ഐസ്‌ലന്‍ഡുമായുള്ള മത്സരത്തിന് പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളുമേറ്റ് തളര്‍ന്ന അര്‍ജന്റീനക്കും ആരാധകര്‍ക്കും താത്ക്കാലിക ആശ്വാസം നല്‍കിയിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍. ഐസ്‌ലന്‍ഡിനോട് പെനാല്‍റ്റി പാഴാക്കിയതിന്റെയും സമനില വഴങ്ങിയതിന്റെയും പേരില്‍ തങ്ങളുടെ പ്രിയ താരത്തെയും ടീമിനേയും സമൂഹ മാധ്യമങ്ങളില്‍ ട്രോളി കൊന്നവരില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ബ്രസീല്‍ ആരാധകര്‍ ഇനി കുറച്ച് ദിവസത്തേക്ക് വാ തുറക്കില്ലെന്നാണ് പ്രധാന ആശ്വാസം.
മെക്‌സിക്കന്‍ അപാരതയോടെ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയുടെ അനുയായികളും പൂര്‍ണ്ണമായും പത്തിമടക്കി. മെസിക്കും അര്‍ജന്റീനക്കും എതിരെ വന്ന ശരങ്ങളെല്ലാം വിമര്‍ശകര്‍ക്ക് നേരെ തന്നെ തിരിച്ചുവിടുന്ന തിരക്കിലാണിപ്പോള്‍ സൈബര്‍ പോരാളികള്‍. സ്വിസ് താരങ്ങളുമായി കൂട്ടിമുട്ടുമ്പോഴേക്കും വീണ് പരിക്കഭിനയിക്കുന്നെന്ന് പറഞ്ഞ് നെയ്മറിനേയാണ് ട്രോളുകാര്‍ ഇഷ്ട തോഴനാക്കിയിരിക്കുന്നത്. തൊട്ടാവാടിയെന്നാണ് മലായിളി ട്രോളുകാര്‍ നെയ്മറിന് നല്‍കിയ പേര്.
സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിയോട് 7-1 ന് തോറ്റ് പുറത്തായതിന്റെ ക്ഷീണം മാറ്റാനിറങ്ങിയ ബ്രസീലുകാര്‍ക്ക് കളം നിറഞ്ഞ കളിച്ചിട്ടും സ്വിസ് പ്രതിരോധ കോട്ടയില്‍ വിള്ളലുണ്ടാക്കാനായില്ല. ജര്‍മനിയോടേറ്റ വമ്പന്‍ തോല്‍വിക്ക് ശേഷം നടന്ന ലോകകപ്പ് യോഗ്യത സന്നാഹ മത്സരങ്ങളില്‍ തകര്‍പ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ ബ്രസീലിന് ലോകകപ്പ് വേദിയിലെത്തിയപ്പോള്‍ കാര്യങ്ങളത്ര ശുഭകരമല്ല. അതേ സമയം ഒരു മത്സരത്തിലെ വിധി നോക്കി വിലയിരുത്തല്‍ അസാധ്യവുമാണ്. ഗ്രൂപ്പിലെ മറ്റു ടീമുകളായ സെര്‍ബിയയും കോസ്‌റ്റോറിക്കയും സ്വിറ്റസര്‍ലന്‍ഡിനോളം കരുത്തരല്ലെന്നത് ബ്രസീലിന് ആശ്വാസമാണ്.
അതേ സമയം അര്‍ജന്റീനക്ക് ഗ്രൂപ്പ് ഘട്ടം മറികടക്കാന്‍ ഇനി നന്നായി വിയര്‍ക്കേണ്ടി വരുമെന്നുറപ്പാണ്. ക്രൊയേഷ്യയോടും ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയോടുമാണ് അവര്‍ക്കിനി ഏറ്റുമുട്ടാനുള്ളത്. നൈജീരിയ ക്രൊയേഷ്യയോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അട്ടിമറി ഏറെ നടത്തിയിട്ടുള്ളവരാണ് അവര്‍. ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് ക്രൊയേഷ്യ.