സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഇരുപതോളം തവണ ഫൗളിന് വിധേയനായിരുന്നു നെയ്മര്‍. എന്നാല്‍ അഭിനയിച്ച് താഴെ വീഴുകയാണ് നെയ്മറെന്ന് സമൂഹമാധ്യമങ്ങളിലടക്കം നിരവധി ആക്ഷേപങ്ങളും ട്രോളുകളും ഉയരുകയും ചെയ്തിരുന്നു. ഇതിനിടെ ഈ ആക്ഷേപങ്ങള്‍ക്ക് ആക്കം കൂട്ടികൊണ്ടാണ് കോസ്റ്ററീക്കയ്‌ക്കെതിരായ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
78-ാം മിനിറ്റില്‍ കോസ്റ്ററീക്കന്‍ പോസ്റ്റിലായിരുന്നു സംഭവം. ഗാബ്രിയേല്‍ ജീസസ് നല്‍കിയ പന്ത് വരുതിയിലാക്കാന്‍ തുനിഞ്ഞ നെയ്മറുടെ മുന്നിലേക്ക് കോസ്റ്ററീക്കന്‍ ഡിഫന്‍ഡര്‍ ഗോണ്‍സലെസ് എത്തുന്നു. തന്നെ പിടിച്ച് തള്ളിയെന്ന വാദത്തില്‍ പിന്നിലേക്ക് മറിഞ്ഞ വീണ നെയ്മര്‍ പെനാല്‍റ്റിക്ക് വേണ്ടി അപ്പീല്‍ ചെയ്യുകയും റഫറി പെനാല്‍റ്റി കിക്ക് സമ്മാനിക്കുകയും ചെയ്തു.
എന്നാല്‍ കോസ്‌റ്ററീക്കൻ താരങ്ങള്‍ പ്രതിഷേധവുമായി എത്തിയതോടെ റഫറി വാറിന്റെ സഹായം തേടുകയായിരുന്നു. നെയ്മറുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കിയാണ് ഗോണ്‍സലെസ് പ്രതിരോധം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പെനാല്‍റ്റി നല്‍കാനെടുത്ത തീരുമാനം റഫറി പിന്‍വലിക്കുകയും ചെയ്തു.
നെയ്മര്‍ തൊട്ടവാടിയാണെന്നും മികച്ച അഭിനേതാവാണെന്നുമുള്ള വിമര്‍ശകരുടെ വാദത്തിന് ആക്കം കൂട്ടുന്നതായി ഈ സംഭവം. മത്സരത്തില്‍ നെയ്മര്‍ ഒരു ഗോളടിക്കുകയും ബ്രസീല്‍ ജയിക്കുകയും ചെയ്തിട്ടും നെയ്മര്‍ക്കെതിരായ സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ക്ക് ഒരു കുറവുമില്ല. കോസ്‌റ്ററീക്കയ്‌ക്കെതിരേ ഇഞ്ചുറി ടൈമില്‍ രണ്ടു ഗോളുകള്‍ നേടിയാണ് ബ്രസീല്‍ ജയിച്ചത്. നെയ്മറെ കൂടാതെ കുട്ടീന്യോയാണ് മറ്റൊരു ഗോള്‍ നേടിയത്.