Photo: AFP
റിയോ ഡി ജനെയ്റോ: വേദി ബ്രസീലിലേക്ക് മാറ്റിയെങ്കിലും കോപ്പ അമേരിക്ക ഫുട്ബോളില്‍ പുതിയ പ്രതിസന്ധി ഉരുണ്ടുകൂടുന്നു. ബ്രസീല്‍ അടക്കമുള്ള ടീമുകളുടെ കളിക്കാര്‍ ടൂര്‍ണമെന്റിനെതിരേ രംഗത്തുവന്നു. മത്സരം ആരംഭിക്കാന്‍ ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്.
നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ബ്രസീല്‍ ടീമിലെ മുഴുവന്‍ താരങ്ങളും ടൂര്‍ണമെന്റിനെതിരാണെന്ന് നായകന്‍ കാസെമിറോ കഴിഞ്ഞദിവസം വ്യക്തമാക്കി. കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മത്സരം രാജ്യത്ത് നടത്തേണ്ടതില്ലെന്ന നിലപാടിലാണ് സൂപ്പര്‍താരം നെയ്മര്‍ അടക്കമുള്ള താരങ്ങള്‍. ബ്രസീല്‍ താരങ്ങളുടെ നിലപാടിന് പിന്തുണയുമായി യുറഗ്വായ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കൊളംബിയ, അര്‍ജന്റീന, ചിലി താരങ്ങള്‍ക്കും എതിര്‍പ്പുണ്ട്. അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി അഭിപ്രായം പുറത്തുപറഞ്ഞിട്ടില്ല. ബുധനാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുശേഷം താരങ്ങള്‍ അഭിപ്രായം പരസ്യമായി പറയാനാണ് സാധ്യത. ടൂര്‍ണമെന്റുമായി മുന്നോട്ടുപോകാനാണ് ബ്രസീല്‍ ഭരണകൂടത്തിന്റെ തീരുമാനം.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അര്‍ജന്റീനയില്‍നിന്നും രാഷ്ട്രീയ അസ്ഥിരതയെത്തുടര്‍ന്ന് കൊളംബിയയില്‍ നിന്നും വേദി മാറ്റിയാണ് ബ്രസീലില്‍ ടൂര്‍ണമെന്റ് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്. ജൂണ്‍ 13-നാണ് മത്സരങ്ങള്‍ ആരംഭിക്കേണ്ടത്.
കോവിഡില്‍ നട്ടംതിരിഞ്ഞ്
രാജ്യത്ത് ഇതുവരെ 1.69 കോടി പേര്‍ക്കാണ് രോഗം ബാധിച്ചത്. 4.73 ലക്ഷം പേരാണ് മരിച്ചത്. ഒരാഴ്ചയായി ശരാശരി 62,000-ത്തോളം കേസുകളാണ് രാജ്യത്തുണ്ടാകുന്നത്. കോവിഡ് കേസുകളുടെ കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തും മരണത്തില്‍ രണ്ടാം സ്ഥാനത്തുമാണ് ബ്രസീല്‍.
Content Highlights: Team Brazil is planning to Boycott Copa America 2021