ലാറ്റിനമേരിക്കയുടെ കൊടി കസാനില്‍ അഴിച്ചുവെച്ച് ബ്രസീല്‍ 21-ാം ലോകകപ്പിനോട് വിടചൊല്ലുമ്പോള്‍, ഇത് പ്രതീക്ഷിച്ചിരുന്നു എന്ന നിലയിലായിരുന്നു ആരാധകര്‍. അവരില്‍ പലരും നിര്‍വികാരതയോടെ സ്റ്റേഡിയം വിട്ടു. നെയ്മറുടെ ജേഴ്സിയണിഞ്ഞ് ചില കുഞ്ഞുങ്ങള്‍ വാടിയ മുഖങ്ങളുമായി നടന്നു. തൊട്ടുപിന്നാലെ, മോസ്‌കോയിലേക്ക് പോകാന്‍ കസാന്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ അവിടെ നിറയെ ബ്രസീല്‍ ആരാധകര്‍. അവര്‍ മടങ്ങുകയാണ്. അവരുടെ ലോകകപ്പ് അവസാനിച്ചിരിക്കുന്നു. പലരും ആലിംഗനം ചെയ്ത് യാത്രപറഞ്ഞു.
ആരാധകരെക്കൊണ്ട് വിമാനത്താവളം നിറഞ്ഞു. ചെക്ക് ഇന്‍ ക്യൂ നിമിഷങ്ങള്‍കൊണ്ട് നീണ്ടു. പല വിമാനങ്ങളും വൈകി. വാടിത്തളര്‍ന്ന ചില ബ്രസീല്‍ ആരാധകര്‍ ബഹളമുണ്ടാക്കി. അവര്‍ക്ക് മോസ്‌കോയില്‍ നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റ് പിടിക്കണം, വിമാനത്താവളം അധികൃതരും ലോകകപ്പ് വൊളന്റിയേഴ്സും വിമാനക്കമ്പനി ജീവനക്കാരും പാഞ്ഞുനടന്നു. ഇനിയൊരു മഞ്ഞമഹാസമുദ്രം കാണാന്‍ നാലുവര്‍ഷം കാത്തിരിക്കണം. ബെല്‍ജിയന്‍ ആരാധകരിലും വലിയ വിജയാഘോഷമൊന്നും കണ്ടില്ല. അവര്‍ ശാന്തമായി മടങ്ങുന്നതുകണ്ടു.
റഷ്യയില്‍ എന്തും സംഭവിക്കുമെന്ന് ആരാധകര്‍ നേരത്തേ തിരിച്ചറിഞ്ഞതാണ്. അതുകൊണ്ട് ഒരു ടീമില്‍നിന്നും ആരും അധികമൊന്നും പ്രതീക്ഷിക്കുന്നില്ല. ബ്രസീല്‍ ആരാധകര്‍ക്കറിയാമായിരുന്നു, ഏതു നിമിഷവും കഥ കഴിയുമെന്ന്. ഈ ലോകകപ്പിന്റെ എല്ലാ റൗണ്ടിലും വന്‍ അട്ടിമറികള്‍ സംഭവിച്ചിട്ടുണ്ട്. ആദ്യ റൗണ്ടില്‍ ജര്‍മനി പുറത്ത്. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയും സ്‌പെയിനും പുറത്ത്. ക്വാര്‍ട്ടറില്‍ ഇതാ ബ്രസീലും. സെമിഫൈനലില്‍ ഫ്രാന്‍സിന്റെ വിധി എന്താകുമോ എന്തോ...
ലാറ്റിനമേരിക്കയുടെ ജനകീയ സാമ്രാജ്യം റഷ്യയില്‍ തകര്‍ന്നുവീണിരിക്കുന്നു. സെമിഫൈനല്‍ തുടങ്ങുംമുമ്പേ, ലാറ്റിനമേരിക്ക തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. അവശേഷിക്കുന്നത് യൂറോപ്യന്‍ ടീമുകള്‍ മാത്രം. യൂറോപ്പില്‍ ലോകകപ്പ് നടക്കുമ്പോള്‍, കിരീടം അവര്‍ക്കുതന്നെയുള്ളതാണ്. ഒരിക്കല്‍, യൂറോപ്പില്‍ ബ്രസീല്‍ ചാമ്പ്യന്‍മാരായതുമാത്രമാണ് അതിന് അപവാദം. അന്നത്തെ ബ്രസീല്‍ അല്ലല്ലോ ഇന്നത്തേത്. 2002-ലെ ഫൈനലില്‍ ജര്‍മനിയെ തോല്പിച്ചശേഷം, ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ യൂറോപ്യന്‍ ടീമുകള്‍ക്കെതിരേ ബ്രസീല്‍ ജയിച്ചിട്ടില്ലെന്ന ചരിത്രം തുടരുന്നു.
