സ്വപ്ന ഫൈനലിലേക്ക്‌


പി.ടി.ബേബി

3 min read
Read later
Print
Share

ലോകകപ്പ് ഫുട്ബോളില്‍ ബ്രസീല്‍- അര്‍ജന്റീന ഫൈനല്‍!

ഇത് കേള്‍ക്കുമ്പോള്‍ ഓരോ ഫുട്ബോള്‍ സ്നേഹിയും കോരിത്തരിക്കും. 88 വര്‍ഷം നീണ്ട ലോകകപ്പ് ചരിത്രത്തില്‍ ഒരിക്കലും അത് സംഭവിച്ചില്ല. പലപ്പോഴും അതിന് അവസരങ്ങളുണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അത് സംഭവിച്ചില്ല. ഇക്കുറിയും ബ്രസീല്‍- അര്‍ജന്റീന ഫൈനലിന് വഴി തുറന്നുകിടക്കുന്നുണ്ട്. അത് സംഭവിച്ചുകൂടെന്നില്ല...സ്വപ്ന ഫൈനലിലേക്ക് വഴിയുണ്ട്

ലോകകപ്പ് ഫുട്ബോളില്‍ ഒരു സ്വപ്നം ബാക്കിയുണ്ട്, അര്‍ജന്റീന - ബ്രസീല്‍ ഫൈനല്‍. ലോകം എക്കാലവും കാത്തിരിക്കുന്ന പോരാട്ടം. കഴിഞ്ഞ 20 ലോകകപ്പ് ഫൈനലുകളിലും അത് സംഭവിച്ചില്ല. ബ്രസീല്‍ ഏഴുവട്ടവും അര്‍ജന്റീന അഞ്ചുവട്ടവും ഫൈനലിലെത്തി. മഞ്ഞക്കിളികള്‍ അഞ്ച് കിരീടവുമായി നിറുകയില്‍ നില്‍ക്കുന്നു. അര്‍ജന്റീനയ്ക്ക് രണ്ട് കിരീടം. പക്ഷേ, ഒരിക്കല്‍പ്പോലും ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയിട്ടില്ല. റഷ്യയില്‍ അത് സംഭവിക്കുമോ?

സംഭവിച്ചുകൂടായ്കയില്ല. ഈ ലോകകപ്പ് പുറമേക്ക് ശാന്തമാണ്. മരണഗ്രൂപ്പുകളൊന്നുമില്ല. പ്രമുഖ ടീമുകളൊന്നും ആദ്യറൗണ്ടില്‍ ഭീഷണി നേരിടുന്നില്ല. പക്ഷേ, ഏതൊരു മഹാസംഭവത്തിലും ചില നാടകീയതകള്‍ കാത്തിരിക്കുന്നുണ്ടാവും. അതെന്താണെന്ന് നമുക്ക് പ്രവചിക്കാനാവില്ല. ഫിക്സ്ചര്‍ വെച്ച്, ഏതൊക്കെ ടീമുകള്‍ എവിടെയൊക്കെ എത്തുമെന്ന് നമുക്ക് ഊഹിക്കാനേ പറ്റൂ. അത്തരമൊരു മനക്കണക്കിലൂടെ ആ സ്വ്പനഫൈനല്‍ സാധ്യമാകുമോ എന്ന് നമുക്ക് നോക്കാം. ഇത് സംഭവിക്കണമെന്നില്ല, പക്ഷേ, സംഭവിച്ചുകൂടായെന്നുമില്ല.ഗ്രൂപ്പ് ഇ യില്‍ സ്വിറ്റ്സര്‍ലന്‍ഡ്, കോസ്റ്ററീക്ക, സെര്‍ബിയ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍.

