Photo: twitter.com|CopaAmerica
ബ്രസീലിയ: കോപ്പ അമേരിക്കയില്‍ നിന്നും വെനസ്വേല പുറത്ത്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ പെറുവിനോട് തോല്‍വി വഴങ്ങിയതോടെയാണ് വെനസ്വേല ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനാണ് പെറുവിന്റെ വിജയം.
പെറുവിനായി 48-ാം മിനിട്ടില്‍ ആന്ദ്രെ കാറിയോയാണ് വിജയഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. കോര്‍ണര്‍ തടയുന്നതില്‍ വെനസ്വേല പ്രതിരോധം വരുത്തിയ പിഴവില്‍ നിന്നും പന്ത് സ്വീകരിച്ച കാറിയോ അനായാസം ലക്ഷ്യം കണ്ടു.മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് പെറു കാഴ്ചവെച്ചത്. വിജയം നേടിയാല്‍ മാത്രമായിരുന്നു വെനസ്വേലയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതയുണ്ടായിരുന്നത്. വെനസ്വേലയുടെ ഗോള്‍കീപ്പര്‍ ഫാരിനെസ് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി പെറു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നാല് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവും ഒരു തോല്‍വിയും ഒരു സമനിലയുമടക്കം 7 പോയന്റുകള്‍ പെറു സ്വന്തമാക്കി. നാലുമത്സരങ്ങളില്‍ നിന്നും ഒരു വിജയം പോലും നേടാനാകാതെ വെറും രണ്ട് പോയന്റുകള്‍ മാത്രമാണ് വെനസ്വേലയ്ക്ക് നേടാനായത്. കോവിഡ് രോഗം മൂലം ടീമിലെ പ്രധാന 12 താരങ്ങളില്ലാതെയാണ് വെനസ്വേല കോപ്പ അമേരിക്കയില്‍ കളിക്കാനിറങ്ങിയത്.
ഗ്രൂപ്പ് ബി യില്‍ നിന്നും പെറുവിനെക്കൂടാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍ എന്നീ ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
Content Highlights: Peru vs Venazuela Copa America 2021