ബ്രസീല്‍ പഴയ ബ്രസീലല്ലെങ്കിലും ബ്രസീലിനെ ഇംഗ്ലണ്ടിനെന്നല്ല എല്ലാവര്‍ക്കും നല്ല പേടിയുണ്ട്. സെര്‍ബയിക്കാര്‍ക്ക് ബ്രസീലിനോട് തോറ്റതില്‍ സങ്കടമുണ്ടാവില്ല. മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ അവര്‍ കൂടുതല്‍ ദുഃഖിച്ചേനേ. കാക്കി യൂനിഫോം പോലെ മഞ്ഞക്കുപ്പായത്തോട്, ചിലപ്പോള്‍ അതില്‍ തുന്നലുകള്‍ കാണാമെങ്കിലും, ഇപ്പോഴും ലോക ഫുട്ബോള്‍ ബഹുമാനം കാത്തു സൂക്ഷിക്കുന്നു.തോല്‍ക്കുന്നെങ്കില്‍ ബ്രസീലിനോട് തോറ്റാല്‍ മതി. നെയ്മര്‍ ശാരദയെയൊ മുന്‍ കാല അംബികയെയൊ പോലെ കരഞ്ഞാലും അതിന് മാറ്റമില്ല. കുട്ടീന്യോ നന്നായി കളിക്കുന്നതിനാല്‍ നെയ്മറുടെ ചുമലിലെ ഭാരം കുറഞ്ഞിരിക്കുന്നു,കൂടുതല്‍ സ്വതന്ത്രനായി കളിക്കാനാവുന്നു. ഒരു ഫുട്ബോളിങ് സൂപ്പര്‍ പവറിനോടാണ് തങ്ങള്‍ ഏറ്റുമുട്ടുന്നതെന്ന് സെര്‍ബിയക്കാര്‍ക്ക് വേഗം തന്നെ മനസ്സിലായിരുന്നു.
ജയിച്ച് മുന്നേറിയാല്‍ ജപ്പാന്‍ വഴി ബ്രസീല്‍ തോറ്റാല്‍ കൊളംബിയ വഴി മുന്നോട്ട്, ഇതായിരുന്നു ഇംഗ്ലണ്ടിന്റെ മുന്നില്‍. ഇംഗ്ലണ്ട് കൊളംബിയയെ തിരഞ്ഞെടുത്തു. ആ കളി ജയിച്ചാല്‍ അടുത്ത എതിരാളി സ്വിറ്റ്സര്‍ലണ്ടോ സ്വീഡനോ.. സ്പെയിന്‍. ക്രൊയേഷ്യ എന്നിവര്‍ ഇംഗ്ലണ്ടിന്റെ പാതിയിലാണ്. എന്നാല്‍ അതേക്കാള്‍ പേരുള്ള ടീമുകളാണ് മറുപാതിയില്‍. ബെല്‍ജിയത്തോട് തോറ്റതോടെ ഇംഗ്ലണ്ടിന് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയായി എതിരാളി.
ജി ഗ്രൂപ്പിലെ അവസാന മല്‍സരങ്ങളിലൊന്ന് ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മിലായതോടെ, ഈ മല്‍സരം നേരത്തേ നടന്നിരുവെങ്കില്‍ ഉണ്ടാവേണ്ടിയിരുന്നു വീറും വാശിയും ആ കളിയില്‍ നിന്ന് ചോര്‍ന്നു പോയി. ഗ്രൂപ്പിലെ വിധി വ്യക്തമായിക്കഴിഞ്ഞിരുന്നുവല്ലോ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ധാരാളം കളിക്കാര്‍ ഇരുപക്ഷത്തും അണി നിരന്നു. എന്നാല്‍ കളിയൊ അതിന്റെ നേരെ വിപരീതം.
