ബ്യൂണസ് ഏറീസ്: അര്‍ജന്റീനയുടെ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി. അര്‍ജന്റീന ലോകകപ്പ് നേടുമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ അത് യാഥാര്‍ത്ഥ്യം കൂടി ഉള്‍ക്കൊണ്ടാവണമെന്നും മെസ്സി വ്യക്തമാക്കി. അര്‍ജന്റീനയിലെ മാധ്യമമായ ചാനല്‍ 13-ന് നല്‍കിയ അഭിമുഖത്തിലായിരുന്നു മെസ്സിയുടെ മുന്നറിയിപ്പ്.
'റഷ്യയിലേക്ക് ഞങ്ങള്‍ പോകുന്നത് ഫേവറൈറ്റുകളായല്ലെന്ന് ആരാധകര്‍ മനസ്സിലാക്കണം. മികച്ച കളിക്കാരുടെ ഒരു സംഘം തന്നെയാണ് ഞങ്ങള്‍. പോരാട്ടത്തിന് ഞങ്ങള്‍ തയ്യാറുമാണ്. ഈ ടീമില്‍ എനിക്ക് വിശ്വാസമുണ്ട്. അനുഭവവും കഴിവുമുള്ള താരങ്ങള്‍ ടീമിലുണ്ട്. പക്ഷേ ഏറ്റവും മികച്ച ടീം ഞങ്ങളാണെന്ന് പറയാനാകില്ല, കാരണം സത്യം അതല്ല ' മെസ്സി വ്യക്തമാക്കി.
ബ്രസീലും സ്‌പെയിനും ജര്‍മനിയും മികച്ച ടീമുകളുമായാണ് എത്തുന്നതെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. സ്‌പെയിനിന് വേണ്ടി ലോകകപ്പ് കളിക്കണമെന്ന് ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടില്ലെന്നും ബാഴ്‌സലോണ എന്നത് തന്റെ യൂറോപ്യന്‍ ക്ലബ്ബ് മാത്രമാണെന്നും മെസ്സി വ്യക്തമാക്കി.
Content Highlights: Messi warns fans says Argentina not favourites FIFA World Cup 2018