Photo: twitter.com|CopaAmerica
സൂയിയാബ: കോപ്പ അമേരിക്ക 2021 ഫുട്‌ബോളില്‍ ആദ്യ വിജയം കുറിച്ച് ചിലി. ഗ്രൂപ്പ് ബിയില്‍ ബൊളീവിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് വിദാലും സംഘവും വിജയമാഘോഷിച്ചത്. മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ചിലി ബൊളീവിയയെ കീഴടക്കിയത്. മുന്നേറ്റതാരം ബെന്‍ ബ്രെറെട്ടണാണ് ടീമിനായി ഗോള്‍ നേടിയത്.
ഈ വിജയത്തോടെ നോക്കൗട്ട് സാധ്യതകള്‍ ചിലി സജീവമാക്കി. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ ടീം സമനിലയില്‍ തളച്ചിരുന്നു.
കളിയുടെ ആദ്യ മിനിട്ട് തൊട്ട് ചിലിയാണ് ആധിപത്യം പുലര്‍ത്തിയത്. ബൊളീവിയയ്ക്ക് കാര്യമായി ഒരു ചലനവും സൃഷ്ടിക്കാനായില്ല. കളിയുടെ പത്താം മിനിട്ടില്‍ തന്നെ ചിലി ബൊളീവിയയ്‌ക്കെതിരേ ലീഡെടുത്തു.
മുന്നേറ്റതാരം ബെന്‍ ബ്രെറെട്ടണാണ് ടീമിനായി ഗോള്‍ നേടിയത്. ബൊളീവിയയുടെ മുന്നേറ്റം ഭേദിച്ച ചിലി പ്രതിരോധനിര പന്ത് വര്‍ഗാസിന് കൈമാറി. പന്തുമായി കുതിച്ച വര്‍ഗാസ് ശിഥിലമായ ബൊളീവിയന്‍ പ്രതിരോധത്തെ കബിളിപ്പിച്ച് പന്ത് ബ്രൈറെട്ടണ് കൈമാറി. ബ്രൈറെട്ടണ്‍ ഗോള്‍കീപ്പറിന് ഒരു സാധ്യത പോലും നല്‍കാതെ പന്ത് വലയിലെത്തിച്ചു.
പിന്നാലെ ഗോളെന്നുറച്ച ചിലിയുടെ എറിക് പുള്‍ഗാറിന്റെ ലോങ്‌റേഞ്ചര്‍ തകര്‍പ്പന്‍ സേവിലൂടെ ബൊളീവിയന്‍ ഗോള്‍കീപ്പര്‍ ലാംപെ തട്ടിയകറ്റി. 17-ാം മിനിട്ടില്‍ ചിലിയുടെ മെനെസെസ് എടുത്ത ലോങ്‌റേഞ്ചറും ഉജ്ജ്വലമായി ലാംപെ രക്ഷപ്പെടുത്തി.
29-ാം മിനിട്ടില്‍ ബൊളീവിയയുടെ ഫെര്‍ണാണ്ടസിന് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് ചിലി പോസ്റ്റിന് വെളിയിലൂടെ ഉരുണ്ടുപോയി. 34-ാം മിനിട്ടില്‍ കഴിഞ്ഞ മത്സരത്തിലെ ഗോള്‍സ്‌കോററായ ബൊളീവിയയുടെ സാവേദ്രയുടെ കിക്ക് ചിലി ഗോള്‍കീപ്പര്‍ ബ്രാവോ അനായാസം കൈയ്യിലൊതുക്കി.
തൊട്ടുപിന്നാലെ 36-ാം മിനിട്ടില്‍ ചിലിയ്ക്കായി രണ്ടാം ഗോള്‍ നേടാനുള്ള വര്‍ഗാസിന്റെ ശ്രമം പാളി. തുറന്ന അവസരമുണ്ടായിരുന്നിട്ടും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.
രണ്ടാം പകുതിയില്‍ ബൊളീവിയ ഉണര്‍ന്നു കളിക്കാനാരംഭിച്ചു. ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒരു ക്ലിനിക്കല്‍ ഫിനിഷറുടെ അഭാവം ടീമില്‍ പ്രകടമായിരുന്നു. 56-ാം മിനിട്ടില്‍ സാവേദ്രയുടെ ഗോളെന്നുറച്ച ഷോട്ട് ബ്രാവോ തട്ടിയകറ്റി. രണ്ടാം പകുതിയിലാണ് ബൊളീവിയ ആദ്യമായി ഒരു കോര്‍ണര്‍ കിക്ക് പോലും നേടിയെടുത്തത്.
രണ്ടാം പകുതിയില്‍ കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചത് ബൊളീവിയയാണ്. ചിലി പ്രതിരോധത്തിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. 76-ാം മിനിട്ടില്‍ ചിലിയുടെ മേനയ്ക്ക് മികച്ച ഒരവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ ലാംപെ അനായാസം കൈയ്യിലൊതുക്കി.
കളിയവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ ഇന്‍ജുറി ടൈമില്‍ ചിലിയുടെ വര്‍ഗാസ് വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. വൈകാതെ ടൂര്‍ണമെന്റിലെ ആദ്യ വിജയം ചിലി കൈപ്പിടിയില്‍ ഒതുക്കി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: Paraguay vs Bolivia Copa America 2021