മുന്നോട്ടുള്ള പാത സുഗമമായിക്കഴിഞ്ഞതിനാല്‍ അത്തരമൊരു ഘട്ടത്തില്‍ ടീമുകള്‍ ബെഞ്ചിലിരിക്കുന്ന കളിക്കാരെ കളത്തിലേക്ക് ഇറക്കുക സ്വാഭാവികം. എന്നാലും ഇറക്കിയ കൂട്ടര്‍ കളിക്കേണ്ടേ? ഇംഗ്ലണ്ട് തോറ്റുകൊടുത്തതായിരിക്കില്ല. പക്ഷേ തോല്‍വിയാണ് നല്ലത് എന്നു കരുതുന്നത് ലോക ചാമ്പ്യന്‍മാരാവാന്‍ ഒരുങ്ങിപ്പുറപ്പെട്ടവര്‍ക്ക് പറ്റിയ പണിയായിരുന്നില്ല. കടുത്ത എതിരാളിയെ ആദ്യം തന്നെ നേരിടുന്നതില്‍ ഗുണവും ദോഷവുമുണ്ട്. എതിരാളി ശക്തനാണെങ്കില്‍ നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് വ്യക്തമാവും. അടുത്ത കളിക്ക് അത് ആത്മവിശ്വാസം പകരും.എന്നാല്‍ ഒരു വിജയം നേടാന്‍ വലിയ വിലയും കൊടുക്കേണ്ടി വരും എന്നതാണ് മറുവശം. കളി, ഇടിച്ചുവീഴ്ത്തലെന്ന നോക്കൗട്ട് ആയതിനാല്‍ എക്സ്ട്രാ ടൈമിലേക്കും അന്തിമമായി ഷൂട്ടൗട്ടിലേക്കും നീളാം. ശാരീരികമായി മാത്രമല്ല വൈകാരികമായ ഊര്‍ജവും ധാരാളം ചെലവിടേണ്ടി വരും. ഇത് പിന്നീടുള്ള മത്സരത്തെ ബാധിച്ചുകൂടെന്നില്ല.
എന്നാല്‍ ഇപ്പോള്‍ കളിക്കാരനെ അടുത്ത കളിക്ക് സജ്ജരാക്കാന്‍ കൂടുതല്‍ മാര്‍ഗങ്ങളുണ്ടാവണം. ഓസ്ട്രേലിയ ഹോണ്ടുറാസിലെ സാന്‍പെഡ്രോസുലയില്‍ വെച്ച് 2017 നവംബര്‍ 10 ന് ഹോണ്ടുറാസുമായി പ്ലേ ഓഫ് കളിക്കുന്നു. 14000 കി മീറ്റര്‍ അകലെ നവംബര്‍ 15 ന് സിഡ്നിയിലെ റിട്ടേൺ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അപ്പോള്‍ തന്നെ ചാര്‍ട്ടേഡ് വിമാനത്തില്‍ പുറപ്പെടുന്നു. ഓസ്ട്രേലിയുടെ കളിക്കാരെ വിമാനത്തില്‍ വെച്ചു തന്നെ ടീം ഡോക്ടര്‍മാര്‍ ശുശ്രൂഷിച്ചു തുടങ്ങിയിരുന്നു. അതാണ് സ്ഥിതി.
നോക്കൗട്ട് ഘട്ടത്തില്‍ ശക്തനായ എതിരാളിയെ കിട്ടാവുന്ന ആദ്യത്തെ അവസരത്തില്‍ തന്നെ നേരിടുന്നതാണ് നല്ലത്. ആ മല്‍സരത്തില്‍ തോറ്റാല്‍ ചാമ്പ്യന്‍ഷിപ്പ് തങ്ങള്‍ക്കുള്ളതല്ലെന്ന് കരുതണം. പ്രീ ക്വാര്‍ട്ടറിലോ ക്വാര്‍ട്ടറിലൊ സെമിയില്‍ തന്നെയൊ സംഭിവിക്കുന്ന തോല്‍വികള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. കൊളംബിയ ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ സാധ്യതയില്ലാതില്ല. 2016 ല്‍ നടന്ന യുറോ കപ്പില്‍ ഇംഗ്ലണ്ട് ഐസ്ലൻഡിനോട് 2-1 ന് തോറ്റു പുറത്തായിരുന്നു. അന്ന് റോയ് ഹോജ്സനായിരുന്നു പരിശീലകന്‍. വെയ്ന്‍ റൂണിയും ഗോളി ജോ ഹാര്‍ട്ടും ആ ടീമിലുണ്ടായിരുന്നു. മൂവരും ഇപ്പോഴത്തെ ടീമിലില്ല.ജെസ്സി ലിന്‍ഗാര്‍ഡ്, കീരന്‍ ട്രിപ്പിയര്‍ പോലുള്ള പുതുരക്തം ഇംഗ്ലണ്ടിന് ഓജസ്സ് പകരുന്നുണ്ടെങ്കിലും ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ഇതുവരെ ശരിക്കും പരീക്ഷിക്കപ്പെട്ടിട്ടില്ല.അതായത് പ്രീ ക്വാര്‍ട്ടറിലാണ് ഇംഗ്ലണ്ട് ലോക കപ്പ് കളിക്കാനിറങ്ങുന്നത്.
