ലയണൽ മെസ്സിയും നെയ്മറും | Photo: twitter|copa america 2021
റിയോ: കോപ്പ കിരീടം ഇതുവരെ സ്വന്തമാക്കാന്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിക്കോ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്കോ സാധിച്ചിട്ടില്ല. ഇത്തവണ ഫൈനലില്‍ ഇരുടീമുകളും മുഖാമുഖം വന്നതോടെ സൂപ്പര്‍താരങ്ങളിലൊരാളുടെ കിരീടമോഹം പൂവണിയും.
അന്താരാഷ്ട്ര തലത്തില്‍ മെസ്സിക്ക് ഇതുവരെ കിരീടനേട്ടങ്ങളില്ല. 2007, 2015, 2016 വര്‍ഷങ്ങളില്‍ മെസ്സി കോപ്പ ഫൈനലില്‍ കളിച്ചെങ്കിലും ഫൈനലില്‍ അര്‍ജന്റീന തോറ്റുപോയി. 2014 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോടും അര്‍ജന്റീന കീഴടങ്ങി. ഇത്തവണ മെസ്സിക്ക് കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ്.
ഒരുഗോള്‍കൂടി നേടിയാല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയ്‌ക്കൊപ്പമെത്താനും മെസ്സിക്കാവും. കരിയറില്‍ പെലെയ്ക്ക് 77 ഗോളും മെസ്സിക്ക് 76 ഗോളുമാണുള്ളത്. നിലവില്‍ നാല് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ കൂടിയാണ് മെസ്സി.
കഴിഞ്ഞവര്‍ഷം ബ്രസീല്‍ കോപ്പയില്‍ കിരീടം തിരിച്ചുപിടിച്ചപ്പോള്‍ നെയ്മര്‍ ടീമിലുണ്ടായിരുന്നില്ല. പരിക്ക് കാരണം സൂപ്പര്‍താരം ടീമിന് പുറത്തായിരുന്നു. നെയ്മറുടെ കരിയറില്‍ അന്താരാഷ്ട്ര കിരീടമായി 2013-ലെ കോണ്‍ഫെഡറേഷന്‍ കപ്പ് വിജയവുമുണ്ട്. 110 കളിയില്‍ നിന്ന് ബ്രസീലിനായി 68 ഗോളുകളും താരം നേടിയിട്ടുണ്ട്.
അവസാന അഞ്ച് പോരാട്ടങ്ങള്‍
1995
ബ്രസീല്‍ [2] അര്‍ജന്റീന [2]
(ഷൂട്ടൗട്ട് 2-4)
ക്വാര്‍ട്ടര്‍ഫൈനലിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. നിശ്ചിത സമയത്ത് 2-2 ന് തുല്യതയായതോടെ ഷൂട്ടൗട്ടില്‍ വിജയം അര്‍ജന്റീനയ്‌ക്കൊപ്പം നിന്നു.
1999
ബ്രസീല്‍ [2] അര്‍ജന്റീന [1]
ബ്രസീലും അര്‍ജന്റീനയും ക്വാര്‍ട്ടര്‍ഫൈനലില്‍ മുഖാമുഖം. റൊണാള്‍ഡോയും റിവാള്‍ഡോയും ബ്രസീലിനായും പാബ്ലോ സോറിന്‍ അര്‍ജന്റീനയ്ക്കായും സ്‌കോര്‍ ചെയ്തു
2004
ബ്രസീല്‍ [2] അര്‍ജന്റീന [2]
(ഷൂട്ടൗട്ട് 4-2)
ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയെ ഷൂട്ടൗട്ടില്‍ കീഴടക്കി ബ്രസീല്‍ കപ്പുയര്‍ത്തി. നിശ്ചിത സമയത്ത് 2-2 ന് തുല്യതയായി.
2007
ബ്രസീല്‍ [3] അര്‍ജന്റീന [0]
വീണ്ടുമൊരു കിരീടപോരാട്ടം. ജൂലിയോ ബാപ്റ്റിസ്റ്റ, ഡാനി ആല്‍വ്സ് എന്നിവര്‍ ബ്രസീലിനായി ഗോള്‍ നേടി. അര്‍ജന്റീനയുടെ റോബര്‍ട്ടോ അയാളയുടെ സെല്‍ഫ് ഗോള്‍ കൂടിയായപ്പോള്‍ ബ്രസീലിന് മികച്ച ജയം
2019
ബ്രസീല്‍ [2] അര്‍ജന്റീന [0]
കഴിഞ്ഞതവണ സെമിയിലാണ് ഇരുടീമുകളും എറ്റുമുട്ടിയത്. ഗബ്രിയേല്‍ ജെസ്യൂസ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ ബ്രസീലിനായി ഗോള്‍ നേടി.
Content Highlights: Lionel Messi Neymar to battle in dream Copa America final for 1st title