ഗ്രൂപ്പ് ഡി യില്‍ ഐസ്ലന്‍ഡ്, നൈജീരിയ, ക്രൊയേഷ്യ ടീമുകള്‍ക്കൊപ്പമാണ് അര്‍ജന്റീന.രണ്ട് ലാറ്റിനമേരിക്കന്‍ വമ്പന്‍മാരും ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാനുള്ള സാധ്യത കടലാസില്‍ തെളിഞ്ഞുകാണുന്നു. ലയണല്‍ മെസ്സി എന്ന ഇതിഹാസതാരത്തിന് ഒരു കിരീടം - ലോകകപ്പിലെ ബാക്കിയുള്ള സ്വപ്നങ്ങളിലൊന്ന് അതാണ്. അതുകൊണ്ട് മെസ്സിയില്‍ വിശ്വാസമര്‍പ്പിച്ച് അര്‍ജന്റീനയെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാക്കാം. ബ്രസീലിന് ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലെത്താന്‍ വലിയ പ്രയാസമില്ല. പ്രാഥമിക റൗണ്ട് കഴിയുമ്പോള്‍ ഇവര്‍ എവിടെയൊക്കെ എത്തുമെന്ന് സങ്കല്പിച്ചുനോക്കാം.
ബ്രസീലിന്റെ വഴിഗ്രൂപ്പ് ഇയിലെ ചാമ്പ്യന്‍മാര്‍ പ്രീക്വാര്‍ട്ടറില്‍ നേരിടേണ്ടത് ഗ്രൂപ്പ് എഫ് റണ്ണേഴ്സ് അപ്പിനെയാണ്. ഗ്രൂപ്പ് എഫില്‍ ജര്‍മനി, മെക്സിക്കോ, സ്വീഡന്‍, കൊറിയ ടീമുകളാണ്. നിലവിലെ ലോകചാമ്പ്യന്‍മാരും കരുത്തരുമായ ജര്‍മനി ഗ്രൂപ്പില്‍ ഒന്നാമതെത്തേണ്ടതാണ്. രണ്ടാം ടീം മെക്സിക്കോയോ സ്വീഡനോ ആകാം. ബ്രസീലിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളികള്‍ മെക്സിക്കോ അല്ലെങ്കില്‍ സ്വീഡന്‍. രണ്ടിലാരായാലും ബ്രസീല്‍ ജയിക്കാനാണ് സാധ്യത. അടുത്ത ഘട്ടം ക്വാര്‍ട്ടര്‍. അവിടെ ബ്രസീലിനെ കാത്തിരിക്കുന്നത് ബെല്‍ജിയമോ ഇംഗ്ലണ്ടോ ആകാം. ഗ്രൂപ്പ് ജി ചാമ്പ്യന്‍മാരും ഗ്രൂപ്പ് എച്ച് റണ്ണേഴ്സ് അപ്പും തമ്മിലാണ് ഒരു പ്രീക്വാര്‍ട്ടര്‍.
ബെല്‍ജിയം, പാനമ, ഇംഗ്ലണ്ട്, ടുണീഷ്യ ടീമുകളാണ് ഗ്രൂപ്പ് ജിയില്‍. ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാരും ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരുമായേക്കാം. മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനും ഗ്രൂപ്പ് ചാമ്പ്യന്‍മാരാവുള്ള സാധ്യതയുണ്ട്. കൊളംബിയ, സെനഗല്‍, പോളണ്ട്, ജപ്പാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് എച്ചില്‍. കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാല്‍ സെനഗല്‍ രണ്ടാമതെത്തിയേക്കാം. തിരിച്ചും സംഭവിക്കാം. പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെയോ ഇംഗ്ലണ്ടിനെയോ നേരിടുക കൊളംബിയയോ സെനഗലോ ആവാം.
അതില്‍ ജയിക്കുന്ന ടീമാവും ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍.ബെല്‍ജിയമായാലും ഇംഗ്ലണ്ടായാലും ബ്രസീലിന് മുന്നേറാന്‍ പ്രയാസമുണ്ടാകില്ല. ക്വാര്‍ട്ടറും കടന്ന് ബ്രസീല്‍ ഇതാ സെമിയിലേക്ക്.സെമിയില്‍ ബ്രസീലിനെ കാത്തിരിക്കുന്നത് മിക്കവാറും ഫ്രാന്‍സാവും. ഓസ്ട്രേലിയ, പെറു, ഡെന്‍മാര്‍ക്ക് എന്നീ ടീമുകളുള്‍പ്പെട്ട ഗ്രൂപ്പ് സി യിലാണ് ഫ്രാന്‍സ്. അവര്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായേക്കാം. പ്രീക്വാര്‍ട്ടറില്‍ അവരുടെ എതിരാളി പോര്‍ച്ചുഗലോ യുറഗ്വായോ ആകാനാണ് സാധ്യത. റഷ്യയും സൗദിയും ഈജിപ്തും ഉള്‍പ്പെട്ട ഗ്രൂപ്പ് എ യിലാണ് ഉറുഗ്വായ്.
അവരാകും ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. സ്​പെയിന്‍, പോര്‍ച്ചുഗല്‍, ഇറാന്‍, മൊറോക്കോ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍. സ്​പെയിന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരും പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനക്കാരുമായേക്കാം. ഗ്രൂപ്പ് എ ചാമ്പ്യന്‍മാരും ഗ്രൂപ്പ് ബി റണ്ണേഴ്സ് അപ്പും തമ്മിലാണ് ക്വാര്‍ട്ടര്‍. അങ്ങനെ യുറഗ്വായ് - പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍. ഫ്രാന്‍സിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളി, ഗ്രൂപ്പ് ഡി റണ്ണേഴ്സ് അപ്പാവാന്‍ സാധ്യതയുള്ള നൈജീരിയയാവാം. ഫ്രാന്‍സ് ജയിക്കുന്നു. ക്വാര്‍ട്ടറില്‍ അവര്‍ക്ക് തോല്പിക്കേണ്ടത് യുറഗ്വായെയോ പോര്‍ച്ചുഗലിനെയോ. അതും ജയിച്ചാല്‍ പിന്നെ ഫ്രാന്‍സ്- ബ്രസീല്‍ സെമിഫൈനല്‍. ബ്രസീല്‍ ആ കടമ്പ കടക്കാതിരിക്കുമോ?

