ചിലരുടെ ആഗ്രഹം. അതിന് വേണ്ടിയാണ് അസ്ഥി പൊട്ടിയിരിക്കുകയാണെന്ന് അവര്‍ പറയുന്നത്. എനിക്ക് ഇനിയും ഇത്തരം കള്ളങ്ങള്‍ കേള്‍ക്കാന്‍ വയ്യ'. റൊമേറോയുടെ ഭാര്യ ചൂണ്ടികാട്ടുന്നു.
നേരത്തെ സാംപോളി പ്രഖ്യാപിച്ച അവസാന 23 അംഗ ടീമില്‍ റൊമേറോയുണ്ടായിരുന്നു. ടീമിനൊപ്പം താരം പരിശീലനം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ റൊമേറോയ്ക്ക് കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന്് മുക്തനാകാന്‍ കഴിഞ്ഞിട്ടില്ലെന്നും ലോകകപ്പിനുണ്ടാകില്ലെന്നും അര്‍ജന്റീന ടീം വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. അവരുടെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇത്.
രാജ്യത്തിനായി 94 മത്സരങ്ങള്‍ കളിച്ച താരമാണ് 31-കാരനായ സെര്‍ജിയോ റൊമേറോ. ഈ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ ഗോള്‍വല കാത്തതും പരിചയസമ്പന്നരായ റൊമേറോയായിരുന്നു. 2014 ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനലിലെത്തിക്കുന്നതില്‍ റൊമേറോയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഹോളണ്ടിനെതിരായ സെമിയിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റൊമേറോയുടെ സേവുകളാണ് അര്‍ജന്റീനയ്ക്ക് ഫൈനലിലേക്കുള്ള വഴി തുറന്നത്.
റൊമേറോയ്ക്ക് പകരം മെക്സിക്കന്‍ ക്ലബ്ബ് ടൈഗ്രസിന്റെ നഹ്വല്‍ ഗുസ്മാനെ ടീമില്‍ ഉള്‍പ്പെടുത്തും. ഗ്രൂപ്പ് ഡിയില്‍ ജൂണ്‍ 16ന് ഐസ്ലന്‍ഡിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.
Content Highlights: Sergio Romero’s wife says her husband is fit for World Cup and that Argentina lied over injury