റഷ്യ ആവര്‍ത്തിക്കാതിരിക്കാന്‍ ജോക്കിം ലോ ശൈലി മാറ്റണം; ഫിലിപ്പ് ലാം


1 min read
Read later
Print
Share

ഈ കൂടിക്കാഴ്ചയെ കുറിച്ച് പൊതുസമൂഹത്തോട് പ്രതികരിക്കാന്‍ ഓസിലും അതുപോലെ എര്‍ഡോഗനും ശ്രമിച്ചില്ല. എന്നാല്‍ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി അവര്‍ പ്രതികരിക്കണമായിരുന്നെന്നും ലാം കൂട്ടിച്ചേര്‍ത്തു.

ബെര്‍ലിന്‍: റഷ്യന്‍ ലോകകപ്പിലേതു പോലുള്ള മോശം പ്രകടനം ഇനി ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ജര്‍മന്‍ പരിശീലകന്‍ ജോക്കിം ലോ തന്റെ നേതൃശൈലി മാറ്റണമെന്ന് ഫിലിപ്പ് ലാം. 2014-ല്‍ ലോകകപ്പുയര്‍ത്തിയ ജര്‍മന്‍ ടീമിന്റെ നായകനായിരുന്നു പ്രതിരോധനിര താരമായിരുന്ന ലാം.

2014-ലെ ലോകചാമ്പ്യന്മാര്‍ ഇത്തവണ മെക്‌സിക്കോയോടും ദക്ഷിണ കൊറിയയോടും തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നാട്ടിലേക്ക് വിമാനം കയറിയിരുന്നു. ഇതിനു പിന്നാലെ ലോയുടെ ഭാവിയെച്ചൊല്ലി നിരവധി സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ലോ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ലോയുടെ പരിശീലനത്തില്‍ തന്നെയാണ് ഫിലിപ്പ് ലാമിന്റെ നേതൃത്വത്തില്‍ ജര്‍മനി കഴിഞ്ഞതവണ കപ്പുയര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ അദ്ദേഹം വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങുന്നുവെന്നാണ് ലാമിന്റെ ആരോപണം. രാജ്യാന്തരതലത്തില്‍ പുതിയ തലമുറയിലെ മത്സരങ്ങളില്‍ വിജയിക്കാന്‍ ലോ തന്റെ നേതൃശൈലി മാറ്റണമെന്ന് ലാം പറഞ്ഞു. സമൂഹമാധ്യമമായ ലിങ്ക്ഡ്ഇന്നിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ടീമിന്റെ ദൗര്‍ബല്യത്തെയല്ല തോല്‍വി കാണിക്കുന്നത്. മറിച്ച് ടീമിന്റെ വളര്‍ച്ചയിലെ പ്രശ്‌നങ്ങളെയാണ്. 2014-ലെ ശൈലി പിന്തുടര്‍ന്ന ലോ അന്ന് ടീമിലുണ്ടായിരുന്ന കളിക്കാരെ തന്നെയാണ് ഇത്തവണയും ഏറെ ആശ്രയിച്ചത്. ഇൗ തീരുമാനങ്ങളെല്ലാം തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു ടീമിന്റെ പ്രകടനം. മുന്‍ വര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ തന്നെ ഇത്തവണയും വിജയം കൊണ്ടുവരുമെന്ന് പരിശീലക സംഘം വിചാരിച്ചു, എന്നാല്‍ അത് തെറ്റിപ്പോയെന്നും ലാം പറഞ്ഞു.

അതേസമയം ലോകകപ്പിനു മുന്‍പ് മെസ്യുട്ട് ഓസില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ഡോഗനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത് ടീമിലും പുറത്തും ഏറെ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിരുന്നു. ഈ സാഹചര്യവും വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെന്നും ലാം ചൂണ്ടിക്കാട്ടി.

ഈ കൂടിക്കാഴ്ചയെ കുറിച്ച് പൊതുസമൂഹത്തോട് പ്രതികരിക്കാന്‍ ഓസിലും എര്‍ഡോഗനും ശ്രമിച്ചില്ല. എന്നാല്‍ ഇതു സംബന്ധിച്ച് രാജ്യത്തിന് അകത്തും പുറത്തുമുണ്ടായ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി അവര്‍ പ്രതികരിക്കണമായിരുന്നെന്നും ലാം കൂട്ടിച്ചേര്‍ത്തു.

Content Highlights:germany manager low must change his leadership style lahm

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram