മോസ്‌കോ: സെര്‍ബിയയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി നെയ്മറും സംഘവും പ്രീ ക്വാര്‍ട്ടര്‍ കടന്നു. പൗളീന്യയുടേയും തിയാഗോ സില്‍വയുടെയും ഗോളിലൂടെയാണ് ബ്രസീല്‍ സെര്‍ബിയയെ കീഴടക്കിയത്. അവസരങ്ങള്‍ മുതലാക്കതെയും പാഴാക്കിയും കളിച്ച സെര്‍ബിയയുടെ ലോകകപ്പ് മോഹം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അവസാനിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍ മെക്‌സിക്കോയുമായി ഏറ്റുമുട്ടും.
മൂപ്പത്തിയാറാം മിനിറ്റില്‍ പൗളീന്യോയാണ് ബ്രസീലിനായി ആദ്യം ലീഡ് നേടിയത്. മധ്യഭാഗത്ത് നിന്ന് കുട്ടീന്യോ സെര്‍ബിയന്‍ ബോക്‌സിലേക്ക് കോരിയിട്ടുകൊടുത്ത പന്ത് സ്റ്റോയിക്കോവിച്ചനെ മറികടന്ന് ഓടി പിടിച്ചെടുത്ത പൗളീന്യോ അഡ്വാന്‍സ് ചെയ്തുവന്ന ഗോളിയുടെ തലയ്ക്ക് മുകളിലൂടെ വലംകാല്‍ കൊണ്ട് തട്ടിയിടുകയായിരുന്നു. പന്ത് കൃത്യം വലയില്‍.
അറുപത്തിയെട്ടാം മിനിറ്റില്‍ കോര്‍ണര്‍ കിക്ക് ഹെഡര്‍ ചെയ്ത് വലയിലിട്ട് തിയാഗോ സില്‍വ ലീഡ് രണ്ടാക്കി. നെയ്മറെടുത്ത അളന്നു മുറിച്ച കോര്‍ണറാണ് മിലെന്‍കോവിച്ചിനൊപ്പം ചാടിയ സില്‍വ മുന്നോട്ടാഞ്ഞ് കുത്തി വലയില്‍ കയറ്റിയത്.
തുടക്കം മുതേല ആക്രമിച്ച് കളിച്ച ബ്രസീലിന് മത്സരത്തിലുടനീളം നിരവധി അവസരങ്ങള്‍ തേടിയെത്തി. ഗോളടിച്ചില്ലെങ്കിലും സൂപ്പര്‍ താരം നെയ്മര്‍ കളം നിറഞ്ഞ് കളിക്കുന്ന കാഴ്ചയും കണ്ടു. തുടക്കത്തില്‍ പ്രതിരോധത്തിന് മുന്‍ഗണ നല്‍കിയ സെര്‍ബിയ ആദ്യ ഗോള്‍ വഴങ്ങിയതോടെ ആക്രമണത്തിന് മുതിര്‍ന്നു. അതിന് ഫലം കാണുകയും ചെയ്തു. തുറന്ന ഒരു ഡസനിലധികം അവസരങ്ങള്‍ അവരെ തേടിയെത്തിയെങ്കിലും ഫിനിഷ് ചെയ്യുന്നതില്‍ സെര്‍ബിയന്‍ മുന്നേറ്റ നിര അമ്പേ പരാജയപ്പെട്ടു. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് സെര്‍ബിയക്ക് നേടാനായത്. കോസ്റ്ററീക്കയ്ക്ക് എതിരെയായിരുന്നു ഇത്. സ്വിറ്റ്‌സര്‍ലന്‍ഡാണ് ഇവരടങ്ങിയ ഗ്രൂപ്പില്‍ ഇ യില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്.
തത്സമയ വിവരണങ്ങൾ വായിക്കാം