മോസ്‌കോ: ബ്രസീലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ക്ക് പരിക്കെന്ന് സൂചന. കോസ്‌റ്ററീക്കയ്ക്കെതിരായ നിര്‍ണായക മത്സരത്തിന് മുന്നോടിയായുള്ള ബ്രസീല്‍ ടീമിന്റെ പരിശീലനത്തിന് നെയ്മര്‍ പിന്‍മാറി. പരിശീലനത്തിനിടെ കാലിന് വേദന കൂടിയതിനെ തുടര്‍ന്നാണ് അദ്ദേഹം പിന്‍വലിഞ്ഞത്.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ നിരവധി തവണ ഫൗളിന് വിധേയനായ നെയമര്‍ക്ക് നേരത്തെയുണ്ടായിരുന്ന പരിക്ക് വീണ്ടും അലട്ടുന്നതായാണ് റിപ്പോര്‍ട്ട്. കാലിനാണ് പരിക്ക്. ആദ്യ മത്സരം സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് കോസ്‌റ്ററീക്കയ്‌ക്കെതിരായ മത്സരം നിര്‍ണായകമാണ്.
ലോകകപ്പിന് റഷ്യയിലെത്തുന്നതിന് മുമ്പ് തന്നെ നെയ്മറെ പരിക്ക് അലട്ടിയിരുന്നു. ഇതിന് ശേഷം ക്രൊയേഷ്യക്കെതിരേ നടന്ന സൗഹൃദ മത്സരത്തിനിറങ്ങി ഗോളടിച്ച നെയ്മര്‍ ശുഭസൂചന നല്‍കിയിരുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിന് ശേഷം നെയ്മര്‍ ചികിത്സയിലാണെന്നാണ് ബ്രസീൽ ടീമുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേ സമയം നെയ്മറുടെ പരിക്ക് ഗുരതരമല്ലെന്നാണ് അവരുടെ മീഡിയ ഓഫീസര്‍ വിനിഷ്യസ് റോഡ്രിഗസ് അറിയിച്ചത്. അദ്ദേഹത്തിന് വലത് കണങ്കാലിന് ചെറിയ വേദനയുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പരിശീലനത്തില്‍ നിന്ന് വിട്ട് നിന്നതെന്നും അടുത്ത ദിവസങ്ങളില്‍ നെയമര്‍ പരിശീലനത്തില്‍ സജീവമാകുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Neymar hobbles out of Brazil training ahead of World Cup clash with Costa Rica