കിരീടവുമായി അർജന്റീനാ ടീം | Photo: AFP
ഓരോ ഫൈനല്‍ കഴിയുമ്പോഴും തല ഒന്നു ഉയര്‍ത്താന്‍ പോലുമുള്ള ശക്തിയില്ലാത, ഗ്രൗണ്ടില്‍ തല താഴ്ത്തിയിരിക്കുന്ന, സഹതാരങ്ങളുടെ തോളോട് ചേര്‍ന്ന് കരയുന്ന, കണ്ണുനീര്‍ ജെഴ്‌സികൊണ്ട് തുടക്കുന്ന, കപ്പിലേക്ക് ആര്‍ത്തിയോടെ നോക്കുന്ന ലയണല്‍ മെസ്സിയുടെ ചിത്രങ്ങളെല്ലാം ഒരൊറ്റ മത്സരത്തിലൂടെ മാഞ്ഞുപോയിരിക്കുന്നു, പകരം സഹതാരങ്ങള്‍ തീര്‍ത്ത കളിത്തൊട്ടിലില്‍ കിടന്നാടുന്ന, സന്തോഷത്തോടെ എല്ലാവരേയും കെട്ടിപ്പിടിക്കുന്ന, കപ്പ് കൈയിലേന്തി അഭിമാനത്തോടെ നില്‍ക്കുന്ന മെസ്സിയുടെ ചിത്രം തെളിഞ്ഞിരിക്കുന്നു,
2014-ലെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ജര്‍മനിയോട് തോറ്റതു മുതല്‍ തുടങ്ങിയതാണ് മെസ്സിയും കപ്പും തമ്മിലുള്ള ഒളിച്ചുകളി. ക്ലബ്ബ് കരിയറില്‍ ബാഴ്‌സലോണയ്ക്കായി എല്ലാം വെട്ടിപ്പിടിക്കുമ്പോഴും ദേശീയ ജഴ്‌സിയിയില്‍ മെസ്സിയുടെ പ്രകടനം നിറം മങ്ങിക്കൊണ്ടേയിരുന്നു. 2014-ലെ ലോകകപ്പില്‍ മരിയോ ഗോഡ്‌സെ അധിക സമയത്ത് നേടിയ ഒരൊറ്റ ഗോളില്‍ അര്‍ജന്റീനയ്ക്ക് കിരീടം നഷ്ടപ്പെട്ടപ്പോഴുള്ള മെസ്സിയുടെ മുഖം ആര്‍ക്കും മറക്കാനാകില്ല. സമ്മാനദാനച്ചടങ്ങില്‍ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാന്‍ പോകുമ്പോള്‍ വിശ്വകിരീടത്തിലേക്ക് മെസ്സി തുറിച്ചുനോക്കുന്ന ചിത്രം ആരാധകരുടെ നെഞ്ചിലെ വിങ്ങലായിരുന്നു.
2015, 2016 കോപ്പ അമേരിക്കയിലും ഇതുതന്നെ സംഭവിച്ചു. 2015-ല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിന് ഒടുവില്‍ ചിലി 4-1ന് അര്‍ജന്റീനയെ തോല്‍പ്പിച്ച് കിരീടം ചൂടി. മൈതാന മധ്യത്തില്‍ അരയില്‍ കൈയും കുത്തി നിരാശയോടെ നില്‍ക്കാനേ അന്ന് മെസ്സിക്ക് കഴിഞ്ഞുള്ളു. 2016-ലും ഇതുതന്നെ ആവര്‍ത്തിച്ചു. മെസ്സി അടിച്ച പെനാല്‍റ്റി കിക്ക് പാഴായപ്പോള്‍ ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ തോല്‍വി 4-2ന് ആയിരുന്നു.
ഈ പരാജയത്തില്‍ മെസ്സിക്ക് പിടിച്ചുനില്‍ക്കാനായില്ല. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു എന്ന ഞെട്ടിക്കുന്ന തീരമാനമാണ് മെസ്സിയില്‍ നിന്ന് വന്നത്. തോല്‍വിയുടെ നിരാശയില്‍ നില്‍ക്കുന്ന ആരാധകര്‍ക്ക് ഈ തീരുമാനം ഇരുട്ടടി ആയി. എന്നാല്‍ പിന്നീട് മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചുവന്നു. അര്‍ജന്റീന ജഴ്‌സി അണിയാന്‍ തുടങ്ങി. ഒടുവില്‍ ആ വിരമിക്കില്‍ തീരുമാനം കഴിഞ്ഞ് അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ അതേ കോപ്പയില്‍ മധുരം നുണഞ്ഞു. എതിരാളികള്‍ ചിലിക്ക് പകരം ബ്രസീല്‍ ആയി എന്ന വ്യത്യാസം മാത്രം.
1993-ന് ശേഷം അര്‍ജന്റീന നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടം കൂടിയാണിത്. കളര്‍ ടിവി വന്നതിനുശേഷം കപ്പ് നേടിയിട്ടുണ്ടോ എന്ന പരിഹാസത്തിന് കൂടിയാണ് അര്‍ജന്റീന മാരക്കാനായില്‍ ആണിയടിച്ചത്.
Content Highlights: Lionel Messi wins first title with Argentina Copa America Football 2021