മോസ്‌കോ: 'ഐഎം വിജയന്‍ ഈസ് ഗ്രേറ്റര്‍ ദാന്‍ സിനദിന്‍ സിദാന്‍!' മോസ്‌കോയിലെ ഫിഫ മ്യൂസിയത്തില്‍ ഇത് എഴുതി വെച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം! ഫുട്ബോളിന് രാജ്യാതിര്‍ത്തികളും ഭാഷയുമൊന്നുമില്ലല്ലോ.. മല്ലുവിന് ഏതു വാളിലും എഴുതാന്‍ അവകാശവുമുണ്ടല്ലോ. കിടക്കട്ടെ ഈ കട്ട ഫാനിന്റെ വകയും ഒന്ന്. മലയാളത്തില്‍ ഒരു ഫുട്ബോള്‍ കുറിപ്പ്. സാക്ഷാല്‍ ഫിഫ മ്യൂസിയത്തിലെ ഫാന്‍ വാളില്‍!
ലോകകപ്പിനെത്തിയ ദിവസമാണ്. ആദ്യം പോയത് മോസ്‌കോയിലെ ഫിഫ മ്യൂസിയത്തിലേക്ക്. ഫുട്ബോളിന്റെ ഒരു കട്ടഫാന് ഓര്‍ത്തോര്‍ത്ത് രോമാഞ്ചം കൊള്ളാന്‍ ഇതിനേക്കാള്‍ പറ്റിയ സ്ഥലം വേറെയേത്? ചെന്നപ്പോഴാണ് കാണുന്നത്. അവിടെ ഫാന്‍സിനു വേണ്ടി ഒരു ബ്ലാക്ക് ബോര്‍ഡും വെച്ചിട്ടുണ്ട്. ഇഷ്ടമുള്ള മെസ്സേജ് എഴുതാം. പിന്നെ സംശയിച്ചില്ല. നമ്മുടെ കറുത്ത മുത്തിനെക്കുറിച്ച് റഷ്യയില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടു തന്നെ കാര്യം...! എനിക്കു പിറകെ വരുന്ന മലയാളി സന്ദര്‍ശകര്‍ ഒന്നു വിജൃംഭിച്ചോട്ടെ...
ആ മ്യൂസിയമുണ്ടല്ലോ. ഒന്നൊന്നര മ്യൂസിയമാണ്. അത്യപൂര്‍വമായ ഫുട്ബോള്‍ സ്മരണികകളുടെ വിശാല ലോകമാണത്. ആദ്യ ലോകകപ്പു മുതല്‍ മോസ്‌കോയില്‍ നടക്കാന്‍ പോകുന്ന ലോകകപ്പു വരെ ഒരു എരിപൊരി സഞ്ചാരം തന്നെ. ബാര്‍തേസിന്റെ ഗ്ലൗസു മുതല്‍ മെസ്സിയുടെ ജേഴ്സി വരെ. ഓരോ ലോകകപ്പിലും കളിച്ച പന്തു തൊട്ട് ഓരോ ലോകകപ്പിലെയും പോസ്റ്ററും ടിക്കറ്റും വരെ. പ്രശസ്തരായ താരങ്ങളുടെ ബൂട്ടുകള്‍. ജേഴ്സികള്‍. ഫുട്ബോള്‍ പ്രേമികളെ ആവേശഭരിതരാക്കുന്ന കാഴ്ചകളാണ് ഈ മ്യൂസിയത്തില്‍.
ഇന്ന് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. റഷ്യാ ഡേ ആയിരുന്നു ഇന്ന്. നമ്മുടെ റിപ്പബ്ലിക്ക് ഡേ പോലുള്ള ദിവസം. സാക്ഷാല്‍ പുതിന്‍ വരുന്നുണ്ട്. കനത്ത സെക്യൂരിറ്റിയാണ് എങ്ങും. അതിനാല്‍ മ്യൂസിയത്തില്‍ തീരെ ആളില്ല. വട്ടം ചുറ്റി നടക്കുമ്പോഴാണ് ആ മെസേജ് ബോര്‍ഡ് കണ്ടത്. എന്നാല്‍ പിന്നെ അതെങ്കിലും കിടക്കട്ടെ. കട്ട ഫാന്‍സിന് എന്തുമാകാമല്ലോ..
(ഡെൻസു ബെംഗളൂരുവിൽ ക്രിയേറ്റീവ് ഡയറക്ടറാണ് ലേഖകന്‍)