കോപ്പ അമേരിക്കയിൽ ഇക്വഡോറിനെതിരാ ഗോൾനേട്ടം എയ്ഞ്ചൽ ഡി മരിയയ്‌ക്കൊപ്പം ആഘോഷിക്കുന്ന ലയണൽ മെസ്സി | Photo: Reuters
വീർപ്പുമുട്ടലുകളിൽ നിന്ന് ആരവങ്ങളിലേക്കുള്ള ഒരു പന്തിന്റെ യാത്രയാണ് ലയണൽ മെസ്സിയുടെ ഓരോ ഫ്രീകിക്ക് ഗോളുകളും. ചിലപ്പോഴത് ഇലകൊഴിയും പോലെ ശാന്തമായിരിക്കും. മറ്റുചിലപ്പോൾ വേഗവും വന്യതയുമുണ്ടാകും. മുമ്പെപ്പഴോ അടയാളപ്പെടുത്തപ്പെട്ട വഴികളിലൂടെ തെറ്റാതെ സഞ്ചരിച്ച് വലയിലേക്ക് കയറുമ്പോൾ കാലം കൈവീശിക്കാണിക്കും. കൈകളുയർത്തി നന്ദിപറഞ്ഞ് മെസ്സി തിരിഞ്ഞുനടക്കും. അടുത്തതിലേക്കുള്ള യാത്രയുടെ ആരംഭം.
ഫുട്ബോളിന്റെ ചരിത്രത്തിൽ അർജന്റീനക്കാരൻ മെസ്സിയുടേതായി രേഖപ്പെടുത്തിയ 58-ാമത്തെ ഡയറക്ട് ഫ്രീകിക്ക് ഗോളിനാണ് കോപ്പ അമേരിക്ക ഞായറാഴ്ച രാവിലെ സാക്ഷിയായത്. ഇക്വഡോറിന്റെ വാതിൽ തുറന്ന് മെസ്സിയുടെ ഇടങ്കാലൻ കിക്ക് വലയിലെത്തി. ഇക്കുറി കോപ്പയിലെ രണ്ടാം ഫ്രീകിക്ക് ഗോൾ. ആദ്യത്തേക്ക് ചിലിക്കെതിരേ.
കളിമികവിന്റെ പാരമ്യത്തിലുള്ളവർ ബൂട്ടുകെട്ടിയാടിയ യൂറോകപ്പ്, സെമിയിലേക്ക് കടക്കുമ്പോഴും അവിടെയൊരു ഫ്രീകിക്ക് ഗോൾ ഇതുവരെ പിറന്നിട്ടില്ല. മനോഹരമായ ഒട്ടേറെ ഗോളുകൾകണ്ട ടൂർണമെന്റ് ഫ്രീകിക്ക് ഗോളിനായി മെസ്സിയെ മോഹിക്കുന്നുണ്ടാകും.
ഒരേ ആംഗിളിൽ ഇടത്തോട്ടും വലത്തോടും ഒരുപോലെ വളഞ്ഞിറക്കാൻ കഴിയുന്ന മികവ്. ഉയർത്തിവിട്ടും നിലംപാറ്റിയും ഗോളിലെത്തിക്കാനുള്ള ചിന്തകൾ. മെസ്സിയുടെ ഓരോ ഫ്രീകിക്ക് ഗോളിനും അതിന്റേതായ വ്യക്തിത്വമുണ്ട്. ഒരിക്കൽ ഫ്രീകിക്കിന്റെ ചില രഹസ്യങ്ങൾ താരംതന്നെ പങ്കുവെച്ചിട്ടുണ്ട്. കളിക്കുമുമ്പ് എതിർ ഗോളിയെപ്പറ്റി പഠിക്കുന്നതും ഫുട്ബോളിലെ പ്രശസ്തരായ ഫ്രീകിക്ക് വിദഗ്ധരുടെ കിക്കുകളെ അറിയാൻ ശ്രമിക്കുന്നതുമൊക്കെ അതിൽവരും. എന്തായാലും ഒരുകാര്യം ഉറപ്പാണ്. കൃത്യമായ ഗണിതസൂത്രവാക്യങ്ങൾ കിക്കിന് തൊട്ടുമുന്നിലെ ആ ചിന്തകളിൽ തെളിയുന്നുണ്ട്. ബൂട്ട് പന്തിനെ തഴുകുന്നതുമുതൽ പോസ്റ്റിലേക്ക് എത്തുന്നതുവരെ, വേഗത്തിനും താളത്തിനും കൃത്യമായ കണക്കുണ്ട്.
2008 ഒക്ടോബർ നാലിന് നൗകാമ്പിൽ അത്ലറ്റിക്കോ മഡ്രിഡിനെതിരായ മത്സരം. തിങ്ങിനിറഞ്ഞ 75,000-ത്തോളം കാണികളുടെ മുന്നിൽ, ഒമ്പതാം മിനിറ്റിലാണ് മെസ്സി കരിയറിലെ ആദ്യ ഫ്രീകിക്ക് ഗോൾ നേടിയത്. പിന്നീട് ആ ഇടംകാലിൽനിന്ന് 57 ഫ്രീകിക്ക് ഗോളുകൾകൂടി പിറന്നു. ഇതിൽ 50 എണ്ണം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്കുവേണ്ടി. എട്ടെണ്ണം അർജന്റീനയ്ക്കായി. 2012 സെപ്റ്റംബർ എട്ടിന് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പാരഗ്വായ്ക്കെതിരേയാണ് രാജ്യത്തിനായി ആദ്യ ഫ്രീകിക്ക് ഗോൾ നേടിയത്. 77 ഫ്രീകിക്ക് ഗോളുകളുമായി ബ്രസീലിന്റെ ജൂനീന്യോയാണ് പട്ടികയിൽ മുന്നിൽ. ഇതിഹാസങ്ങളായ പെലെ (70), മാറഡോണ (62) എന്നിവരും മുന്നിലുണ്ട്.