ബ്രസീലിന്റെ മിഡ്ഫീൽഡിലെ ഊർജം പൗലിന്യോയുടെ ട്രാൻസ്ഫറിനെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചു നടക്കുകയാണ് യൂറോപ്പിൽ. ലോകകപ്പിനുശേഷം ബാഴ്സയിൽ നിന്ന് കേട്ടാൽ ഞെട്ടുന്ന ഒരു തുകയ്ക്ക് പൗലിന്യോയോ റാഞ്ചാൻ മറ്റൊരു യൂറോപ്പ്യൻ വമ്പൻ കോപ്പുകൂട്ടുന്നുണ്ടെന്ന അഭ്യൂഹം ശക്തമാണ്.
എന്നാൽ, ഇപ്പോൾ ക്ലബുകൾ പിറകെ നടക്കുന്ന പൗലിന്യോയ്ക്ക് കടുത്ത വിഷാദത്തിലേയ്ക്ക് കൂപ്പുകുത്തിയ, വംശവെറിയുടെ തിക്താനുഭവങ്ങൾ തിന്ന് ഫുട്ബോൾ തന്നെ മതിയാക്കുന്നതിനെ കുറിച്ച് ചിന്തിച്ചൊരു കാലമുണ്ടായിരുന്നു. ദി പ്ലെയേഴ്സ് ട്രൈബ്യൂണലിൽ എഴുതിയ ലേഖനത്തിൽ ഇക്കാര്യം പങ്കുവയ്ക്കുന്നുണ്ട് പൗലിന്യോ.
എനിക്കന്ന് പത്തൊൻപത് വയസ്സായിരുന്നു പ്രായം. ഞാൻ ഫുട്ബോൾ പൂർണമായി വിട്ടു. ഒരു മാസത്തോളം വിഷാദരോഗം പിടിപെട്ട് വീട്ടിൽ കഴിഞ്ഞു. 2008ലായിരുന്നു ഇത്. മെസ്സി ബാഴ്സയ്ക്കുവേണ്ടി മൂന്നാമത്തെ കിരീടം നേടുന്ന കാലം. ജീവിതത്തിലെ ശേഷിക്കുന്ന കാലം എന്തു ചെയ്യുമെന്ന് അറിയാതെ ഞാൻ കിടക്കയിൽ ഒതുങ്ങിക്കഴിയുകയായിരുന്നു അന്ന്. ഞാൻ ലിത്വാനിയയിലും പോളണ്ടിലുമെല്ലാം കളിച്ചശേഷം സാവോ പോളോയിൽ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഇന്നും മറക്കാൻ ആഗ്രഹിക്കുന്ന, വേദന നിറഞ്ഞ അനുഭവങ്ങളായിരുന്നു അത്.
സന്തോഷകരമായിരുന്നു ലിത്വാനയിയയിലെ തുടക്കകാലം. വിൽന്യൂസിനുവേണ്ടിയാണ് ഞാൻ കളിച്ചത്. സിനിമയിലെല്ലാം കാണുന്നതുപോലുള്ളൊരു പഴയ നഗരം. ബ്രസീലിൽ നിന്ന് ഏറെ വ്യത്യസ്തം. സമാധാനപരമായിരുന്നു അവിടെ കാര്യങ്ങൾ. ഒരു ദിവസം ഞാൻ ടീമിലെ മറ്റ് ബ്രസീലുകാർക്കൊപ്പം ഒരു ബേക്കറിയിലേയ്ക്ക് പോവുകയായിരുന്നു. ഒരു കൂട്ടം ആൾക്കാർ വന്ന് ഞങ്ങളോട് തർക്കമായി. കുരങ്ങന്മാരുടെ അംഗവിക്ഷേപങ്ങൾ കാട്ടി ഞങ്ങളെ അപമാനിക്കാൻ ശ്രമിച്ചു.
അന്നാണ് ഞാൻ വർണവെറി എന്താണെന്ന് അറിഞ്ഞത്. നിർഭാഗ്യവശാൽ അത് അവസാനത്തെ അനുഭവമായിരുന്നില്ല. തെരുവുകളിൽ വച്ച് ആളുകൾ വെറുതെ പ്രകോപനമുണ്ടാക്കും. പല പേരുകളും വിളിച്ച് അധിക്ഷേപിക്കും. കളിക്കുമ്പോൾ കുരങ്ങന്മാരുടെ ചേഷ്ടകൾ കാട്ടും. ആക്രോശിക്കും. നാണയത്തുട്ടുകൾ എറിയും. മനസ്സ് മടുപ്പിക്കുന്ന അനുഭവങ്ങളായിരുന്നു അതെല്ലാം.
