ലണ്ടന്‍: പരിക്കിനെ തുടര്‍ന്ന് ലോകകപ്പിനായി പരിശീലനം നടത്തുന്ന ബ്രസീല്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം നെയ്മര്‍ വിട്ടുനിന്നു. ദേശീയ ടീമിനൊപ്പമുള്ള പരിശീലനത്തിലൂടെ ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കാനായിട്ടില്ലെന്ന് നെയ്മര്‍ ലണ്ടനില്‍ പറഞ്ഞു. ലോകകപ്പ് തുടങ്ങുമ്പോഴേക്കും പൂര്‍ണ്ണ ആരോഗ്യവാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പ്രത്യാശ പ്രകടിപ്പിച്ചു.
ഞായറാഴ്ച ക്രൊയേഷ്യക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ടീമില്‍ നെയ്മര്‍ ഉണ്ടാകില്ലെന്നാണ് സൂചന. ഫിലിപ്പ് കുടിഞ്ഞ്യോയും ഗാബ്രിയേല്‍ ജീസസുമാകും മുന്‍ നിരയില്‍ കളിക്കുക. മിഡ്ഫീല്‍ഡര്‍ റെനാറ്റോ ഓഗസ്‌റ്റോ വലത് കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ക്രൊയേഷ്യക്കെതിരെ കളിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിന്റെ ട്രെയിനിങ് സെന്ററിലാണ് ബ്രസീല്‍ ദേശീയ ടീം പരിശീലനം നടത്തിവരുന്നത്. ജൂണ്‍ എട്ടു വരെ ടീം ഇവിടെ തുടരും.