ബ്യൂണസ് ഏറീസ്: പരിക്കേറ്റ മാനുവല്‍ ലാന്‍സിനിക്ക് പകരം മധ്യനിരക്കാരന്‍ എന്‍സോ പെരസിനെ അര്‍ജന്റീന ടീമില്‍ ഉള്‍പ്പെടുത്തി. 32-കാരനായ റിവര്‍പ്ലേറ്റ് താരം രാജ്യത്തിനായി 23 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് ടീമില്‍ അംഗമായിരുന്നു പെരെസ്. കാല്‍മുട്ടിനേറ്റ പരിക്കാണ് വെസ്റ്റ് ഹാം മധ്യനിരക്കാരന്‍ ലാന്‍സിനിക്ക് തിരിച്ചടിയായത്.
വലന്‍സിയക്കും ബെനിഫിക്കയ്ക്കും വേണ്ടി കളിച്ചിട്ടുള്ള പെരെസ് 2014 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിങ് ഇലവനിലുണ്ടായിരുന്നു. അന്ന് ജര്‍മനിയോട് 1-0ത്തിന് തോറ്റ അര്‍ജന്റീനക്ക് കിരീടം നഷ്ടപ്പെടുകയും ചെയ്തു. ബാഴ്‌സലോണയില്‍ പരിശീലനത്തിലായിരുന്ന അര്‍ജന്റീന ടീം ലോകകപ്പിനായി റഷ്യയിലെത്തിയിട്ടുണ്ട്.
Content Highlights: Argentina replace injured Manuel Lanzini with Enzo Perez