അങ്ങനെ നമ്മള്‍ ബ്രസീലിനെ ഒരുവിധം ഫൈനലിലെത്തിച്ചു!അര്‍ജന്റീനയുടെ വഴിഇനി അര്‍ജന്റീനയുടെ കാര്യം. അതത്ര എളുപ്പമല്ല, എങ്കിലുമൊന്ന് ശ്രമിച്ചുനോക്കാം.ഗ്രൂപ്പ് ഡി ചാമ്പ്യന്‍മാരാകുന്ന അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ എതിരാളികള്‍ ഗ്രൂപ്പ് സി റണ്ണേഴ്സ് അപ്പാവുന്ന ഡെന്‍മാര്‍ക്കാവും. പ്രീക്വാര്‍ട്ടര്‍ കടമ്പ വലിയ തടസ്സങ്ങളില്ലാതെ അവര്‍ മറികടന്നേക്കാം. ക്വാര്‍ട്ടറില്‍ ഒരുപക്ഷേ, അവര്‍ ചെന്നുവീഴുക സ്​പെയിനിന്റെ വായിലേക്കാവും. ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരും ഗ്രൂപ്പ് എ റണ്ണേഴ്സ് അപ്പും തമ്മിലാണ് ഒരു പ്രീക്വാര്‍ട്ടര്‍. അത് മിക്കവാറും സ്​പെയിന്‍ -റഷ്യ ആയിരിക്കും.

സ്​പെയിന്‍ ജയിക്കുന്നു. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ അര്‍ജന്റീന. ഗ്രൂപ്പ് ബിയില്‍ ചാമ്പ്യന്‍മാരാകുന്നത് പോര്‍ച്ചുഗല്‍ ആണെങ്കില്‍ അര്‍ജന്റീന -പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ സംഭവിക്കാം. ലോകഫുട്ബോളിലെ രണ്ട് സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുഖാമുഖം. സ്​പെയിനായാലും പോര്‍ച്ചുഗലായാലും അര്‍ജന്റീന അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുക. സെമിയില്‍ അര്‍ജന്റീനയെ കാത്തിരിക്കുന്നത് നിലവിലെ ചാമ്പ്യന്‍മാരും തോല്പിക്കാന്‍ അങ്ങേയറ്റം പ്രയാസവുമുള്ള ജര്‍മനിയാവും. ഗ്രൂപ്പ് എഫ് ചാമ്പ്യന്‍മാരാകുന്ന ജര്‍മനി പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ഇ റണ്ണേഴ്സ് അപ്പാവുന്ന സ്വിറ്റ്സര്‍ലന്‍ഡുമായാവും കളിക്കുക. ജര്‍മനി ജയിക്കാം. ക്വാര്‍ട്ടറില്‍ അവര്‍ക്കു മുന്നില്‍ ഇംഗ്ലണ്ടോ സ്​പെയിനോ ആവാം. അതും കടന്നാണ് ജര്‍മനി സെമിയില്‍ അര്‍ജന്റീനയ്ക്ക് മുന്നിലെത്തുന്നത്. യൂറോപ്യന്‍ മഹാമേരുവിനെ അര്‍ജന്റീന കീഴടക്കുമോ?

മെസ്സിയുടെ കരിയര്‍ പൂര്‍ണമാകണമെങ്കില്‍ ഒരു ലോകകിരീടം വേണ്ടേ?

അതുകൊണ്ട് ജര്‍മനിയേയും തോല്‍പ്പിച്ചേ മതിയാകൂ. നമ്മള്‍ സ്വപ്നം കാണുകയാണ്, സാധ്യതകളില്‍ അഭിരമിക്കുകയാണ്. ആ സ്വപ്നത്തില്‍ അര്‍ജന്റീന ഇതാ ഫൈനലില്‍. അര്‍ജന്റീന - ബ്രസീല്‍ ഫൈനല്‍!ജൂലായ് 15-ന് മോസ്‌കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ അത് സംഭവിക്കുമോ?

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram