ലയണൽ മെസ്സി | Photo: twitter|copa america 2021
ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീന ഫൈനലിൽ എത്തിയതിനുപിന്നാലെ ബ്രസീൽ താരം നെയ്മറിന് മറുപടിയുമായി ലയണൽ മെസ്സി. ഫൈനലിൽ അർജന്റീനയെ എതിരാളികളായി കിട്ടണമെന്നും എന്നിട്ട് ഫൈനലിൽ വിജയിക്കണമെന്നുമുള്ള നെയ്മറിന്റെ കമന്റിനാണ് മെസ്സി മറുപടി നൽകിയത്. ഫൈനലിൽ എല്ലാവരും കളിക്കാൻ ഇറങ്ങുന്നത് വിജയിക്കാൻ വേണ്ടിയാണെന്നായിരുന്നു മെസ്സിയുടെ പ്രതികരണം. കൊളംബിയക്കെതിരായ സെമി ഫൈനലിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി.
'നെയ്മർ പറഞ്ഞത് ഞാൻ അറിഞ്ഞു. നല്ല കുട്ടി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഫൈനലിൽ എല്ലാവരും വിജയിക്കാൻ വേണ്ടിയാണ് ഇറങ്ങുന്നത്. ഞങ്ങളും വിജയിക്കാനാണ് ഇറങ്ങുന്നത്. കഴിഞ്ഞ കോപ്പ അമേരിക്കയിൽ പ്രയാസമുള്ള ഗ്രൂപ്പിൽ ആയിരുന്നു അർജന്റീന. എന്നിട്ടും പോസിറ്റീവ് ആയി കളിക്കാൻ കഴിഞ്ഞു. ഇത്തവണ ഫൈനലിലും എത്തി. എല്ലാ സമയത്തുള്ളതിനേക്കാളും ആവേശത്തിലാണ് ഈ ഫൈനലിനെ നോക്കി കാണുന്നത്.' മെസ്സി വ്യക്തമാക്കുന്നു. രാജ്യത്തിനായി എല്ലായ്പ്പോഴും തന്റെ എല്ലാം നൽകിയിട്ടുണ്ടെന്നും താൻ ഫോമിലാണോ അല്ലയോ എന്നതല്ല കാര്യമെന്നും മെസ്സി കൂട്ടിച്ചേർത്തു.
ഇതിന് മുമ്പ് 2007-ൽ ആണ് കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടിയത്. അന്ന് 3-0ത്തിന് വിജയിച്ച് ബ്രസീൽ കിരീടമുയർത്തിയിരുന്നു. 2004-ലെ കോപ്പ അമേരിക്ക ഫൈനലിലും ബ്രസീൽ അർജന്റീനയെ തോൽപ്പിച്ചിരുന്നു. മത്സരം 2-2ന് സമനില ആയതിനെ തുടർന്ന് 4-2ന് പെനാൽറ്റിയിലാണ് ബ്രസീൽ വിജയിച്ചത്.
Content Highlights: Lionel Messi Reacts After Argentina Win Copa America 2021 Semifinal