ബെല്‍ജിയത്തെക്കുറിച്ചും ഇത്തരം ഭീരുത്വം ആരോപിച്ചുകൂടേ?ബെല്‍ജിയം തങ്ങളുടെ എതിരാളി ആരെന്നതിനെക്കുറിച്ച് കൂടുതല്‍ വേവലാതിപ്പെടുന്നതായി തോന്നിയില്ല.യഥാര്‍.ത്ഥത്തില്‍ ചാമ്പ്യനാവാനുള്ള വസ്തു തങ്ങളുടെ കയ്യിലാണെന്ന് ബെല്‍ജിയം കരുതുന്നു.ഇംഗ്ലണ്ടിന് അക്കാര്യത്തില്‍ അത്ര കണ്ട് ഉറപ്പില്ല. പിന്നെ ഏതെങ്കിലും ഒരാള്‍ ഒന്നാമതും മറ്റൊരാള്‍ രണ്ടാമതും ആവണമല്ലോ. രണ്ടു പേര്‍ ഒന്നാം സ്ഥാനം പങ്കിടുന്ന പരിപാടി ഇതു വരെ കണ്ടു പിടിച്ചിട്ടില്ല.
വലിയ ടീമുകളോട് ചെറിയ ടീമുകള്‍ നടത്തിയ പോരാട്ടമാണ് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തെ വ്യത്യസ്തമാക്കിയത്. 11 പേരടങ്ങുന്ന ടീമുകള്‍ 12 പേരടങ്ങുന്ന ടീമുകളോട് നിന്ന് പൊരുതി.. ചരിത്രമായും പാരമ്പര്യമായും യുറോപ്പിലെ വന്‍ ക്ലബ്ബുകള്‍ക്ക് കളിക്കുന്ന പ്രശസ്തിയായും ചില ടീമുകള്‍ക്കു വേണ്ടി 12 ാമന്‍ കളത്തിലിറങ്ങുന്നു. ഇറാന്‍ പോര്‍ച്ചുഗലിനെതിരെ, മൊറോക്കോ സ്പെയിനിനെതിരെ, ഐസ്ലൻഡ് അര്‍ജന്റീനക്കെതിരെ, മെക്സിക്കോ ജര്‍മനിക്കെതിരെ, പെറു എല്ലാവര്‍ക്കുമെതിരെ ഇങ്ങനെ കളിച്ചു.
ഈ ഘട്ടമായപ്പോഴേക്കും 'ഓര്‍ഡര്‍ ! ഓര്‍ഡര്‍!' എന്ന വിളി മുഴങ്ങുകയും ചുറ്റിക മേശമേല്‍ പതിക്കുകയും ചെയ്തു.തുടര്‍ന്ന് അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ പുറത്ത് ,ജപ്പാനൊഴിച്ച് മറ്റ് ഏഷ്യന്‍ രാജ്യങ്ങളും പുറത്ത്.ചില കുന്നുകളും ചില താഴ്ച്ചകളും എന്ന അവസ്ഥയില്‍ നിന്ന് വലിയ രാജ്യങ്ങളുടെ കളി താഴുകയും ചെറിയ രാജ്യങ്ങളുടെ കളി അത്ര കണ്ട് ഉയരുകയും ചെയ്ത ഒരു സമനിരപ്പില്‍ ഫുട്ബോള്‍ എത്തിയിരിക്കുന്നു എന്നു പറയുന്നതാവും ശരി. തങ്ങളുടെ പേരിനൊത്തവിധം വലിയതെന്ന് വിശേഷിപ്പിക്കപ്പെട്ട ടീമുകള്‍ ,സ്പെയിനൊഴിച്ച് ആദ്യ ഘട്ടത്തില്‍ കളിച്ചിട്ടില്ല.
1970 ല്‍ ആഫ്രിക്കയുടെ ആദ്യത്തെ പ്രിതിനിധികളായി കളിച്ച രാജ്യമാണ് മൊറോക്കോ.പിന്നെയും അവര്‍ പ്രത്യക്ഷപ്പെട്ടു.
അള്‍ജീരിയ, നൈജീരിയ, കാമറൂണ്‍, സെനഗല്‍, ഘാന എന്നീ ടീമുകള്‍ ലോക കപ്പില്‍ വരികയും പോകുകയും ചെയ്തു.നൈജീരിയയൊ ഗാനയൊ ആഫ്രിക്കയില്‍ ഒരു ചെറിയ തരം ബ്രസീല്‍ ആവാനുള്ള സാധ്യതയുണ്ടായിരുന്നു.എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ല. യൂറോപ്പിലെ എല്ലാ ടീമുകളിലും ഇന്ന് ആഫ്രിക്കന്‍ -കരീബിയന്‍ വംശജരും അറബ് വംശജരുമുണ്ട്. ഫ്രാന്‍സിന് വേണമെങ്കില്‍ കുടിയേറ്റക്കാരുടെ മക്കളെ വെച്ചു കൊണ്ടു മാത്രം ഒരു ടീമിനെ ഇറക്കാന്‍ നിഷ്പ്രയാസം സാധിക്കും.എല്ലാ നാടുകളില്‍ നിന്നുമുള്ള കുടിയേറ്റം ഫ്രാന്‍സിന്റെ ഫുട്ബോളിന് കരുത്തു പകരുന്നു. അതേസമയം ഒരാഫ്രിക്കന്‍ ടീമിന് ഇത് സാധിക്കാതെ പോകുന്നതിന് കാരണം അവിടത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ തന്നെയാകണം.
അള്‍ജീരിയ, നൈജീരിയ, കാമറൂണ്‍, സെനഗല്‍, ഘാന എന്നീ ടീമുകള്‍ ലോക കപ്പില്‍ വരികയും പോകുകയും ചെയ്തു.നൈജീരിയയൊ ഗാനയൊ ആഫ്രിക്കയില്‍ ഒരു ചെറിയ തരം ബ്രസീല്‍ ആവാനുള്ള സാധ്യതയുണ്ടായിരുന്നു.എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ല. യൂറോപ്പിലെ എല്ലാ ടീമുകളിലും ഇന്ന് ആഫ്രിക്കന്‍ -കരീബിയന്‍ വംശജരും അറബ് വംശജരുമുണ്ട്. ഫ്രാന്‍സിന് വേണമെങ്കില്‍ കുടിയേറ്റക്കാരുടെ മക്കളെ വെച്ചു കൊണ്ടു മാത്രം ഒരു ടീമിനെ ഇറക്കാന്‍ നിഷ്പ്രയാസം സാധിക്കും.എല്ലാ നാടുകളില്‍ നിന്നുമുള്ള കുടിയേറ്റം ഫ്രാന്‍സിന്റെ ഫുട്ബോളിന് കരുത്തു പകരുന്നു. അതേസമയം ഒരാഫ്രിക്കന്‍ ടീമിന് ഇത് സാധിക്കാതെ പോകുന്നതിന് കാരണം അവിടത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ തന്നെയാകണം.
ഇറാനും ജപ്പാനും തെക്കന്‍ കൊറിയയും സൗദി അറേബിയയും അടുത്ത ലോകകപ്പിലുമുണ്ടാകും. ഫലം ഏറെക്കുറെ ഇതു തന്നെയാകാനാണിട. രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കുറവ് മേടിച്ചതിന്റെ പേരിലാണ് സെനഗലിനെ മറികടന്ന് ജപ്പാന്‍ അവസാനത്തെ 16 ല്‍ കടന്നു കൂടിയത്. പോളണ്ടുമായി ജപ്പാന്‍ വെറും കണക്കില്‍ ഒതുക്കിക്കളിച്ചു എന്ന ആക്ഷേപം നിലനിൽക്കുന്നു. ചെറിയ ടീമുകള്‍ വലിയ ടീമുകളോട് പൊരുതിക്കളിക്കുന്നു. അപ്പോള്‍ ഈ ടീമുകളുടെ നിലവാരമുയര്‍ന്നുവെന്ന തോന്നലുണ്ടാകുന്നു.സമന്മാരോട് ഏറ്റുമുട്ടുമ്പോള്‍ ഈ കളി പുറത്തുവരാതെ പോകുന്നു.സ്വാഭാവികമായ ഒരു സ്ഥിരത അവരുടെ കളിയില്‍ ഉണ്ടാവുന്നില്ല. മെക്സിക്കോ ജര്‍മനിയെ തോല്പ്പിക്കുമെങ്കിലും സ്വീഡനോട് മൂന്നു ഗോള്‍ വഴങ്ങും. സ്പെയിനിനെതിരെ മൊറോക്കോ രണ്ടു ഗോളടിച്ച് ജയത്തിന്റെ വക്കിലെത്തുമെങ്കിലും ഇറാനെതിരെ അവര്‍ക്ക് ഗോളടിക്കാനാവുന്നില്ല. ഈ അവസ്ഥ മാറുമ്പോള്‍ ചെറിയ ടീം ഒരു കാലയളവിലേക്കെങ്കിലും വലിയ ടീമാവും. അതല്ലെങ്കില്‍ ആദ്യ റൗണ്ട് കഴിയുന്നതോടെ ചുറ്റിക മേശമേല്‍ പതിക്കുകയും 'ഓര്‍ഡര്‍! ഓര്‍ഡര്‍!' എന്ന വിളി ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.
Content Highlights: world cup 2018 pre quarter brazil Argentina England