റഷ്യന്‍ ലോകകപ്പിനിടെ വ്യത്യസ്തമായ ഒരു 'ഫാന്‍ ഫോട്ടോ' അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ആഘോഷിച്ചിരുന്നു. സെന്റ് ബേസില്‍സ് കത്രീഡലിന് മുമ്പില്‍ കേരള സാരിയുടുത്ത് നില്‍ക്കുന്ന പെണ്‍കൂട്ടത്തിന്റെ ചിത്രമായിരുന്നു അത്. ആ പെണ്‍കൂട്ടത്തെ അന്വേഷിച്ചു പോയാല്‍ ചെന്നെത്തുക കക്കോടിയിലെ പൊക്കിരത്ത് വേണുഗോപാലന്‍ എന്ന അച്ഛനിലേക്കാണ്. അച്ഛന് ഏറ്റവും പ്രിയപ്പെട്ടൊരു പിറന്നാള്‍ സമ്മാനം നല്‍കണമെന്ന് ആഗ്രഹിച്ച് റഷ്യന്‍ ലോകകപ്പിനുള്ള ടിക്കറ്റെടുക്കുകയായിരുന്നു മകള്‍ അഞ്ജലിയും ഭര്‍ത്താവ് രാജീവ് മേനോനും. ഗള്‍ഫ് എയറില്‍ നിന്ന് വിരമിച്ച വേണുഗോപാലിന്റെ ഇഷ്ടരാജ്യമായിരുന്നു റഷ്യ.
ദുബായില്‍ സ്ഥിരതാമസമാക്കിയ മകളേയും മകനേയും ഈ വര്‍ഷമാദ്യം വേണുഗോപാല്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് റഷ്യയിലേക്കുള്ള ആ സ്വപ്‌നയാത്രയുടെ രഹസ്യം അവര്‍ അച്ഛനു മുന്നില്‍ വെളിപ്പെടുത്തി. മക്കളൊരുക്കിയ ഈ സമ്മാനത്തെക്കുറിച്ച് നാട്ടിലെത്തി കൂട്ടുകാരോടും ബന്ധുക്കളോടുമെല്ലാം പങ്കുവെച്ച വേണുഗോപാലിന് പക്ഷേ വിധിയെ തടുക്കാനായില്ല. ഹൃദയാഘാതത്തിന്റെ രൂപത്തില്‍ സ്വപനം ബാക്കിയാക്കി വേണുഗോപാല്‍ യാത്രയായി.
അച്ഛന്‍ മരിച്ചതോടെ റഷ്യയിലേക്കുള്ള യാത്ര അഞ്ജലി ഉപേക്ഷിച്ചു. പക്ഷേ അമ്മ പദ്മിനിയും ഭര്‍ത്താവിന്റെ അമ്മയും നിര്‍ബന്ധിച്ചതോടെ അഞ്ജലി വീണ്ടും തീരുമാനം മാറ്റി. അച്ഛനു വേണ്ടി മകള്‍ കളി കാണണമെന്നും അതുകണ്ട് എവിടെയായാലും അച്ഛന്‍ സന്തോഷിക്കുമെന്നും പദ്മിനി അഞ്ജലിയോട് പറയുകയായിരുന്നു. അമ്മയുടെ ആ വാക്കുകള്‍ തള്ളിക്കളയാന്‍ അഞ്ജലിക്കാകുമായിരുന്നില്ല.
കൊല്ലത്ത് നിന്ന് ബെര്‍നി റൊസാറിയോ, ഡയാന ബെര്‍നി, തൃശൂരില്‍ നിന്ന് ഗിരീഷ്, രശ്മി ഗിരീഷ്, ഗുരുവായൂരില്‍ നിന്ന് വേണുഗോപാല്‍ വേലായുധന്‍, മാന്നാറില്‍ നിന്ന് പൂര്‍ണിമ പിള്ള എന്നിവര്‍ കൂടി ചേര്‍ന്നതോടെ യാത്രാസംഘം വിപുലമായി. സമാറയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലും മോസ്‌ക്കോയില്‍ നടന്ന സെമിഫൈനലും കണ്ട് കണ്‍നിറഞ്ഞാണ് അഞ്ജലി റഷ്യയില്‍ നിന്ന് മടങ്ങിയത്.
Content Highlights: Kerala Fans In Russia To Watch World Cup