വിയന്ന: റഷ്യയില്‍ ഇടിമിന്നലാവാന്‍ കച്ചകെട്ടി ഒരുങ്ങുകയാണ് മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍. ലോകകപ്പ് ഫൈനല്‍ റൗണ്ടിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ജയം ആവര്‍ത്തിച്ചിരിക്കുകയാണ് നെയ്മറും സംഘവും.
ഓസ്ട്രിയയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാര്‍ തകര്‍ത്തുവിട്ടത്. ഒന്നാം പകുതിക്ക് പിരിയുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു ബ്രസീല്‍. മഞ്ഞപ്പടയ്ക്കുവേണ്ടി ഗബ്രിയേല്‍ ജീസസ് (36), നെയ്മര്‍ (63), കുടിന്യോ (69) എന്നിവരാണ് ലക്ഷ്യം കണ്ടത്.
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ ഇത് ബ്രസീലിന്റെ തുടര്‍ച്ചയായ നാലാം ജയമാണ്. റഷ്യ, ജര്‍മനി, ക്രൊയേഷ്യ എന്നിവരെയാണ് ബ്രസീല്‍ ഇതിന് മുന്‍പ് പരാജയപ്പെടുത്തിയത്.
കളിയുടെ തുടക്കം മുതല്‍ തന്നെ ബ്രസീലിനായിരുന്നു ആധിപത്യം. ക്രൊയേഷ്യയ്ക്കെതിരായ ജയത്തില്‍ നിന്ന് ഊര്‍ജം കൊണ്ട മുന്‍ ചാമ്പ്യന്മാര്‍ ഒത്തിണക്കത്തോടെയാണ് ഓരോ നീക്കങ്ങളും കരുപ്പിടിപ്പിച്ചത്. എന്നാല്‍, ലഭിച്ച മേല്‍ക്കൈ ഗോളാക്കി മാറ്റുന്നതില്‍ തുടക്കത്തില്‍ പരാജയപ്പെട്ടു. 36-ാം മിനിറ്റ് വരെ കാക്കേണ്ടിവന്നു അവര്‍ക്ക് വലയൊന്ന് ചലിക്കുന്നത് കാണാന്‍. തുടര്‍ച്ചയായി മൂന്ന് രണ്ട് അവസരങ്ങള്‍ നഷ്ടപ്പെട്ടതിനുശേഷമായിരുന്നു ജീസസിന്റെ ഗോള്‍.
ആദ്യം സില്‍വ ഒരു ഹെഡ്ഡര്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. തൊട്ടടുത്ത മിനിറ്റില്‍ പൗലിന്യോയുടെ ഒരു ഷോട്ട് ഗോളി തടഞ്ഞു. അടുത്ത ക്ഷണം ഗോളോടെ ജീസസ് ഈ പിഴകള്‍ക്ക് പ്രായശ്ചിത്തം ചെയ്തു. കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. മാഴ്സലോയുടെ താഴ്ന്നുപറന്ന ഡ്രൈവ് ജീസസ് ഒന്നാന്തരമായി വലയിലെത്തിച്ച് ഫിനിഷ് ചെയ്തു.
പിന്നിട് ഓസ്ട്രിയ തിരിച്ചടിക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിലും മൂര്‍ച്ചയേറിയ ആക്രമണങ്ങള്‍ കൊണ്ട് ബ്രസീല്‍ തിരിച്ചടിച്ചുകൊണ്ടിരുന്നു. അങ്ങനെ അറുപത്തിമൂന്നാം മിനിറ്റില്‍ മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരുന്ന ആ നിമിഷം പിറന്നു. സൂപ്പര്‍താരം നെയ്മറുടെ ഗോള്‍. പൗലിന്യോ ഒന്നാന്തരമൊരു അവസരം നഷ്ടപ്പെടുത്തി എന്ന് കരുതിയിരിക്കുമ്പോഴായിരുന്നു നെയ്മറുടെ ഗോള്‍.
പന്ത് പിടിച്ചെടുത്ത വില്ല്യന്‍ അത് നെയ്മര്‍ക്ക് കൊടുത്തു. ഒന്നാന്തരമൊരു ഫൂട്ട്വര്‍ക്കിലൂടെ മനോഹരമായി തന്നെ നെയ്മര്‍ അത് ഫിനിഷ് ചെയ്തു. സന്ദര്‍ശകര്‍ മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നില്‍. എന്നാല്‍, ജെഴ്സി ഊരി ആഘോഷിച്ചതിന് നെയ്മര്‍ക്ക് മഞ്ഞ കാര്‍ഡ് കാണേണ്ടിയും വന്നു.
അറുപത്തിയൊന്‍പതാം മിനിറ്റിലായിരുന്നു അപാര ഫോമില്‍ തുടരുകയായിരുന്ന കുടിന്യോയുടെ ഗോള്‍. ഫര്‍മിനോയ്ക്കൊപ്പം നടത്തിയ ഒരു ഒന്നാന്തരം നീക്കത്തിനൊടുവിലായിരുന്നു ഗോളിന്റെ പിറവി. അതിമനോഹരമായിരുന്നു കുടിന്യോയുടെ ഫിനിഷ്.
എഴുപത്തിനാലാം മിനിറ്റില്‍ കുടിന്യോയ്ക്ക് മറ്റൊരു അവസരം കൂടി ലഭിച്ചെങ്കിലും ക്രോസ് ബാറാണ് വഴിമുടക്കിയത്. നിരവധി സബ്സ്റ്റിറ്റിയൂഷനുകള്‍ നടത്തിയെങ്കിലും ബ്രസീലിന്റെ ആക്രമണത്തിന്റെ മൂര്‍ച്ച ഒട്ടും കുറഞ്ഞില്ല രണ്ടാം പകുതിയില്‍. അവസാന വിസിലിന് മുന്‍പ് തിരമാല കണക്കുള്ള ആക്രമണങ്ങളാണ് അവരുടെ ഭാഗത്ത് നിന്ന് കണ്ടത്. പലപ്പോഴും ആതിഥേയര്‍ കഷ്ടിച്ചാണ് ഗോളില്‍ നിന്ന് രക്ഷപ്പെട്ടത്.
പതിനേഴിന് സ്വിറ്റ്സര്‍ലന്‍ഡിനെതിരേയാണ് ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഇയിലാണ് ബ്രസീല്‍.
Content Highlights: Brazil beat Austria neymer Vienna gabriel jesus 3-0 world cup warm up match