കസാനില്‍ മത്സരം ആരംഭിക്കുന്നതിനുമുമ്പ് സ്റ്റേഡിയത്തില്‍ പ്രത്യക്ഷപ്പെട്ട ബ്രസീല്‍ ഇതിഹാസം എഡ്മില്‍സണ്‍ പറഞ്ഞു-''ഈ രാത്രി നമുക്ക് മികച്ച ഫുട്ബോള്‍ ആസ്വദിക്കാം.'' ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അദ്ദേഹവും നിരാശപ്പെട്ടിരിക്കണം. ഒരു സമനിലയും ഷൂട്ടൗട്ടിലെ വിധിയും ബ്രസീല്‍ അര്‍ഹിച്ചിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല.
13-ാം മിനിറ്റില്‍ സെല്‍ഫ്ഗോള്‍ വഴങ്ങി ആരാധകര്‍ക്ക് ബ്രസീല്‍ ആദ്യ ഞെട്ടല്‍ നല്‍കി. ഒരു കോര്‍ണര്‍കിക്ക് ഫെര്‍ണാണ്ടീന്യോയുടെ തോളില്‍ തട്ടി സ്വന്തം വലയില്‍ കയറുകയായിരുന്നു. ആദ്യപകുതി അവസാനിക്കുംമുമ്പേ കെവിന്‍ ഡിബ്രൂയിന്റെ ഉജ്ജ്വലമായൊരു ഗോളിലൂടെ ബെല്‍ജിയം ലീഡുയര്‍ത്തി.
രണ്ടു ഗോളുകളുടെ കടം നികത്തിയെടുക്കുക അത്ര എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞ് ആഞ്ഞടിച്ച ബ്രസീലിന് 76-ാം മിനിറ്റില്‍ അഗസ്റ്റോയുടെ ഗോള്‍ പ്രാണന്‍ തിരിച്ചുനല്‍കി. സ്റ്റേഡിയം ഇരമ്പിമറിഞ്ഞു. പിന്നീട് സ്റ്റേഡിയം കണ്ടത് ബ്രസീലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍. പിന്നീട് എത്രയെത്ര അവസരങ്ങള്‍...അതിലൊന്ന് അകത്തുകയറിയിരുന്നെങ്കില്‍ കഥ മാറുമായിരുന്നു.
നെയ്മറുടെ വീഴ്ച, ബ്രസീലിന്റെയും
നെയ്മറുടെ കാലില്‍നിന്ന് ബെല്‍ജിയംകാര്‍ നിസ്സാരമായി പന്ത് റാഞ്ചിക്കൊണ്ടുപോകുന്നത് ദയനീയ കാഴ്ചയായിരുന്നു. നെയ്മറുടെ വീഴ്ചകള്‍ ഈ ലോകകപ്പിലെ കൗതുകമായിരുന്നല്ലോ. ബെല്‍ജിയത്തിനെതിരേ നെയ്മറുടെ വീഴ്ചകള്‍ റഫറി കണ്ടതായിപ്പോലും ഭാവിച്ചില്ല. ആ വീഴ്ചകള്‍ ബ്രസീലിന്റെയും വീഴ്ചകളായി. നെയ്മര്‍ എവിടെപ്പോയി എന്ന് പലപ്പോഴും തോന്നിപ്പോയി. അങ്ങനെ ഈ ലോകകപ്പിലെ ത്രിമൂര്‍ത്തികളെല്ലാം പുറത്തായി. ആദ്യം മെസ്സി, പിന്നെ ക്രിസ്റ്റ്യാനോ, ഇപ്പോള്‍ നെയ്മറും. പുതിയ ഹീറോകളെ ലോകം കാത്തിരിക്കുന്നു. ബ്രസീലും അര്‍ജന്റീനയും ജര്‍മനിയും ഇല്ലാത്ത സെമിഫൈനല്‍. ഈ ലോകകപ്പ് ഇനിയെന്തെല്ലാം കാത്തുവെച്ചിരിക്കുന്നു...