Photo: twitter.com|CopaAmerica
റിയോ ഡി ജനെയ്റോ: കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിലൂടെ ഇക്വഡോറിനെ സമനിലയില്‍ പിടിച്ച് വെനസ്വേല. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടിയ മത്സരത്തില്‍ രണ്ടു തവണ പിന്നില്‍ പോയ ശേഷമായിരുന്നു വെനസ്വേലയുടെ തിരിച്ചുവരവ്.
39-ാം മിനിറ്റില്‍ അയര്‍ടണ്‍ പ്രെസിയാഡോയിലൂടെ ഇക്വഡോറാണ് ആദ്യം മുന്നിലെത്തിയത്. വെനസ്വേല ബോക്‌സിലേക്ക് വന്ന ഒരു ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ റോബര്‍ട്ട് ആര്‍ബൊലെഡയില്‍ നിന്ന് ലഭിച്ച പന്ത് വലയിലെത്തിക്കേണ്ട കാര്യമേ പ്രെസിയാഡോയ്ക്കുണ്ടായുള്ളൂ.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ഇക്വഡോറിനായി. എന്നര്‍ വലന്‍സിയയായിരുന്നു ഇക്വഡോറിന്റെ പല മുന്നേറ്റങ്ങള്‍ക്കും പിന്നില്‍.
ഇതിനിടെ എട്ടാം മിനിറ്റില്‍ മുന്നിലെത്താന്‍ ലഭിച്ച അവസരം വെനസ്വേലന്‍ താരം കാസ്സെറെസ് നഷ്ടപ്പെടുത്തുകയും ചെയ്തു. പിന്നീട് 51-ാം മിനിറ്റില്‍ എഡ്‌സണ്‍ കാസ്റ്റില്ലോ വെനസ്വേലയെ ഒപ്പമെത്തിച്ചു. ജോസ് മാര്‍ട്ടിനസിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. മാര്‍ട്ടിനസിന്റെ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന കാസ്റ്റില്ലോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍ വീണതോടെ വീണ്ടും ഇക്വഡോര്‍ ആക്രമണങ്ങള്‍ക്ക് ജീവന്‍ വെച്ചു. 71-ാം മിനിറ്റില്‍ അത് ഫലം കാണുകയും ചെയ്തു. ഇക്വഡോര്‍ ഹാഫില്‍ നിന്ന് പന്ത് ലഭിച്ച ഗോണ്‍സാലോ പ്ലാറ്റ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റമാണ് ഇക്വഡോറിന്റെ രണ്ടാം ഗോളിന് വഴിവെച്ചത്. താരത്തിന്റെ ഷോട്ട് ഫാരിനസ് തടഞ്ഞെങ്കിലും റീബൗണ്ട് വന്ന പന്ത് പ്ലാറ്റ തന്നെ വലയിലെത്തിച്ചു.
ഇക്വഡോര്‍ വിജയമുറപ്പിച്ച് നില്‍ക്കേ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ റൊണാള്‍ഡ് ഹെര്‍ണാണ്ടസിലൂടെയാണ് വെനസ്വേല സമനില ഗോള്‍ കണ്ടെത്തിയത്. എഡ്സണ്‍ കാസ്റ്റില്ലോ ചിപ് ചെയ്ത് നല്‍കിയ പന്ത് ഹെര്‍ണാണ്ടസ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഇക്വഡോര്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍.
സമനിലയോടെ വെനസ്വേല ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Venazuela vs Ecuador Copa America 2021