ഞങ്ങൾക്ക് അറിയാമായിരുന്നു അത് ഞങ്ങളുടെ രാജ്യമല്ലെന്ന്. അതുകൊണ്ട് തന്നെ ഇതെല്ലാം അംഗീകരിക്കാതെ മറ്റു തരമുണ്ടായിരുന്നില്ല. ഒരു സീസൺ അവിടെ കഴിഞ്ഞശേഷം ഞാൻ പോളണ്ടിലേയ്ക്ക് പോയി. അതൊരു വല്ലാത്ത അനുഭവമായിരുന്നു. വല്ലാത്ത ഏകാന്തതയാണ് അവിടെ കാത്തിരുന്നത്. പതിനേഴാം വയസ്സിൽ കുടുംബത്തിനുവേണ്ടി ബ്രസീൽ വിട്ടവനാണ് ഞാൻ. രണ്ടു വർഷത്തിനുശേഷം തിരിച്ചെത്തിയതാവട്ടെ ആകെ തകർന്ന് ഫുട്ബോൾ തന്നെ മടുത്തുമാണ്.
രക്ഷിതാക്കളോടും ഭാര്യയോടും ഞാൻ പറഞ്ഞു: എനിക്ക് മടുത്തു.
ഭാര്യ പറഞ്ഞ മറുപടി എന്താണെന്ന് അറിയുമോ. സത്യത്തിൽ അവരാണ് എന്റെ കരിയർ രക്ഷിച്ചത്. ഫുട്ബോൾ വിടാനോ? പക്ഷേ നിങ്ങൾക്ക് വെറെന്തെങ്കിലും ചെയ്യാൻ അറിയുമോ? ഒരു ബൾബ് മാറ്റാൻ പോലും നിങ്ങൾക്ക് അറിയില്ലല്ലോ?
പഠിച്ചോളാം. അതൊന്നും കടുപ്പമുള്ള കാര്യമല്ലല്ലോ എന്നായിരുന്നു എന്റെ മറുപടി. അപ്പോൾ അവൾ പറഞ്ഞു: നിങ്ങൾ രക്ഷിതാക്കളെ കുറിച്ച് ഒന്നോർത്തു നോക്കൂ. ഇത്രയും നിങ്ങൾക്കുവേണ്ടി ചെയ്ത അവരെ അപമാനിക്കുന്നതിന് തുല്ല്യമല്ലേ ഇത്.
അവൾ പറഞ്ഞതായിരുന്നു വാസ്തവം. അഞ്ചാം വയസ്സ് മുതൽ സോനാ നോർതെയിലെ തെരുവിൽ ഫുട്ബോളുമായി അലയുകയായിരുന്നു ഞാൻ. എല്ലാ സാഹചര്യത്തിലും അമ്മ എനിക്കൊപ്പം നിന്നു. ഉറങ്ങാൻ കിടക്കുമ്പോൾ നേരം വീണ്ടും കളിക്കാൻ നേരം പുലരുന്നതും കാത്ത് ഉറങ്ങാതെ ചുമരിൽ തന്നെ നോക്കിക്കിടന്നൊരു കുട്ടിക്കാലമുണ്ടായിരുന്നു എനിക്ക്.
യൂറോപ്പിലെ അനുഭവത്തിനുശേഷം ഫുട്ബോളിനെ ഞാൻ സ്നേഹിക്കാതായി തുടങ്ങി. കളി നിർത്തിയാൽ അതെന്റെ രക്ഷിതാക്കളെ വേദനിപ്പിക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഒരു സീസൺ കൂടി ഞാൻ കളിക്കാൻ തീരുമാനിച്ചു. ഏറ്റവും അടിത്തട്ടിൽ നിന്നു തെന്നയായിരുന്നു തുടക്കം. ബ്രസീലിലെ നാലാം ഡിവിഷൻ ടീമായ പവോ ഡി അക്യുറിലായിരുന്നു തുടക്കം. എട്ട് മണിക്കൂറെങ്കിലും ബസ്സിൽ യാത്ര ചെയ്യണം കളിക്കാൻ. നാൽപത് ഡിഗ്രി സെൽഷ്യസിൽ കിക്കോഫും. എന്നെ കൊണ്ടാവില്ലെന്ന് തുടക്കക്കാലത്ത് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. വീടുപണിക്കോ മറ്റോ പോയാലോ എന്നും ആലോചിച്ചിരുന്നു.
പതുക്കെ പതുക്കെ പരിശീലനവും കളിയും വഴി എന്റെ ഉള്ളിലെ പ്രതിലോമ ചിന്തകൾ ഒഴിഞ്ഞു. സന്തോഷം തിരിച്ചുകിട്ടി. നാലാം ഡിവിഷനിൽ നിന്ന് രണ്ടാം ഡിവിഷനിലെത്തി. കോറിന്ത്യൻസിലൂടെ ഒന്നാം ഡിവിഷനിലും.
അവിടെ വച്ചാണ് ഞാൻ എന്റെ ജീവിതം മാറ്റിമറിച്ച പ്രൊഫസർ ടിറ്റെയെ പരിചയപ്പെട്ടത്. അദ്ദേഹം പതിയെ എന്റെ അച്ഛനെ പോലെയാവുകയായിരുന്നു അദ്ദേഹം-പൗലിന്യോ കുറിച്ചു.
Content Highlights: Fifa World Cup Brazil Paulinho Life Story Barcelona Messi Comiing Back from Depression